അപൂർവ പഞ്ചവാദ്യ അവതരണത്തിന് വേദിയായി പാറമേക്കാവ് നട
text_fieldsതൃശൂർ: ഏഴ് ഇടക്ക വാദകർ അണിനിരന്ന അപൂർവ പഞ്ചവാദ്യം അരങ്ങേറി പാറമേക്കാവ് ക്ഷേത്ര നട. പാറമേക്കാവ് വാദ്യവിദ്യാലയമായ കലാക്ഷേത്രത്തിൽ ഇടക്കയിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഏഴ് ഇടക്കകളെ അണിനിരത്തിയുള്ള അപൂർവ പഞ്ചവാദ്യം. റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ശ്രീരാമൻ, സോഫ്റ്റ് വെയർ എൻജിനീയർ നിഥിൻ, യുറേക്ക ഫോർബ്സ് കമ്പനിയിലെ ടെക്നിക്കൽ വിഭാഗം മേധാവിയായ വിഷ്ണു, നിയമ വിദ്യാർഥി ശ്യാം, ഐ.ടി പ്രഫഷനൽ സഞ്ജയ്, വിദ്യാർഥികളായ ഹരി ഗോവിന്ദ്, അതുൽ എന്നിവരാണ് വെള്ളിയാഴ്ച ഇടക്കയിൽ അരങ്ങേറ്റം നടത്തിയത്.
പഞ്ചവാദ്യത്തിലെ മൂന്നാം കാലം മുതലായിരുന്നു വാദ്യം. മൂന്നാം കാലം, ഇടകാലം, മുറുകിയ ഇടകാലം, തൃപുട എന്നീ ഭാഗങ്ങളാണ് അരങ്ങേറ്റത്തിൽ അവതരിപ്പിച്ചത്. 35 പേരടങ്ങുന്ന പഞ്ചവാദ്യ സംഘത്തിൽ തിമിലയിൽ ഗുരുവായൂർ ഹരി വാര്യരും മദ്ദളത്തിന് പനങ്ങാട്ടുകര പുരുഷോത്തമനും താളത്തിന് തോന്നൂർക്കര ശിവനും കൊമ്പിന് കിഴക്കുംപാട്ടുകര കുട്ടനും നേതൃത്വം നൽകി.
ഏഴ് ഇടക്കകൾക്കും അരങ്ങേറ്റ പഞ്ചവാദ്യത്തിൽ തുല്യപ്രാധാന്യമാണ് നൽകിയത്. ഇതാദ്യമായാണ് ഏഴ് ഇടക്ക ഉൾപ്പെടുത്തിയുള്ള പഞ്ചവാദ്യം അവതരിപ്പിക്കുന്നതെന്ന് ഇടക്ക അഭ്യസിപ്പിച്ച തിരുവമ്പാടി വിനോദ് പറഞ്ഞു. സാധാരണ പഞ്ചവാദ്യത്തിൽ ഒരു ഇടക്കയേ ഉപയോഗിക്കാറുള്ളൂ. തൃശൂർ പൂരത്തിലെ മഠത്തിലെ വരവിന്‍റെ പഞ്ചവാദ്യത്തിന് പരമാവധി അഞ്ച് ഇടക്കയാണ് ഉണ്ടാകാറുള്ളതെന്നും വിനോദ് പറഞ്ഞു. പാറമേക്കാവ് കലാക്ഷേത്രത്തിൽ രണ്ടരവർഷമായി ഇവർ ഇടക്ക അഭ്യസിക്കുന്നു. കരിങ്കല്ലിൽ പുളിമുട്ടികൊണ്ട് കൊട്ടിപ്പഠിച്ചാണ് തുടക്കം. കയ്യത്തായ് എന്ന മരത്തിന്‍റെ കട്ടയിൽ കോലുപയോഗിച്ച് കൊട്ടിയാണ് ഇടക്കയിലേക്ക് ഇവർ പരിശീലനം നടത്തിയത്. 15 മുതൽ 60 വയസ്സ് വരെയുള്ളവർ ഈ ഇടക്ക അരങ്ങേറ്റ സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.