ഗോപിയാശാനെ കണ്ട് നിറചിരിയോടെ ഗോപിയാശാൻ
text_fieldsതൃശൂര്‍: സ്മരണകളിരമ്പുന്ന വേദിയിൽ കലാമണ്ഡലം ഗോപിയുടെ ചിത്രം കണ്ട് ‘ഗോപിയാശാൻ’ നിറഞ്ഞു ചിരിച്ചു. കേരള കലാമണ്ഡലം ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ 1992ല്‍ നടന്ന ഉദ്ഘാടനത്തിന്റെ ചിത്രമാണ് ഗോപിയാശാനെ തൊട്ടുണര്‍ത്തിയത്. മുന്‍ രാഷ്ട്രപതിമാരായ ശങ്കര്‍ദയാല്‍ ശര്‍മ, കെ.ആര്. നാരായണന്, മുന്‍ മുഖ്യമന്ത്രി ഇ.എം.എസ്, പണ്ഡിറ്റ് രവിശങ്കര്‍, കെ.പി. ഉണ്ണികൃഷ്ണന്, എം.എ. ബേബി എന്നിവരും കഥകളിവേഷത്തില്‍ ഗോപിയാശാനും നില്ക്കുന്ന ചിത്രമാണ് കൗതുകമായത്.
സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരളയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താചിത്ര പ്രദര്‍ശനം സാഹിത്യഅക്കാദമിയില്‍ ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് ഗോപിയാശാന്. ഇതൊരു ചരിത്രമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ദൈവതുല്യരാണെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രമെടുത്ത പി. മുസ്തഫ അപൂര്‍വ ചിത്രം ഗോപിയാശാന് സമ്മാനിച്ചു.
60 ചിത്രകാരന്മാരുടെ 74 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കെ. കരുണാകരന്, ഇ.എം.എസ്, സി. അച്യുതമേനോന് തുടങ്ങിയവരുടെ അപൂര്‍വ ഭാവങ്ങളും ‘ബ്രില്യന്റ് ഫ്ലാഷസ്’ എന്ന പേരിലുള്ള പ്രദര്‍ശനത്തിലുണ്ട്. ഗോപിയാശാന്റെ സാന്നിധ്യം അപൂര്‍വ ഭാഗ്യമാണെന്ന് മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഗോപിയാശാനെ മുന്‍ മേയര്‍ ഐ.പി. പോള്‍ പൊന്നാടയണിയിച്ചു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ കെ.കെ. രവീന്ദ്രനെ വി.എസ്. സുനില്‍കുമാര്‍ ആദരിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ പി. മുസ്തഫ, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലന്, വി.എം. രാധാകൃഷ്ണന്, ജോണ്സണ് വി. ചിറയത്ത്, എസ്.ജെ.എഫ്.കെ സംസ്ഥാന പ്രസിഡന്റ് എ. മാധവന്, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജനറൽ കണ്‍വീനര്‍ എന്‍. ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30ന് സാഹിത്യ അക്കാദമി ഹാളില്‍ ‘മാധ്യമശക്തി’ സെമിനാര്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.