ബാലാവകാശ കമീഷൻ നിർദേശം നടപ്പായില്ല; ശുദ്ധജല പരിശോധനയില്ലാതെ സ്കൂളുകൾ
text_fieldsതൃശൂർ: മഹാമാരികൾ പടരുന്ന മഴക്കാലത്ത് കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കാതെ വിദ്യാലയങ്ങൾ. അധ്യയന വർഷം തുടങ്ങും മുമ്പ് സ്കൂളുകളിലെ കുടിവെള്ള സാമ്പിൾ ശേഖരിച്ച് കെമിക്കൽ എക്സാമിനറുടെ ലബോറട്ടറി മുഖേന പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിർദേശമാണ് സ്കൂളുകൾ കാറ്റിൽ പറത്തുന്നത്. ഏറെ വിദ്യാലയങ്ങളും സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല. 2017 ജനുവരി മൂന്നിനാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അധ്യയന വർഷം തുടങ്ങുംമുമ്പ് സ്കൂളുകളിലെ കുടിവെള്ളം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ-ഭക്ഷ്യസുരക്ഷ അധികൃതരോട് നിർദേശിച്ചത്. മലപ്പുറം തിരൂർക്കാട് സ്വദേശി ഷഹീർ ചിങ്ങത്ത് സമർപ്പിച്ച ഹരജിയിൽ മലപ്പുറം വിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യസുരക്ഷ കമീഷണർ എന്നിവർ എതിർകക്ഷികളായിരുന്നു. പകർച്ചവ്യാധികൾ പടരുന്ന സമയത്ത് മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്നെന്നായിരുന്നു പരാതി.
മുൻ വർഷങ്ങളിൽ പല സ്കൂളുകളിലെയും കുടിവെള്ളം പരിശോധിച്ചതിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം തെളിഞ്ഞിരുന്നു. പാചകക്കാരുടെ ഹെൽത്ത് ഫിറ്റ്നസ്, അടുക്കള, പരിസരം എന്നിവ നിരീക്ഷിക്കപ്പെടുന്നില്ലെന്ന് തുടർന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഈ അധ്യയന വർഷം അത്തരത്തിൽ പരിശോധനകളൊന്നും നടന്നിട്ടില്ല. സ്കൂളുകൾ തുടങ്ങുന്നതിന് മുമ്പേ വൃത്തിയാക്കലുകൾ നടന്നിരുന്നു. അതോടൊപ്പം കിണർ സൗകര്യമുള്ള സ്കൂളുകളിൽ ക്ലോറിനേഷൻ നടത്തിയിരുന്നെങ്കിലും ജലപരിശോധന പല സ്കൂളുകളും നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.