ഇടപാട് രേഖകൾ ഇ.ഡിയുടെ പക്കൽ; വിഷയമാക്കാൻ സി.പി.എം
text_fieldsതൃശൂർ: സഹകരണ ബാങ്കുകളിൽ നിന്ന് ഫയലുകൾ കൊണ്ടുപോയ ഇ.ഡി നടപടി ഇടപാടുകാരെ വലക്കുന്നതായി ആക്ഷേപം. കള്ളപ്പണ ഇടപാട് അന്വേഷണ ഭാഗമായി കരുവന്നൂർ, തൃശൂർ, അയ്യന്തോൾ ബാങ്കുകളിൽനിന്ന് ആയിരക്കണക്കിന് ഫയലുകളാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്.
കമ്പ്യൂട്ടർവത്കരിച്ചിട്ടുള്ളതിനാൽ ഇടപാട് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കാനും ഷെയർ ചെയ്യാനും കഴിയും. പകരം രേഖകൾ കൊണ്ടുപോയതോടെ പണയം വെച്ച സ്വർണമെടുക്കാനും വായ്പ പൂർണമായി തിരിച്ചടക്കാനുമെത്തുന്നവർക്ക് യഥാർഥ രേഖകൾ കൈമാറാനാകുന്നില്ലെന്ന് ബാങ്കുകാർ പറയുന്നു. രേഖകൾ ഇ.ഡി കൊണ്ടുപോയത് ഇടപാടുകാരെ വലക്കുന്നതാണെന്ന് തൃശൂർ സഹകരണ ജോയന്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസും പറഞ്ഞു.
ഇ.ഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിൽനിന്നും ചോദ്യം ചെയ്ത ചിലരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂർ, അയ്യന്തോൾ ബാങ്കുകളിൽ പരിശോധന നടന്നതും ഫയലുകൾ കൊണ്ടുപോയതും. അതേസമയം സംശയകരമായ ഇടപാടുകളുടെ വിവരങ്ങളും ഫയലുകളുമാണ് എടുത്തതെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.
അതേസമയം പി.ആർ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് വ്യക്തമായ സൂചനയാണെന്നാണ് സി.പി.എം വിലയിരുത്തൽ. അരവിന്ദാക്ഷൻ മാത്രമല്ലെന്നും കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്നുമാണ് ഇ.ഡി കോടതിയെ രേഖാമൂലം അറിയിച്ചിട്ടുള്ളത്. ഇ.ഡിയുടെ തുടർ നടപടി എം.കെ. കണ്ണനേയും എ.സി. മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ടീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. ആരോപണം നേരിടുന്നവർക്കൊപ്പമാണ് പാർട്ടിയെന്ന ആക്ഷേപവും നേരിടേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സഹകാരി പദയാത്രകൾക്ക് പകരമായി രാഷ്ട്രീയ വിശദീകരണ ജാഥകളും വീട് കയറി ബോധവത്കരണ പരിപാടികളും ആലോചിച്ചിട്ടുണ്ട്. നടപടികൾ രാഷ്ടീയ വേട്ടയെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി പ്രവർത്തകരും അനുഭാവികളും വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിൽ ബാങ്കുകളിൽനിന്നും ഇ.ഡി ഇടപാടുകാരുടെ രേഖകൾ കൊണ്ടുപോയത് ആയുധമാക്കാൻ സി.പി.എം ആലോചിക്കുന്നുണ്ട്.
അക്കൗണ്ട് വിവരങ്ങളിലെ മറുപടി പാളി, അരവിന്ദാക്ഷന് പിടിവീണു
തൃശൂര്‍: കരുവന്നൂര്‍ കേസിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആര്. അരവിന്ദാക്ഷൻ നേതാവിന്റെ ബിനാമിയെന്ന നിഗമനത്തിൽ ഇ.ഡി. കള്ളപ്പണ കേസിലെ ഒന്നും രണ്ടും പ്രതികളായ പി. സതീഷ് കുമാറില്‍നിന്നും പി.പി. കിരണില്‍നിന്നും അരവിന്ദാക്ഷന് കോടികൾ കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം മാത്രമായ അരവിന്ദാക്ഷന് ഇത്രയധികം തുക എന്തിന് നൽകിയെന്നതാണ് ഇ.ഡി അന്വേഷിക്കുന്നത്. മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ നേതാവിന് വേണ്ടിയാണ് പണം ഏല്പിച്ചതെന്നാണ് സംശയം.
മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തനും മുന്‍ ഡ്രൈവറുമാണ് അരവിന്ദാക്ഷന്. സ്റ്റേറ്റ് ബാങ്കില്‍ ഒരു അക്കൗണ്ട് മാത്രമേയുള്ളൂവെന്നാണ് അരവിന്ദാക്ഷന് ഇ.ഡിക്ക് ആദ്യം മൊഴി നല്‍കിയത്. എന്നാൽ, അരവിന്ദാക്ഷന്റെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവും സി.പി.എം നിയന്ത്രണത്തിലുള്ള പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലും ധനലക്ഷ്മി ബാങ്കിലും അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി കണ്ടെത്തി.
ഈ അക്കൗണ്ടുകളില്‍ ഒന്നാം പ്രതി സതീഷ് കുമാര്‍ വന്‍ തുക നിക്ഷേപിച്ചിരുന്നതായും കൂടാതെ പണമായും വന്‍ തുകകൾ കൈമാറിയിരുന്നുവെന്നുമാണ് പറയുന്നത്. അരവിന്ദാക്ഷന്റെ ഗള്‍ഫ് യാത്ര വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പണം കടത്തലായിരുന്നോ യാത്രയുടെ ലക്ഷ്യമെന്നാണ് സംശയം.
അരവിന്ദാക്ഷനും വടക്കാഞ്ചേരിയിലെ മറ്റൊരു കൗണ്‍സിലറായ മധുവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് രണ്ടാം പ്രതി പി.പി. കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയ 25 കോടിയിൽ 14 കോടി സതീഷ്കുമാറിന് കൈമാറിയെന്ന് സാക്ഷിമൊഴികളുണ്ട്. ചോദ്യംചെയ്യാൻ വിളിപ്പിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന് സതീഷ്കുമാറുമായും അരവിന്ദാക്ഷനുമായും വർഷങ്ങൾ പഴക്കമുള്ള ബന്ധമുണ്ട്. ഇടപാടുകളിലെ കണ്ണികൾ കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ് ഇ.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.