മാമ്പുള്ളിയിലെ പകൽ വീട് അടഞ്ഞുതന്നെ; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കെട്ടിടം നോക്കുകുത്തി
text_fieldsകാഞ്ഞാണി: വയോധികർക്കായി മണലൂർ പഞ്ചായത്തിലെ മാമ്പുള്ളിയിൽ മൂന്നുവർഷം മുമ്പ് നിർമിച്ച പകൽ വീട് ഉദ്ഘാടനത്തിന് ശേഷം അടച്ചു. വയോധികർക്ക് വിശ്രമിക്കാനും ഇവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ആറുലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്.
2020 ഫെബ്രുവരി 25നാണ് അംഗൻവാടിക്ക് സമീപം നിർമാണം പൂർത്തീകരിച്ചത്. കോളനിയിലെ കുട്ടികൾ കളിച്ചിരുന്ന സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. വയോധികർക്ക് ഉപകരിക്കുന്നതുകൊണ്ടാണ് കളിസ്ഥലം വിട്ടുകൊടുക്കാൻ കോളനിക്കാൻ തയാറായത്. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനത്തിനുശേഷം പിന്നെ അടച്ചു.
ആരോഗ്യ വകുപ്പിന്റെ എന്തെങ്കിലും പരിശോധന ക്യാമ്പോ യോഗമോ നടത്താൻ വേണ്ടി വല്ലപ്പോഴും തുറക്കും. ഗ്രാമവാസികളുടെ എന്തെങ്കിലും പരിപാടിക്ക് പോലും കെട്ടിടം വിട്ടുനൽകാൻ ബന്ധപ്പെട്ടവർ തയാറല്ല. ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കെട്ടിടം നോക്കുകുത്തിയായതിൽ ഗ്രാമവാസികൾ അമർഷത്തിലാണ്. അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് തുറക്കാൻ നടപടി കൈക്കെള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.