തൃശൂരിൽ വ്യാപക കൃഷിനാശം, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല
text_fieldsതൃശൂർ: ജില്ലയിൽ ഒഴിയാതെ മഴക്കെടുതി. മഴ ശക്തമായി തുടരുന്നില്ലെങ്കിലും ഒഴുക്കിൽപ്പെട്ട് റിട്ട. അധ്യാപകൻ മരിച്ചത് അടക്കം കെടുതി രൂക്ഷമാണ്. പനമ്പിള്ളി തോട്ടിൽ ഒഴുക്കിൽപ്പെട്ട കുണ്ടുകാട് സ്വദേശി ജോസഫിേൻറത് കെടുതി മരണത്തിൽ ആദ്യത്തേതാണ്. വിവിധ ഭാഗങ്ങളിൽ നിരവധി വീടുകൾ തകർന്നിട്ടുമുണ്ട്. കോടികളുടെ കൃഷിനാശമാണ് സംഭവിച്ചത്.
നഷ്ട പരിഹാരം തേടി കോൾകർഷകർ ഇറിഗേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരവും നടത്തി. ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും പുഴകളിലെ ജലനിരപ്പ് ഉയർന്നതും മൂലം ഉണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അത്രതന്നെ കുടുംബങ്ങൾ ബന്ധു വീടുകളിൽ അഭയം തേടിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിഞ്ഞിട്ടില്ല. പുത്തൂർ അടക്കം ജില്ലയുടെ മലമേഖലകളിൽ കനത്ത ജാഗ്രത തുടരുകയാണ്. മണലി, കരുവന്നൂർ, കനോലി കനാൽ, കുറുമാലി പുഴകളെല്ലാം തന്നെ പല സ്ഥലങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയോരവാസികളുടെ സംരക്ഷണത്തിനും ദുരന്ത നിവാരണ വിഭാഗം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. തീരം ശാന്തമായത് അനുകൂല ഘടകമാണ്.
ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ നിർദേശം ലഭിച്ച പഞ്ചായത്തുകൾ സജ്ജമായിരിക്കണമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. ക്യാമ്പുകളിൽ വസ്ത്രം, കുടിവെള്ളം എന്നിവ ഉറപ്പാക്കണം. കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
എല്ലാ ക്യാമ്പുകളിലും സമ്പർക്ക വിലക്കുള്ളവർക്ക് പ്രത്യേക മുറികൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ക്യാമ്പുകളുടെ പൊതു ചുമതല ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾക്ക് നൽകി. റവന്യൂ ഉദ്യോഗസ്ഥൻ, പഞ്ചായത്ത് പ്രതിനിധി, ഒരു പൊലീസ് നോഡൽ ഓഫിസർ എന്നിവരെ ഓരോ ക്യാമ്പിലും വിന്യസിച്ചിട്ടുണ്ട്ജലനിരപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ മൂന്നു ഡാമുകൾ റെഡ് അലർട്ടിലായി. പീച്ചി, ചിമ്മിനി, പെരിങ്ങൽക്കുത്ത് ഡാമുകൾക്കാണ് റെഡ് അലർട്ട് നൽകിയത്. പീച്ചി ഡാം ഷട്ടർ 16 ഇഞ്ചായാണ് ഉയർത്തിയത്. ചിമ്മിനി ഡാം ഞായറാഴ്ച പത്ത് സെൻറീ മീറ്ററാണ് ഉയർത്തിയിരുന്നത്. അത് തിങ്കളാഴ്ച 13 സെൻറീ മീറ്ററാക്കി.കേരള ഷോളയാർ ഡാം ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
ഇതോടെ ചലക്കുടി പുഴയിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നു. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്നത്. പീച്ചി ഡാമിെൻറ സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി കെ. രാജെൻറ നേതൃത്വത്തിൽ യോഗം ചേർന്നു. മന്ത്രി ആർ. ബിന്ദു, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, ജില്ല കലക്ടർ ഹരിത വി. കുമാർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വനമേഖലയിൽ മഴ ശക്തം; ഷോളയാർ അണക്കെട്ട് തുറന്നു
ചാലക്കുടി: വനമേഖലയിലെ കനത്ത മഴയെ തുടർന്ന് ഷോളയാർ ഡാം തുറന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കേരള ഷോളയാർ തുറന്നത്. മൂന്നാം നമ്പർ ഗേറ്റ് ഒരടിയോളമാണ് ഉയർത്തിയത്. ഇതോടെ സെക്കൻഡിൽ 3500 ഘനയടി ജലമാണ് ഷോളയാറിൽനിന്ന് പെരിങ്ങൽക്കുത്തിലേക്ക് ഒഴുകിയെത്തുന്നത്. രണ്ട് വർഷം മുമ്പാണ് ഇതിന് മുമ്പ് ഷോളയാർ തുറന്നത്.
കഴിഞ്ഞ രാത്രി സാമാന്യം ശക്തമായ മഴയാണ് വനമേഖലയിലുണ്ടായത്. അതോടെ തമിഴ്നാട് ഷോളയാറിലെ ജലനിരപ്പ് 3291.09 അടിയിലേക്ക് ഉയർന്നു. തുടർന്ന് അവിടെനിന്ന് പറമ്പിക്കുളത്തേക്ക് വെള്ളം എത്തി. തിങ്കളാഴ്ച രാവിലെ പറമ്പിക്കുളത്ത് 1824.3 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. കേരള ഷോളയാറിൽ ജലനിരപ്പ് 2662.7 അടിയായതോടെ തുറക്കുകയായിരുന്നു. മഴക്ക് ഒപ്പം ഷോളയാറും തുറന്നതോടെ പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് 420.65 മീറ്റർ ആയി ഉയർന്നു. പറമ്പിക്കുളത്തുനിന്നുള്ള വെള്ളവും പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്ക് എത്തുന്നുണ്ട്. സെക്കൻഡിൽ 4000 ഘനയടി വെള്ളം പറമ്പിക്കുളത്തുനിന്നും തുറന്നുവിടുന്നുണ്ട്. പെരിങ്ങലിലെ ഏഴ് സ്പിൽവേ ഷട്ടറുകളും ഒരു സ്ലൂയിസ് വാൽവും വഴി ഈ വെള്ളവും ചാലക്കുടിപ്പുഴയിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ആശങ്കപ്പെട്ടത് പോലെ എവിടെയും വെള്ളം കയറിയിട്ടില്ല. ആറങ്ങാലി സ്റ്റേഷനിൽ വൈകീട്ട് 6.30ന് 4.75 മീറ്ററാണ് ജലനിരപ്പ്. ഏഴ് മീറ്ററിന് മുകളിൽ എത്തിയാൽ മാത്രമേ മുന്നറിയിപ്പ് ഘട്ടത്തിൽ ആവൂ. അതിനാൽ ചാല
നെൽകൃഷി നാശം വ്യാപകം
തൃശൂർ: കാലംതെറ്റിയ മഴയിൽ ജില്ലയിൽ വ്യാപക നെൽകൃഷി നാശം. 10,000 ഏക്കർ വരുന്ന കോൾപടവിൽ മുണ്ടകൻ കൃഷി പണികൾ പുരോഗമിക്കവെയാണ് കനത്ത മഴ എല്ലാം കടപുഴക്കിയത്. വിത കഴിഞ്ഞ 5000 ഏക്കർ കൃഷിയും വെള്ളത്തിലായി. പണി പകുതിയിലധികം കഴിഞ്ഞ ബാക്കി 5000 ഏക്കറിലെ തുടർ നടപടികളും അവതാളത്തിലായി.
ഒരു കർഷകന് ചുരുങ്ങിയത് 15,000 രൂപയാണ് നഷ്ടമായത്. ഇതു മൂന്നാം തവണയാണ് മഴ കൃഷിയെ ബാധിക്കുന്നത്. ആഗസ്റ്റിൽ തുടങ്ങുന്ന കാർഷിക വൃത്തിയിൽ കാലംതെറ്റിയ മഴ പ്രശന സങ്കീർണമാക്കുകയായിരുന്നു. ഇക്കുറി കാലവർഷത്തിൽ അതിതീവ്രമഴ ഉണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ആർത്തലക്കുകയായിരുന്നു. മാത്രമല്ല ജൂൺ, ജൂലൈയിലെ മഴ കമ്മിക്ക് പിന്നാലെ കാലവർഷത്തിലെ രണ്ടാം പാദത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലും മഴ കനക്കുകയാണ്. ഇത് കാർഷക കലണ്ടർ അടക്കം തെറ്റിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
ഏറെ പണിപ്പെട്ടാണ് പാടശേഖരത്തിൽ നിറഞ്ഞ വെള്ളം പെമ്പ് ചെയ്തു കളഞ്ഞത്. പിന്നാലെ ഞാറുപാകി നടീൽ കഴിഞ്ഞ 3000 മുതൽ 4000 ഏക്കറിലെ കൃഷിയും വെള്ളത്തിലായി. ഏഴുമുന, മതുകര, തെക്കുമപുറം, പൊണ്മുല, മണലൂർ, അന്തിക്കാട് മേഖലകളിലാണ് വൻ കൃഷിനാശം ഉണ്ടായത്.
മഴമൂലം ഇക്കുറി മുണ്ടകൻ കൃഷി തന്നെ മൂന്നു തവണ നടത്തേണ്ട ഗതികേടും കർഷകർക്കുണ്ടായി. കൃഷി വകുപ്പ് നൽകിയ ഉമ വിത്ത് മുളക്കാത്തതിനാൽ ആദ്യ വിത തന്നെ നടത്താനായില്ല. ഒരേക്കറിന് 40 കിലോ വിത്താണ് വേണ്ടത്. ഇതിന് 42 രൂപ നിരക്കിൽ 1600 രൂപയാണ് ആദ്യം കർഷകർക്ക് നഷ്ടമായത്. ആഗസ്റ്റ് ആദ്യത്തിലാണ് ഇതെങ്കിൽ തുടർന്ന് സെപ്റ്റംബറിൽ സ്വകാര്യ കമ്പനികളിൽ നിന്നും വിത്ത് വിാങ്ങി മുളപ്പിച്ച് കൃഷി നടത്തേണ്ടിയും വന്നു. തുടർന്ന് ലഭിച്ച് വിത്ത് വൈകാതെ വിതക്കാനായി മുളപ്പിച്ചത് ഉപയോഗിക്കാനാവാത്ത സാഹചര്യവുമുണ്ട്. 3000 ഏക്കറിൽ അധികം പാടശേഖരത്തിലേക്കുള്ള വിത്തുകളാണ് മുളപ്പിച്ചത്. വെള്ളം കളഞ്ഞ് കൃഷി നടത്താൻ ഇനിയും ദിവസങ്ങൾ ഏറെ വേണ്ടിവരുന്നതിനാൽ ഈ വിത്തുകളുടെ കാര്യത്തിലും തീരുമാനമാവും. കൃഷി വകുപ്പ് കനിഞ്ഞാൽ മാത്രമേ ഇനി കൃഷി ഇറക്കാനാവൂ എന്നാണ് കർഷകരുടെ നിലപാട്.
നെല്ല് സംഭരണം സുഗമമാക്കാൻ ഇടപെടൽ
തൃശൂർ: മഴക്കെടുതി മൂലം നെല്ല് സംഭരണത്തിൽ തടസ്സം വരാതിരിക്കാൻ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽകുമാറിെൻറ പ്രത്യേക നിർദേശ പ്രകാരം സപ്ലൈകോ പ്രതിനിധികൾ കേരള റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈനിൽ ചർച്ച നടത്തി. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സംഭരണം സുഗമമാക്കാനാണ് ചർച്ച നടത്തിയത്.
സപ്ലൈകോ സി.എം.ഡി അലി അസ്ഗർ പാഷയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഈർപ്പം കൂടുതലുള്ള നെല്ല് ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കണം. കർഷകരുടെ നഷ്ടം ലഘൂകരിക്കാൻ മില്ലുടമകൾ നടപടി സ്വീകരിക്കും. നെല്ല് സംഭരണം വേഗത്തിലാക്കാൻ കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും. സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്കരിക്കാനുള്ള ഗുണനിലവാര പരിശോധനക്ക് മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കാനുള്ള അനുമതിയും മില്ലുടമകൾക്ക് സപ്ലൈകോ നൽകും. നെല്ല്, അരി എന്നിവ സൂക്ഷിക്കാൻ കൂടുതൽ ഗോഡൗണുകൾ ആവശ്യമെങ്കിൽ അതിനുള്ള അനുമതിയും സപ്ലൈകോ നൽകുമെന്നും പ്രതിനിധികൾ അറിയിച്ചു. സപ്ലൈകോ ജനറൽ മാനേജർ ടി.പി. സലിം കുമാർ, മാനേജർ (പാഡി) ഇൻചാർജ് ബി. സുനിൽകുമാർ, കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കർണൻ, കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി വർക്കി പീറ്റർ എന്നിവർ സംബന്ധിച്ചു.
ജില്ലക്ക് 96 ശതമാനം അധിക മഴ
തൃശൂർ: ഏറെ വർഷത്തിന് ഇപ്പുറം ഒക്ടോബറിൽ ജില്ലക്ക് അധിക മഴ. ഈ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 96 ശതമാനം അധികമാണ് ലഭിച്ചത്. മുഴുവൻ ജില്ലകളിലും അധിക മഴയാണുള്ളത്. എന്നാൽ, അധിക മഴയിൽ പിന്നിൽനിന്ന് രണ്ടാം സ്ഥാനമാണ് ജില്ലക്കുള്ളത്. ആലപ്പുഴക്ക് (66) മുന്നിലാണ് ജില്ലയുള്ളത്. ബാക്കി 12 ജില്ലകളിലും മൂന്നക്കത്തിലാണ് അധികമഴ ശതമാന കണക്ക്. ഈമാസം ഒന്ന് മുതൽ 18 വരെ 212.3 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ ഇത്രയും ദിവസത്തിനുള്ളിൽ 417 മില്ലി മീറ്റർ മഴ ലഭിച്ച് കഴിഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെ മുതലുള്ള കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പെരിങ്ങൽക്കുത്തിലാണ്. 129.5 മില്ലി മീറ്റർ. ചാലക്കുടിയിൽ 112.5 ഇരിങ്ങാലക്കുടയിൽ 105.7മില്ലി മീറ്ററും കൊടുങ്ങല്ലൂരിൽ 98 മില്ലി മീറ്റർ മഴയും ലഭിച്ചു. കൊടുങ്ങല്ലുർ (98), ഏനമാക്കൽ (94.2), വടക്കാഞ്ചേരി (60), വെള്ളാനിക്കര (58) തുടങ്ങിയവയാണ് വിവിധ മാപിനികളിൽ രേഖെപ്പടുത്തിയ മഴ.
22 ദുരിതാശ്വാസ ക്യാമ്പുകളിൽ 138 കുടുംബങ്ങൾ
തൃശൂർ: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ സർവസജ്ജമായി ജില്ല ഭരണകൂടം. കൃത്യമായ മുന്നറിയിപ്പ് നൽകിയുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നത്. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ്, മഴ എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടികൾ സ്വീകരിച്ച് വരുകയാണ്. ഘട്ടം ഘട്ടമായി കൃത്യമായ മുന്നറിയിപ്പുകൾ നൽകിയാണ് ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നത്. ജില്ലതലത്തിലും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ നിലവിൽ 22 ക്യാമ്പുകളിലായി 138 കുടുംബങ്ങളാണുള്ളത്. ഇതിൽ 166 പുരുഷന്മാരും 208 സ്ത്രീകളും 86 കുട്ടികളുമുണ്ട്. മണ്ണിടിച്ചിൽ, വെള്ളം കയറൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ് ക്യാമ്പുകളിലെത്തിയത്. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.
കൂടുതൽ ക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാൻ എല്ലാ പഞ്ചായത്തുകളും സജ്ജമായിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ കൂടുതൽ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നസാധ്യത പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെൻറ് വഴി ജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പ് നൽകുന്നുണ്ട്. മഴ കുറയാത്ത സാഹചര്യത്തിൽ ജാഗ്രത തുടരാൻ കലക്ടർ ഹരിത വി. കുമാർ അറിയിച്ചു.
മുകുന്ദപുരം താലൂക്കിൽ 12 ക്യാമ്പുകൾ
തൃശൂർ: മുകുന്ദപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ. കല്ലൂർ, കാറളം വില്ലേജുകളിൽ തിങ്കളാഴ്ച തുടങ്ങിയ ക്യാമ്പുകൾ ഉൾപ്പെടെയാണ് 12 എണ്ണം പ്രവർത്തനം തുടരുന്നത്.
നെന്മണിക്കര വില്ലേജിലെ തലോർ ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ, വാർഡ് ആറിലുള്ള അംഗൻവാടി നമ്പർ -59, നെന്മണിക്കര ഗ്രാമപഞ്ചായത്തിന് അടുത്തുള്ള ലോഡ്ജ് എന്നീ മൂന്ന് ക്യാമ്പുകളും കാറളം വില്ലേജിലെ താണിശ്ശേരി എൽ.എഫ്.എൽ.പി.എസ്, എ.എൽ.പി.എസ് കാറളം എന്നീ രണ്ട് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
ഇത് കൂടാതെ തൃക്കൂർ വില്ലേജിലെ സർവോദയ എച്ച്.എസ്.എസ്, പൊറത്തിശ്ശേരി വില്ലേജിൽ കരുവന്നൂർ പ്രിയദർശിനി കമ്യൂണിറ്റി ഹാൾ, കൊട്ടനെല്ലൂരിലെ തുമ്പൂർ എസ്.എച്ച്.സി.എൽ.പി സ്കൂൾ, തൊറവൂരിൽ പുതുക്കാട് ജി.വി.എച്ച്.എസ്.എസ്, തൊട്ടിപ്പാൾ കെ.എസ്.യു.പി.എസ്, നെല്ലായി വില്ലേജിൽ ജെ.യു.പി.എസ് പന്തല്ലൂർ എന്നിവിടങ്ങളിലും ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 44 കുടുംബങ്ങളിൽ നിന്നായി 156 അംഗങ്ങളാണ് 12 ക്യാമ്പുകളിലായുള്ളത്.
ചേർപ്പിൽ 46 പേർ ക്യാമ്പിൽ
ചേർപ്പ്: മേഖലയിൽ തിങ്കളാഴ്ച മഴക്ക് നേരിയ ശമനമുണ്ടായി. ചേർപ്പ്, വല്ലച്ചിറ പഞ്ചായത്തുകളിൽ ഞായറാഴ്ച ഓരോ ക്യാമ്പ് ആരംഭിച്ചു. ചേർപ്പ് പഞ്ചായത്തിൽ മിത്രാനന്ദപുരം ഭാഗത്ത് വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയിൽ ആറ് കുടുംബങ്ങളിലെ കുട്ടികൾ അടക്കം 27 പേരെ ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.വല്ലച്ചിറ പഞ്ചായത്തിൽ പല്ലിശ്ശേരി എ.എൽ.പി സ്കൂളിൽ തുടങ്ങിയ ക്യാമ്പിലേക്ക് വടക്കുംപള്ളം ഭാഗത്ത് നിന്നുള്ള നാല് കുടുംബങ്ങളിലെ കുട്ടികൾ അടക്കം 19 പേരെ മാറ്റി.ഇവരുടെ വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയർന്നു തന്നെയാണ്. പുഴയോട് ചേർന്ന കൊക്കരിപള്ളം, കഴമ്പള്ളം, വടക്കുംപള്ളം, എട്ടുമന എന്നിവിടങ്ങളിൽ വീടുകൾ ഇപ്പോഴും ഭീഷണിയിലാണ്.ചിമ്മിനി ഡാമിെൻറ ഷട്ടറുകൾ വീണ്ടും ഉയർത്തിയാൽ ഈ ഭാഗങ്ങളിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് പറഞ്ഞു.
മണലി, കുറുമാലി പുഴകളിൽ ജലമുയരുന്നു; നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ആമ്പല്ലൂര്‍: മണലിപ്പുഴയില്‍ ജലനിരപ്പ് ഉയർന്ന് നെന്മണിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ പുലക്കാട്ടുക്കര, ചിറ്റിശ്ശേരി, മടവാക്കര, ചെറുവാള്‍, പാഴായി എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പഞ്ചായത്തില്‍ പുലക്കാട്ടുക്കര, പാഴായി എന്നിവിടങ്ങളില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 16 പേര് ക്യാമ്പുകളിലുണ്ട്. പാലിയേക്കരയില്‍ പ്രത്യേക മുറി സജ്ജമാക്കി വയോധികരായുള്ള ഏഴ് പേരെ അവിടേക്ക് മാറ്റിയതായി പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ബൈജു പറഞ്ഞു. 72 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി.
തൃക്കൂര് എരണ്ടത്ത് ജോര്‍ജിെൻറ ഓടിട്ട വീടിെൻറ മേല്‍ക്കൂരയുടെ ഒരുഭാഗം തകർന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃക്കൂര് പഞ്ചായത്തില്‍ കല്ലൂര്‍, പള്ളം, മതിക്കുന്ന്, കോനിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ 29ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പള്ളം പട്ടികജാതി കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് മോഹനന് തൊഴുക്കാട്ട് പറഞ്ഞു. തൃക്കൂര് സര്‍വോദയ സ്കൂള്‍, കല്ലൂര്‍ ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 52ഓളം പേരുണ്ട്. 16 വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറി. തൃക്കൂര് ഞെള്ളൂരില് മൂന്ന് ഏക്കര്‍ പാവല്‍ കൃഷി വെള്ളം കയറി നശിച്ചു. ചെറുറോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുക്കാട് ചെങ്ങാലൂര്‍ കുട്ടാടംപാടത്ത് വെള്ളം കയറി നൂറുകണക്കിന് വാഴകള്‍ നശിച്ചു.
മുരിയാട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ പൊട്ടുച്ചിറ പാടശേഖരത്തിലെ 35 ഏക്കറിലും ഊരോത്ത് പാടത്തെ 15 ഏക്കറിലും വെള്ളം കയറി. നടീലിനു തയാറായ ഞാറാണ് നശിച്ചത്. വേളൂക്കര പഞ്ചായത്തിലെ വട്ടത്തിച്ചിറ, പൊയ്യച്ചിറ പാടശേഖരങ്ങളിലും വെള്ളം കയറി. മുരിയാട് കായലിലെ മാടായിക്കോണം തെക്കേ കോള്‍ പാടശേഖരത്തിലെ 350 ഏക്കറോളം വരുന്ന പടവുകളിൽ മിക്കയിടത്തും വെള്ളം കയറി. ദിവസങ്ങളോളം മോട്ടോർ അടിച്ചു വെള്ളം കളഞ്ഞു നിലം ഒരുക്കിയാണ് ഇവിടെ വിത്തിട്ടത്. ഇനി 20 ദിവസമെങ്കിലും മോേട്ടാര്‍ അടിച്ചാല്‍ മാത്രമേ വെള്ളം വറ്റിക്കാന്‍ കഴിയൂ എന്നു കര്‍ഷകര്‍ പറഞ്ഞു. മഴയില്‍ കാക്കാത്തുരുത്തി ചെട്ടിയാല്‍ ഭാഗത്തെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളം കയറി ഞാറു നശിച്ച പാടശേഖരങ്ങളിലും വെള്ളം കൂടി. കെ.എൽ.ഡി.സി കനാലിൽ ജലനിരപ്പ് ഉയര്‍ന്നു. പോത്താനി കിഴക്കു ഭാഗത്തു പാടശേഖരങ്ങളില്‍ കൃഷി നശിച്ചു. ഇരിങ്ങാലക്കുട നഗരസഭ കുട്ടാടം പാടത്തും കൃഷി മുങ്ങി.
ചാലക്കുടി പുഴയോരവാസികൾ ആശങ്കയിൽ
മാള: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴയോരവാസികൾ ആശങ്കയിൽ. കാടുകുറ്റി, അന്നമനട, പാറക്കടവ്, കുഴൂർ, പുത്തൻവേലിക്കര, പാെയ്യ പഞ്ചായത്തുകളിലെ പുഴയോര നിവാസികളാണ് ആശങ്കയിലായത്. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലിന് ശേഷമാണ് ജലനിരപ്പ് ഉയർന്നത്. ഇതിനിടെ പുഴ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന അഭ്യൂഹവും പരന്നു. പുഴയുമായി ബന്ധിപ്പിച്ചുള്ള ഇടത്തോടുകൾ നിറഞ്ഞിട്ടുണ്ട്. ഈ ചാലുകൾ വഴിയാണ് വെള്ളം വീടുകളിൽ എത്തുക. അമിതമായി വെള്ളമുയർന്നാൽ നൂറുകണക്കിന് വീട്ടുകാരെ മാറ്റി പാർപ്പിക്കേണ്ടി വരും. ആവശ്യമെങ്കിൽ ആളുകളെ വിവിധ സ്കൂളുകളിലേക്ക് മാറ്റാനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ട്. മഴ മാറി നിൽക്കുന്നതും ജനങ്ങൾ ആശ്വാസമായി കാണുകയാണ്.
ജലനിരപ്പ് ഉയരുന്നത് തൈക്കൂടം തൂക്കുപാലത്തിന് ഭീഷണി
അന്നമനട: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നത് തൈക്കൂടം പാലത്തിനെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് ആശങ്ക. ജലത്തോട് മുട്ടി നിൽക്കുന്ന രീതിയിലാണ് പാലം. 2018ലെ പ്രളയത്തിൽ മരത്തടികൾ വന്നിടിച്ച് തൂക്കുപാലം തകർന്നിരുന്നു.സമീപത്തെ ലിങ്ക് റോഡിലൂടെ പുഴ ദിശ മാറിയൊഴുകി നൂറുകണക്കിന് വീടുകൾ തകർന്നിരുന്നു. സമാന സ്വഭാവത്തിൽ മരത്തടികൾ തടയുകയും പുഴ ദിശ മാറുകയും ചെയ്താൽ ദുരന്തം പ്രവചനാതീതമാവും. അപകടം മുൻനിർത്തി തൂക്കുപാലം പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും നിർമാണത്തിന് നടപടിയായിട്ടില്ല.
വാളൂർപാടത്ത് മഴക്കെടുതി രൂക്ഷം
അന്നമനട: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വാളൂർ പാടം നിവാസികൾ ദുരിതത്തിൽ. ഹെക്ടർ കണക്കിന് പാടശേഖരം വെള്ളക്കെട്ടിലായി. ഇതിന് നടുവിലൂടെയുള്ള വാളൂർ- വെസ്റ്റ് കൊരട്ടി റോഡിൽ വെള്ളം കയറി. സമീപത്തെ വീട്ടിൽ പകുതിയോളം വെള്ളം കയറി. താമസക്കാർ അടുത്ത വീട്ടിലേക്ക് മാറിയിട്ടുണ്ട്. പരിസരത്തെ അരഡസൻ വീടുകൾ ഭീഷണിയിലാണ്. കഴിഞ്ഞ പ്രളയത്തിൽ മുങ്ങിയ വീടുകളാണിത്. ഈ വീട്ടുകാരെ ശാശ്വതമായി മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് വരെ ഇവരെ മാറ്റിയിട്ടില്ല.
ഡാമുകൾ തുറക്കൽ: കൊടുങ്ങല്ലൂരിൽ ജാഗ്രത
കൊടുങ്ങല്ലൂർ: ജില്ലയിലും പുറത്തുമുള്ള അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂരിലെ തീരദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ. 2018ലെ പ്രളയം കാര്യമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ച താലൂക്കാണ് കൊടുങ്ങല്ലൂർ. കേരള ഷോളയാർ ഡാം തുറക്കുന്നത് ചാലക്കുടിപ്പുഴയിലെയും അതുവഴി കനോലി കനാൽ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെയും ജലനിരപ്പ് ഉയരാൻ ഇടയാക്കിയേക്കും. ഈ സാഹചര്യത്തിലാണ് കാഞ്ഞിരപ്പുഴക്ക് നടുവിലുള്ള വലിയ പണിക്കൻ തുരുത്ത് ദ്വീപ് ഉൾപ്പെടെയുള്ള തീരദേശത്തോട് ചേർന്ന് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് സന്ദേശം നൽകിയത്.
പെരിയാറിെൻറ കൈവഴിയായതിനാൽ തെക്കൻ ജില്ലകളിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരുന്നത് മൂലം കാഞ്ഞിരപ്പുഴയിലും കനോലി കനാലിലും ജലവിതാനം ഉയരാൻ സാധ്യതയുണ്ട്. ഇത് കഴിഞ്ഞ പ്രളയകാലത്ത് പ്രകടമായതാണ്. നാലു ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട വലിയ പണിക്കൻ തുരുത്ത് എന്ന വി.പി തുരുത്ത് പ്രളയഭീഷണി നേരിടുന്ന പ്രദേശമാണ്. 2004ലെ സൂനാമിയിലും 2018ലെ പ്രളയത്തിലും തുരുത്തിലെ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയിരുന്നു.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ വി.പി തുരുത്ത് സന്ദർശിച്ചു. നഗരസഭ പ്രദേശത്ത് നിലവിൽ ആശങ്കക്കിടയില്ലെന്നും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൻ പറഞ്ഞു. കഴിഞ്ഞ പ്രളയ കാലങ്ങളിൽ വെള്ളം കയറിയ ഇടങ്ങളിൽ ഉള്ളവർ ജാഗ്രതയോടെ ഇരിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാൻ സന്നദ്ധ പ്രവർത്തകർ തയാറാകണമെന്നും അധികൃതർ നിർദേശം നൽകി. കനോലി കനാൽ കരകവിഞ്ഞതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തിങ്കളാഴ്ച രാവിലെ മുതൽ മഴ കുറഞ്ഞെങ്കിലും കനോലി കനാലിൽ വെള്ളമുയരുന്നുണ്ട്.
എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തിലെ വെള്ളക്കെട്ട് പ്രദേശത്ത് താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നിലവിൽ 26 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.