വൻ തുക വാങ്ങി നേതാക്കൾ ചതിച്ചു; പരാതിയുമായി പത്മജ വേണുഗോപാൽ
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്നും തന്നിൽനിന്ന് വൻ തുക വാങ്ങി ജില്ലയിലെ നേതാക്കൾ ചതിച്ചുവെന്നും തൃശൂർ നിയോജക മണ്ഡലം സ്ഥാനാർഥിയായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ. കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമീഷന് മുമ്പാകെയാണ് പത്മജ പരാതി ഉന്നയിച്ചത്. തൃശൂരിലെ തോൽവി പഠിക്കാൻ വീണ്ടും കമീഷനെ നിയോഗിച്ചിരിക്കെ പത്മജയുടെ പരാതിയുമായി ബന്ധപ്പെട്ടും ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവിയിലും എട്ട് നേതാക്കൾക്ക് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി.
സംസ്ഥാനത്ത് 97 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കൂട്ടത്തിൽ ജില്ലയിൽ ഒരു പാർലമെൻറ് അംഗം, മുൻ ഡി.സി.സി പ്രസിഡൻറ്, നാല് കെ.പി.സി.സി സെക്രട്ടറിമാർ, രണ്ട് ജില്ല ജനറൽ സെക്രട്ടറിമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പത്മജയുടെ പരാതിയിലാണ് പാർലമെൻറ് അംഗത്തിനും മുൻ ഡി.സി.സി പ്രസിഡൻറിനും കെ.പി.സി.സി സെക്രട്ടറിക്കും നോട്ടീസ്. രണ്ടിടങ്ങളിലെ സ്ഥാനാർഥികളുടെ പരാതിയിലാണ് മൂന്ന് കെ.പി.സി.സി സെക്രട്ടറിമാർക്കും രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാർക്കും നോട്ടീസ്. പാർലമെൻറ് അംഗവും ഒരു ജില്ല ജനറൽ സെക്രട്ടറിയും ഒഴികെയുള്ളവർ ഐ ഗ്രൂപ്പുകാരും രമേശ് ചെന്നിത്തലയോട് അടുപ്പമുള്ളവരുമാണ്.
2016ലെ തോൽവിക്കുശേഷവും അഞ്ചുവർഷം തൃശൂരിൽ തന്നെ തുടർന്ന തനിക്ക് ഇടതുപക്ഷ വോട്ടുകൾ വരെ ലഭിച്ചപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം കൈവിട്ടെന്നും അതിന് ഏതാനും നേതാക്കൾ കൂട്ടുനിന്നുവെന്നും പത്മജ അന്വേഷണ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി വൻ തുക തെൻറ പക്കൽനിന്ന് വാങ്ങി ചതിക്കുകയും ചെയ്തു. പ്രിയങ്കയുടെ റോഡ് ഷോയിൽ അവർക്കൊപ്പം വാഹനത്തിൽ തന്നെ കയറ്റിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.