പദ്ധതി വിഹിത വിനിയോഗം: പാതിപോലും എത്താതെ ജില്ല
text_fieldsതൃശൂർ: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേ തൃശൂർ ജില്ലയുടെ പദ്ധതി വിഹിത വിനിയോഗം അമ്പത് ശതമാനം പോലുമായില്ല. 42.84 ശതമാനമാണ് വിനിയോഗം. ജില്ല പഞ്ചായത്ത് പദ്ധതി വിഹിത വിനിയോഗം 42.90 ശതമാനം മാത്രവും. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ മറവിൽ ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ചർച്ചയാക്കാതിരിക്കാൻ ശ്രമിക്കുകയാണ്. വികസന ഫണ്ടിന്റെയും മെയിന്റനൻസ് ഗ്രാന്റിന്റെയും രണ്ട് ഗഡു മാത്രമാണ് സർക്കാർ അനുവദിച്ചത്. ജൂലൈയിൽ അനുവദിക്കേണ്ടത് അനുവദിച്ചത് നവംബറിലാണ്. അവശ്യ കാര്യങ്ങൾക്കുള്ള തുകയൊഴിച്ച് ബാക്കി 50,000 രൂപക്ക് മുകളിലുള്ള ചെക്കുകൾ മാറി ലഭിക്കാത്തതിനാൽ കരാറുകാർ നിർമാണ പ്രവർത്തനങ്ങളിൽനിന്നും മാറി നിൽക്കുകയാണ്.
അതുകൊണ്ട് തന്നെ ജില്ല പഞ്ചായത്തിന്റെ പദ്ധതി ചെലവ് കേവലം 42.90 ശതമാനം മാത്രമാണ്. ഇപ്പോൾ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ജില്ല. ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രമാണെങ്കിലും രണ്ട് അവധി ദിനങ്ങൾ കൂടി വരുന്നതിനാൽ ഒരാഴ്ച മാത്രമാണ് ലഭിക്കുക. ഇനിയും മൂന്നാം ഗഡു സർക്കാർ അനുവദിച്ചിട്ടില്ല.
കഴിഞ്ഞ വർഷം മാർച്ച് മാസം 29നാണ് അനുവദിച്ചത്. ഇനി അനുവദിച്ചാൽ തന്നെ അവധികളും സർക്കാർ ട്രഷറി നിയന്ത്രണവും മൂലം കാര്യമായ തുക ചിലവഴിക്കാൻ സാധിക്കില്ല. പെരുമാറ്റം നിലവിലുള്ളതിനാൽ എഗ്രിമെന്റ് വെക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ 10 ശതമാനം തുകമാത്രമേ ഇനി ചിവഴിക്കാൻ സാധിക്കുകയുള്ളു.
ഫണ്ട് നൽകി എന്ന് കാണിച്ച് എന്നാൽ ചിലവഴിക്കാതെ തിരിച്ച് സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് എത്തിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം. സ്വഭാവികമായും പൂർത്തീകരിക്കാത്ത പദ്ധതികളുടെ തുക സ്പിൽ ഓവറായി മാറും. സാധാരണ സ്പിൽ ഓവറിന്റെ 20 ശതമാനം തുക മാത്രമാണ് സർക്കാർ അടുത്ത സാമ്പത്തിക വർഷം അനുവദിക്കാറുള്ളു.
പദ്ധതി ചെലവും 20 ശതമാനം സ്പിൽ ഓവറും തുകയും കഴിച്ച് ജില്ലാ പഞ്ചായത്തിന്റെ ഈ വർഷത്തെ വികസന ഫണ്ടായ 81.95 കോടിയുടെ 30 ശതമാനമായ ഏകദേശം 25 കോടി നഷ്ടമാകും. ഇതിനുപുറമേ മെയ്ന്റൻസ് ഗ്രാന്റിലെ ചിലവഴിക്കാത്ത തുകയും പട്ടികജാതി/പട്ടികവർഗ പദ്ധതിയിലെ ചിലവഴിക്കാത്ത തുകക്ക് സമാനമായ തുക അടുത്ത വർഷത്തെ ജനറൽ ഫണ്ടിൽ നിന്നും കുറവ് ചെയ്യുമ്പോൾ നഷ്ടം ഇനിയും വർധിക്കും.
സമാനമായ രീതിയിൽ ജില്ലയിലെ16 ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണവും 86 പഞ്ചായത്തുകളിൽ 28 എണ്ണവും ഏഴ് നഗരസഭകളിൽ രണ്ടെണ്ണവും മാത്രമാണ് അമ്പത് ശതമാനത്തിൽ കൂടുതൽ പദ്ധതി തുക ലവഴിച്ചത്. തൃശൂർ കോർപറേഷൻ കേവലം 30.25 ശതമാനം മാത്രമാണ് ചിലവഴിച്ചത്. കോർപറേഷനുകളുടെ പട്ടികയിൽ അവസാന സ്ഥാനമാണ്.
കണക്കുകൾ വെച്ച് കോർപറേഷന്റെ 77.36 കോടി വികസനഫണ്ടിൽ ഏകദേശം 28 കോടിയുടെ നഷ്ടം സംഭവിക്കും. അത്തരത്തിൽ ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളെ ആകമാനം നോക്കിയാൽ വികസന രംഗത്ത് കോടികളുടെ നഷ്ടമാണ് ജില്ലക്കുണ്ടാകുക. മേഖല തിരിച്ചു നോക്കിയാൽ മാത്രമാണ് നഷ്ടത്തിന്റെ ആഘാതം ശരിയായി മനസിലാക്കാൻ കഴിയുകയുള്ളു.
ഇനി ഇതിൽനിന്ന് കരകയറണമെങ്കിൽ സർക്കാർ അടുത്ത വർഷം സ്പിൽ ഓവർ തുക പൂർണമായും അനുവദിക്കണം. അത്തരത്തിൽ ചെയ്യാറില്ല എന്ന് മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങൾ മൂലം അടുത്ത സാമ്പത്തിക വർഷം നിലവിൽ ഈ വർഷം ലഭിച്ച ഫണ്ടിൽ നിന്നും കുറവ് ലഭിക്കാനേ സാധ്യതയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.