കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സതീഷ് കുമാറിനെതിരെ പരാതിയുമായി വീട്ടമ്മ
text_fieldsതൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ പണം തട്ടിപ്പിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വെളപ്പായ സ്വദേശിനി സിന്ധുവാണ് വായ്പയെടുപ്പിച്ച് ചതിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. 18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചെന്നാണ് പരാതി. വായ്പയെടുത്ത് കൈയില്‍ കിട്ടിയ 11 ലക്ഷം സതീഷ് ബലമായി പിടിച്ചുവാങ്ങിയെന്നും രേഖകള്‍ തട്ടിയെടുത്തെന്നും സിന്ധു പറഞ്ഞു.
ജില്ല സഹകരണ ബാങ്കിന്റെ മുണ്ടൂർ ശാഖയിൽനിന്നും 18 ലക്ഷം വായ്പയെടുത്തിരുന്നു. അസുഖത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഭര്‍ത്താവിന്റെ സുഹൃത്ത് വഴിയാണ് സതീഷിന്റെ അടുത്ത് ചെന്നുപെട്ടത്. വായ്പ ഏറ്റെടുക്കാമെന്ന് പറഞ്ഞു. ടേക്ക് ഓവര്‍ ചെയ്യുമ്പോള്‍ ബ്ലാക്ക് ചെക്കിലൊക്കെ ഇയാള്‍ ഒപ്പിട്ടുവാങ്ങിച്ചെന്ന് സിന്ധു പറയുന്നു. 19 ലക്ഷം മുടക്കി ആധാരം എടുത്ത സതീഷ് അത് ജില്ല സഹകരണ ബാങ്കിന്റെ പെരിങ്ങണ്ടൂര്‍ ശാഖയില്‍ 35 ലക്ഷത്തിന് മറിച്ചുവെച്ചു.
11 ലക്ഷം ബാങ്ക് സിന്ധുവിന്റെ പേരില്‍ നല്കി. ബാങ്കില്‍നിന്നും പുറത്തിറങ്ങും മുമ്പ് സതീഷ്കുമാർ ഇത് ബലമായി പിടിച്ചുപറിച്ചെന്ന് സിന്ധു പറയുന്നു. സ്വത്ത് വിറ്റ് ആധാരം തിരികെയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മറന്നേക്കെന്ന് സതീഷ്കുമാർ ഭീഷണിപ്പെടുത്തിയെന്നും സിന്ധു വെളിപ്പെടുത്തി. ഇപ്പോള്‍ 70 ലക്ഷം രൂപ കുടിശ്ശികയായി അടക്കാനുണ്ട്. ബുധനാഴ്ച വീട്ടില്‍നിന്ന് ഇറക്കിവിടുമെന്നാണ് പറയുന്നത്.
സതീഷ് കുമാർ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്ന് സിന്ധു പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
നേരത്തേ, കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇവിടെ പരിശോധന നടത്തി ഇടപാട് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.