ഗോൾഡൻ മാർക്കറ്റ് ഉദ്ഘാടനം നാളെ
text_fieldsതൃശൂർ: നഗരത്തിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഒരുക്കിയ ഗോൾഡൻ മാർക്കറ്റിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ആദ്യ ഘട്ടത്തിൽ എം.ഒ സ്റ്റാൻഡ് മുതല്‍ ശക്തന് നഗർ വരെയുള്ള വഴിയോര കച്ചവടക്കാരെയാണ് ഗോൾഡൻ മാർക്കറ്റിലേക്ക് മാറ്റുന്നത്. ഇവർ വഴിയോരങ്ങളിൽ ഒരുക്കിയിരുന്ന ടെൻറും മറ്റ് സാധനങ്ങളുമൊക്കെ അഴിച്ചെടുത്ത് ഗോൾഡൻ മാർക്കറ്റിലേക്ക് മാറി. രണ്ട് ദിവസങ്ങളിലായി പൂർണമായും ഒഴിഞ്ഞ് പുതിയ കേന്ദ്രത്തിൽ സജ്ജമാവാനാണ് നിർദേശം.
220 പേരാണ് പുതിയ മാർക്കറ്റിലേക്ക് മാറ്റാൻ തയാറാക്കിയ പട്ടികയിൽ ഇടം നേടിയത്. വ്യാഴാഴ്ച മുതൽ ഈ മേഖലയെ റെഡ്സോണ്‍ ആയി പ്രഖ്യാപിച്ചതായി മേയർ അറിയിച്ചു. പുതിയ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാൻ വിവിധ കലാസാംസ്കാരിക പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാകും. ഞായറാഴ്ച മന്ത്രി കെ. രാജൻ ഗോൾഡൻ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിന്റെ തലേദിവസമാണ് പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ, വെള്ളവും വെളിച്ചവുമടക്കം സൗകര്യങ്ങളുമൊരുക്കാതെയുള്ള പുനരധിവാസ കേന്ദ്രത്തിനെതിരെ അന്ന് തന്നെ വിമർശനമുയർന്നിരുന്നു.
പിന്നീട് വന്ന ഇടതുമുന്നണി ഭരണസമിതി കൂടുതൽ സൗകര്യങ്ങളൊരുക്കിയെങ്കിലും മാറ്റം പിന്നെയും പ്രതിസന്ധിയിലായി. ഇപ്പോൾ ഏറെ ചർച്ചകൾക്കും കൂടുതൽ സൗകര്യങ്ങളുമൊരുക്കിയാണ് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത്. മാർക്കറ്റിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയർ പറഞ്ഞു. അതേസമയം, വർഷങ്ങളായി വ്യാപാരം നടത്തുന്ന നിരവധി വഴിയോരക്കച്ചവടക്കാർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന ആക്ഷേപമുണ്ട്. വ്യാഴാഴ്ച മുതൽ മേഖലയിൽ വഴിയോരക്കച്ചവടം വിലക്കുമ്പോൾ പുതിയ മാർക്കറ്റിൽ പ്രവേശനവുമില്ലാത്ത ഈ ആളുകൾ എന്ത് ചെയ്യുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവർ പ്രതിഷേധമുയർത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.