തിരുവത്ര എ.സി. ഹനീഫ വധം: 'സി.പി.എമ്മിനോ, മുഖ്യമന്ത്രിക്കോ നട്ടെല്ലുണ്ടങ്കിൽ എന്നെ പ്രതിചേർക്കൂ'; എൻ.കെ. അക്ബർ എം.എൽ.എക്ക് മറുപടിയുമായി സി.എ. ഗോപ പ്രതാപൻ
text_fieldsചാവക്കാട്: ചാവക്കാട് കവല പ്രസംഗം നടത്തുന്നത് പോലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഇരുന്ന് വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ നട്ടാൽ മുളക്കാത്ത ആരോപണം ഉന്നയിക്കലല്ല വേണ്ടതെന്ന പ്രതികരണവുമായി കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപ പ്രതാപൻ. ഫേസ്ബുക്കിലൂടെയാണ് എൻ.കെ. അക്ബർ എം.എൽ.എയുടെ നിയമസഭാ പ്രസംഗത്തിനു ഹനീഫ വധക്കേസിൽ ആരോപണ വിധേയനായ ഗോപ പ്രതാപൻ മറുപടി നൽകിയത്.
പുന്ന നൗഷാദ് കൊലപാതക കേസ്സിലെ അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള പ്രതികളെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസംഗത്തെ എതിർത്ത് സംസാരിക്കുമ്പോൾ എൻ.കെ. അക്ബർ എ.സി. ഹനീഫയുടെ കൊലപാതകത്തെയും കോൺഗ്രസ് ബന്ധവും ഉദ്ധരിച്ചാണ് തിരിച്ചടിച്ചത്. ഇതിനുള്ള പ്രതികരണമായാണ് ഗോപ പ്രതാപന്റെ കുറിപ്പ്. സി.പി.എം ഭരണകാലത്ത് തന്നെ ഐ.പി.എസ് റാങ്കിലുള്ള മൂന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് ക്രൈം ബ്രാഞ്ച് അന്വേഷണസംഘമാണ് ഹനീഫ കേസ് അന്വേഷിച്ചത്.
പൊലീസിന്റെ കൈയിലുള്ള ആധുനികമായ എല്ലാ ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചു അന്വേഷിച്ചിട്ടും തന്നെ പ്രതിയാക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി 13 ദിവസം എന്നെ ചോദ്യം ചെയ്തു, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് ടെസ്റ്റും നടത്തി, എന്നിട്ടും ഒരു തെളിവും ലഭിച്ചില്ല. നിങ്ങളുടെ പ്രസ്ഥാനത്തിനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന നിങ്ങളുടെ മുഖ്യമന്ത്രിക്കോ നട്ടെല്ലുണ്ടങ്കിൽ ഹനീഫ കൊലപാതക കേസ്സിൽ എന്നെ പ്രതിചേർക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ബഹുമാന്യനായ ഗുരുവായൂർ MLA N K അക്‌ബർ അവർകളുടെ ശ്രദ്ധക്ക്....
താങ്കൾ കഴിഞ്ഞ ദിവസം നിയമസഭയിൽ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവർകൾ പുന്ന നൗഷാദ് കൊലപാതക കേസ്സിലെഅറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള പ്രതികളെ കുറിച്ച് പറഞ്ഞപ്പോൾ താങ്കൾ അതിനെ പ്രതിരോധിച്ചത് 2015 ഓഗസ്റ്റ് 7ന് നടന്ന എ സി ഹനീഫയുടെ കൊലപാതകത്തെ ഉദ്ധരിച്ചായിരുന്നു. കഴിഞ്ഞ നിയമസഭയിൽ താങ്കൾ പറഞ്ഞത് ഹനീഫ കൊലപാതത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആയ എനിക്ക് പങ്കുണ്ടെന്നും.. ഹനീഫയുടെ മാതാവ് ഉന്നയിച്ച ആക്ഷേപം അന്വേഷിച്ചില്ല എന്നുമാണ്...
പ്രിയപ്പെട്ട.....അക്ബറേ തന്റെ പാർട്ടി പ്രതിനിധാനം ചെയ്യുന്ന സർക്കാരെല്ലേ കേരളം ഭരിച്ചത്. ഈ 6വർഷവും ആഭ്യന്തരമന്ത്രി പിണറായി വിജയൻ അല്ലെ.. ഈ പിണറായി വിജയനും കൊടിയരിബാലകൃഷ്ണനും ഹനീഫയുടെ വീട്ടിൽ ആക്കാലത്തു സന്ദർശനം നടത്തിയിട്ടു പറഞ്ഞില്ലേ ഞങ്ങളുടെ ഭരണം വന്നാൽ ഗോപപ്രതാപനെ അറസ്റ്റ് ചെയ്യുമെന്ന്. നിങ്ങളുടെ ഭരണകാലത്തെല്ലേ IPS റാങ്കിലുള്ള 3 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുന്ന് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ഹനീഫ കേസ്സ് അന്വേഷിച്ചത്.
പ്രിയപ്പെട്ട അക്ബറേ ... നിങ്ങളുടെ പോലീസിന്റെ കൈയിലുള്ള ആധുനികമായ എല്ലാ ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചു അന്വേഷിച്ചിട്ടും എന്നെ പ്രതിയാക്കാൻ കഴിഞ്ഞില്ല.തുടർച്ചയായി 13ദിവസം എന്നെ ചോദ്യം ചെയ്തു പോളിഗ്രാഫ്, നർക്കോ അനാലിസിസ് ടെസ്റ്റും നടത്തി എന്നിട്ടും ഒരു തെളിവും ലഭിച്ചില്ല . കോൺഗ്രസ്സ് പാർട്ടിയിൽ ചിലപ്പോഴൊക്കെ ചില ചെറ്റകളും ചില യൂദാസുകളും ഉണ്ടാവാറുണ്ട്.. ആ ചെറ്റകളായ യൂദാസുകളും SDPI ക്കാരും താങ്കൾ ഉൾപ്പെടെയുള്ള ഏരിയ കമ്മിറ്റിയും ഹനീഫയുടെ വീട്ടുമുറ്റത്ത് നാട്ടിയ മരണ പന്തലിൽ ഇരുന്ന് കൊണ്ട് നിങ്ങൾ സംയുക്തമായി നടത്തിയ ഗൂഡലോചനയാണ് എനിക്കെതിരെയുള്ള ആരോപണം. ആരോപണത്തിൽ ഞാൻ തളരുകയോ ഭയക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ത്രിവർണ്ണ പതാകയുമേന്തി നിങ്ങൾക്ക് മുമ്പിൽ ഞാൻ ഇപ്പോഴും പൊതുപ്രവർത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ 28വർഷമായി എന്നെ വ്യക്തിപരമായും രാഷ്ട്രീയപരമായും നിങ്ങൾ എന്നെ വേട്ടയാടുന്നു. എന്റെ സഹോദരനെ കൊലപെടുത്തിയിട്ടും, എന്നോടുള്ള പക നിങ്ങൾക്ക് തീർന്നിട്ടില്ല. ഇപ്പോഴും നിങ്ങൾ എന്നെ വേട്ടയാടികൊണ്ടിരിക്കുന്നു. നിങ്ങൾക്ക് എതിരെയുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു നിങ്ങൾക്കെതിരെ രാഷ്ട്രീയമായി പ്രവർത്തിക്കുമ്പോൾ അവരെ വേട്ടയാടുന്നത് നിങ്ങളുടെ പതിവ് രാഷ്ട്രീയ ശൈലിയാണ്.നിങ്ങളുടെ പ്രസ്ഥാനത്തിനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന നിങ്ങളുടെ മുഖ്യമന്ത്രിക്കോ നട്ടെല്ലുണ്ടങ്കിൽ ഹനീഫ കൊലപാതക കേസ്സിൽ എന്നെ പ്രതിചേർക്കാൻ ഞാൻ വെല്ലുവിളിക്കുന്നു . അല്ലാതെ ചാവക്കാട് കവല പ്രസംഗം നടത്തുന്നത് പോലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഇരുന്ന് വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ അവിടെയിരുന്ന് എനിക്കെതിരെ നട്ടാൽ മുളക്കാത്ത ആരോപണം ഉന്നയിക്കലല്ല. അതിന് താങ്കൾക്ക് അല്പമെങ്കിലും ഉളുപ്പ് വേണം. താങ്കൾ ഉളുപ്പില്ലായിമയുടെ പര്യായമായി മാറരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.