എവിടെ കുടിവെള്ളം ?
text_fieldsചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ രാമന്‍കുളം കുടിവെള്ള വിതരണ പദ്ധതി ഇഴയുന്നുവെന്ന് ആക്ഷേപം. പഞ്ചായത്തിലെ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന വാര്‍ഡുകളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ ആരംഭിച്ച പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.
രണ്ടര വര്‍ഷം മുമ്പ് ആഘോഷപൂർവം പണിയാരംഭിച്ച പദ്ധതിയാണിത്. എന്നാൽ, പൈപ്പിടല്‍ മാത്രമാണ് ഭാഗികമായി പൂര്‍ത്തിയായത്. ചെന്ത്രാപ്പിന്നി അലുവത്തെരുവിലെ കുളത്തില്‍ നിർമിക്കുന്ന കിണറിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല.
അഞ്ച് മീറ്ററോളം വ്യാസമുള്ള കിണറാണ് നിർമിക്കുന്നത്. മഴയുടെ പേരില്‍ നിര്‍ത്തിവെച്ച പണി പുനരാരംഭിച്ചിട്ടില്ല. കിണര്‍ കൂടാതെ പമ്പ് ഹൗസും പ്രഷര്‍ ഫില്‍റ്ററും മോട്ടോര്‍ പമ്പ് സെറ്റും സ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെയൊന്നും പ്രാരംഭ പ്രവര്‍ത്തനംപോലും ആയിട്ടില്ല.
കിണര്‍ നിര്‍മിക്കാൻ കൂറ്റൻ മോട്ടോറുപയോഗിച്ച് മണ്ണ് ഊറ്റിയതിനെ തുടര്‍ന്ന് പരിസരത്തെ പറമ്പുകള്‍ കുളത്തിലേക്ക് ഇടിഞ്ഞുവീണിരുന്നു. ഇതിനും പരിഹാരമായി വരുന്നതേയുള്ളൂ. ഇ.ടി. ടൈസണ്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 72 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
വാട്ടര്‍ അതോറിറ്റിക്കാണ് നിർമാണച്ചുമതല. മൂന്നര കിലോമീറ്റോളം ദൂരത്തില്‍ 90 എം.എം പൈപ്പും അര കിലോമീറ്ററോളം 110 എം.എം പൈപ്പും സ്ഥാപിച്ച് പൊതു ടാപ്പുകളിലൂടെ കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി.
വാട്ടര്‍ അതോറിറ്റിയുടെ നിരുത്തരവാദപരമായ സമീപനമാണ് പദ്ധതി വൈകുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിൽ ജനപ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. പദ്ധതി എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് നിർദേശം നല്‍കിയതായി എം.എൽ.എ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.