'കൂടിപ്പിരിഞ്ഞ്' കോർപറേഷൻ കൗൺസിൽ യോഗം
text_fieldsതൃശൂർ: കോടതി ഉത്തരവിനെ തുടർന്ന് മാസ്റ്റർപ്ലാൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക കോർപറേഷൻ കൗൺസിൽ യോഗം തീരുമാനമെടുക്കാതെ മേയർ പിരിച്ചുവിട്ടു. ഒരു മാസ്റ്റർപ്ലാൻ നിലവിലിരിക്കേ അതു റദ്ദാക്കാൻ അധികാരമില്ലെന്ന വാദമുയർത്തിയാണ് നടപടി.
ജനാധിപത്യവിരുദ്ധ നടപടിയാണിതെന്നും ഇക്കാര്യത്തിൽ വോട്ടിങ് വേണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളിയാണ് യോഗം പിരിച്ചു വിട്ടത്. വാഹനത്തിൽ കയറിയ മേയറെ ഏറെ നേരം കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ തടഞ്ഞുവെച്ചു. പിന്നീട് കാറിൽനിന്നിറങ്ങി കാൽനടയായി ആരോഗ്യവകുപ്പിന്റെ വാഹനത്തിൽ കയറി ഓഫിസിനു പുറത്തുപോയി. ഭാര്യാമാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു വാഹനം തടഞ്ഞത്.
കൗൺസിൽ യോഗം കാൽ മണിക്കൂർ വൈകിയാണ് തുടങ്ങിയത്. കോൺഗ്രസും ബി.ജെ.പിയും മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടതോടെ ഭരണപക്ഷം ന്യൂനപക്ഷമായി. ഇതിനെ തന്ത്രപരമായി നേരിട്ട ഭരണപക്ഷം കഴിഞ്ഞദിവസം അമൃത് പദ്ധതിയനുസരിച്ചുള്ള മാസ്റ്റർപ്ലാൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് കൗൺസിലിലും ആവർത്തിച്ചു. വിഷയം ചർച്ച ചെയ്യാനല്ലാതെ തീരുമാനമെടുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്ന വാദവുമായിട്ടായിരുന്നു ഭരണപക്ഷ ചർച്ച.
അടിമുടി ക്രമക്കേടു കാട്ടിയാണ് പഴയ മാസ്റ്റർപ്ലാൻ സർക്കാരിനെകൊണ്ട് അംഗീകരിപ്പിച്ചതെന്ന് പ്രതിപക്ഷം വാദിച്ചു. കോൺഗ്രസ് വനിത കൗൺസിലർമാർ ഒരേ നിറത്തിലുള്ള സാരിയും ബ്ലൗസുമണിഞ്ഞായിരുന്നു യോഗത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.