രാമത്തക്ക് കണ്ണീരണിഞ്ഞ യാത്രാമൊഴി
text_fieldsമാള: രാമത്ത ഭദ്രക്ക് നാട് കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴിയേകി. തമിഴ്നാട്ടിലെ പനവടലി എന്ന ഗ്രാമത്തിൽ ജനിച്ച രാമത്ത 1965ലാണ് മാളയിലെത്തിയത്. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം വലിയപറമ്പിലെത്തി പഴകിയവസ്തുക്കൾ ശേഖരിച്ച് ഉപജീവനം കണ്ടെത്തിയ രാമത്ത മാളയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. നാട്ടുകാർ രാമത്തക്ക് ഭദ്രയെന്ന് പേരിട്ടുവിളിച്ചു.
മണ്ഡലത്തിെൻറ മുക്കുമൂലകളിലെല്ലാം എത്തിയിരുന്ന ഭദ്രക്ക് എല്ലാവീടുകളിലേയും വിശേഷങ്ങളറിയാം. ആഴ്ചയിലൊരിക്കലെങ്കിലും വിശേഷങ്ങൾ ചോദിച്ച് രാമത്തയെത്തുന്നത് പതിവാക്കി. ഒാരോ വീട്ടിലും കഴിയുന്ന സേവനം ചെയ്താവും തിരിച്ചുപോവുക. നാട്ടുമരുന്നുകൾ പറിച്ചുകൊടുത്ത് രോഗികളെയും സഹായിക്കും.
നടക്കുന്ന വഴികളിലെല്ലാം സേവനംചെയ്യുകയെന്നത് ഇവരുടെ പ്രത്യേകതയാണ്. അരനൂറ്റാണ്ടിനിടെ ഒരിക്കൽപോലും രാമത്തക്കെതിരെ ഒരു പരാതിയും ഉയർന്നിട്ടില്ല. പിൽക്കാലത്ത് തെൻറ നാട്ടുകാർ ചിലർ കുറ്റകൃത്യങ്ങളിൽപെട്ടത് ഇവരെ വേദനിപ്പിച്ചിരുന്നു.
ഏതാനും നാളായി അനാരോഗ്യംമൂലം വിശ്രമത്തിലായ ഭദ്ര തമിഴ്നാട്ടിൽ പോകാൻ ആഗ്രഹിച്ചില്ല. മാളയുടെ മണ്ണിനേയും മാളക്കാരേയും ഒരുപോലെ സ്നേഹിച്ച ഈ തമിഴ് നാട്ടുകാരി മാളയിൽ വെച്ചുതന്നെ യാത്രയായി. രാമത്തയുടെ നിര്യാണത്തിൽ നാട് ആദരാഞ്ജലികളർപ്പിച്ചു. ചാലക്കുടി ക്രിമറ്റോറിയത്തിൽ സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.