തൃശൂരിൽ അട്ടിമറിക്കണക്കിൽ ഒമ്പത് മണ്ഡലം; കരുതൽ വേണമെന്ന് സി.പി.എം, അഞ്ചെണ്ണമെങ്കിലും ഉറപ്പാക്കണമെന്ന് കോൺഗ്രസ്
text_fieldsതൃശൂർ: 2016ൽ ഒന്നൊഴികെ 12 ഉം ഇടതുമുന്നണി തൂത്തുവാരിയ ജില്ലയിലെ പല മണ്ഡലങ്ങളും ഇത്തവണ അട്ടിമറിക്കണക്കിൽ. സർവേ ഫലങ്ങൾക്ക് പിന്നാലെ മുന്നണികൾ നടത്തിയ കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഉറച്ചതെന്ന് കരുതിയ പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടായേക്കുമെന്ന് കരുതുന്നത്. ഇതിനാൽ മുന്നണികളുടെ ജില്ല നേതൃത്വം മണ്ഡലം കമ്മിറ്റികൾക്ക് കർശന നിർദേശവും മുന്നറിയിപ്പും നൽകി.
ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, തൃശൂർ, കയ്പമംഗലം, ചാലക്കുടി, വടക്കാഞ്ചേരി മണ്ഡലങ്ങളിലാണ് അട്ടിമറി പ്രതീക്ഷിക്കുന്നത്. ഇതിൽ മൂന്ന് മണ്ഡലങ്ങൾ കോൺഗ്രസിൽനിന്ന് 2016ൽ പിടിച്ചെടുത്തതാണ് ഇടതുമുന്നണി. വടക്കാഞ്ചേരിയാവട്ടെ 43 വോട്ടിനാണ് തുടരാനായത്. ഇടതുകോട്ടയാക്കി മാറ്റിയ ശേഷം മുൻ മന്ത്രി കെ. രാധാകൃഷ്ണനും, ജില്ല പഞ്ചായത്ത് മുൻ അംഗം സി.സി. ശ്രീകുമാറും മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. രാഷ്ട്രീയത്തിനതീതമായ ബന്ധമാണ് രാധാകൃഷ്ണനുമായി ചേലക്കരക്കുള്ളത്. ഇവിടെ ഭൂരിപക്ഷത്തെകുറിച്ച് മാത്രമേ ചിന്തിക്കേണ്ടതുള്ളൂ എന്നാണ് സി.പി.എം നേതൃത്വം പറയുന്നതെങ്കിലും സി.സി. ശ്രീകുമാറിെൻറ വ്യക്തി മികവും ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ യു.ഡി.എഫ് നേട്ടവുമാണ് ഇവിടെ ഇടതുമുന്നണിയുടെ ജാഗ്രതക്ക് കാരണം.
മുൻ എം.എൽ.എ ബാബു പാലിശേരിയിലൂടെ ഉരുക്കുകോട്ടയാക്കി മന്ത്രി എ.സി. മൊയ്തീൻ വീണ്ടും മത്സരിക്കുന്ന കുന്നംകുളത്ത് ജില്ല പഞ്ചായത്ത് മുൻ അംഗം കെ. ജയശങ്കറാണ് യു.ഡി.എഫ് സ്ഥാനാർഥി. സംഘാടന മികവും ജനങ്ങളുമായുള്ള ജയശങ്കറിെൻറ ആഴത്തിലുള്ള ബന്ധവും കോൺഗ്രസിലെ തർക്കങ്ങൾ കാര്യമല്ലാത്തതുമാണ് ഇവിടെ യു.ഡി.എഫിെൻറ പ്രതീക്ഷ. അബ്ദുൾഖാദറിലൂടെ ചുവപ്പ് കോട്ടയായി മാറിയ ഗുരുവായൂരിൽ ഇടതുമുന്നണിക്ക് വേണ്ടി ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എൻ.കെ. അക്ബറും ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദറുമാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയതിലൂടെ രാഷ്ട്രീയ വിവാദമുയരുന്ന മണ്ഡലമാണ് ഗുരുവായൂർ.
ഒല്ലൂരിൽ ചീഫ് വിപ്പ് കെ. രാജനിലൂടെ കൂടുതൽ ചുവപ്പിക്കാൻ ഇടതുമുന്നണിയും പിടിച്ചെടുക്കാൻ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരിലൂടെ യു.ഡി.എഫും ശ്രമിക്കുന്നു. ബി.െജ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ആണ് എൻ.ഡി.എ സ്ഥാനാർഥി. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള ഒല്ലൂരിൽ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ വിജയം അട്ടിമറിയായിരുന്നു. ഇത്തവണ അത്തരമൊരു അട്ടിമറിയുണ്ടാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ പറയുന്നത്. 2016ൽ ആഞ്ഞടിച്ച ഇടത് കാറ്റിനൊപ്പം കൂടിയതാണ് ഇരിങ്ങാലക്കുട. കേരളവർമ കോളജ് പ്രിൻസിപ്പലും കോർപറേഷൻ മുൻ മേയറുമായ ആർ. ബിന്ദുവിലൂടെ കൂടുതലുറപ്പിക്കാൻ ഇടതുമുന്നണിയും കഴിഞ്ഞ തവണ കൈവിട്ടത് തിരിച്ചു പിടിക്കാൻ യു.ഡി.എഫിെൻറ തോമസ് ഉണ്ണിയാടനും പോരടിക്കുന്നതിനൊപ്പം എൻ.ഡി.എക്ക് വേണ്ടി മുൻ ഡി.ജി.പി ജേക്കബ് തോമസും മത്സരിക്കുന്നു. ജേക്കബ് തോമസിെൻറ സ്ഥാനാർഥിത്വം ശക്തമായ ത്രികോണമത്സരം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്. ഇത് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നുമുണ്ട്.
തേറമ്പിൽ രാമകൃഷ്ണനിലൂടെ യു.ഡി.എഫിെൻറ ഉരുക്ക് കോട്ടയായി മാറിയ തൃശൂരിനെ 2016ൽ പത്മജയെ പരാജയപ്പെടുത്തി മന്ത്രി വി.എസ്. സുനിൽകുമാറാണ് ഇടതുപക്ഷത്തേക്കാക്കിയത്. 2019ൽ സുരേഷ്ഗോപിയുടെ രംഗപ്രവേശത്തിലൂടെ താരമണ്ഡലമായി മാറിയ തൃശൂരിനെ ഉറപ്പിച്ച് നിറുത്താൻ, ഇടതുമുന്നണിക്ക് വേണ്ടി പി. ബാലചന്ദ്രനും യു.ഡി.എഫിന് വേണ്ടി കെ.പി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ പത്മജ വേണുഗോപാലും ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ നടൻ സുരേഷ്ഗോപിയും മത്സരിക്കുന്നു. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ സുരേഷ്ഗോപിയുടെ സാന്നിധ്യമാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. ഇവിെട ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ ഇടതുമുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.
ടി.എൻ. പ്രതാപൻ വിജയിച്ചിരുന്ന കയ്പമംഗലം മണ്ഡലം ജില്ല പഞ്ചായത്തംഗമായിരുന്ന ഇ.ടി. ടൈസണെ മത്സരിപ്പിച്ചാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. മണ്ഡലം നിലനിറുത്താൻ ടൈസണെ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. ആർ.എസ്.പിയിൽനിന്നും കോൺഗ്രസ് തിരിച്ചെടുത്ത സീറ്റിൽ യുവ പോരാളി ശോഭാ സുബിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് തൃപ്രയാർ ഡിവിഷനിൽ സി.പി.എമ്മിെൻറ മുതിർന്ന നേതാവ് കെ.വി. പീതാംബരനെ അട്ടിമറിച്ച് വിജയിച്ച പാരമ്പര്യമാണ് ശോഭ സുബിേൻറത്.
സി.പി.എം നേതാവ് ബി.ഡി. ദേവസിയിലൂടെ ചെങ്കോട്ടയാക്കിയ ചാലക്കുടിയിൽ ഇടതുമുന്നണിയുടെ കേരള കോൺഗ്രസ് എം ആണ് മത്സരിക്കുന്നത്. കോൺഗ്രസിൽനിന്നും രാജിവെച്ചെത്തിയ ഡെന്നീസ് ആൻറണിയാണ് ഇടത് സ്ഥാനാർഥി. ജില്ല പഞ്ചായത്ത് മുൻ അംഗം സനീഷ് ജോസഫ് ആണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. പ്രദേശവാസിയാണ് ഡെന്നീസ് ജോസഫ്. എന്നാൽ കോൺഗ്രസിൽനിന്നും മാറിയെത്തിയയാളെ മത്സരിപ്പിക്കുന്നത് പ്രധാന രാഷ്ട്രീയ ചർച്ചയാണ്.
ദേശീയ, സംസ്ഥാന രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന വടക്കാഞ്ചേരിയിൽ 43 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് 2016ൽ അനിൽ അക്കരയുടെ വിജയം. സീറ്റ് നിലനിറുത്തേണ്ട ഉത്തരവാദിത്വം അനിലിനുണ്ട്. എന്നാൽ യുവമുഖവും ഏറെ സ്വാധീനവുമുള്ള സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഇടത് സ്ഥാനാർഥി. മണ്ഡലം പിടിച്ചെടുക്കേണ്ടത് സി.പി.എമ്മിന് അനിവാര്യമാണ്. ഇരു കൂട്ടരും മണ്ഡലം പിടിക്കാൻ അരയും തലയും മുറുക്കി തന്ത്രങ്ങളിലാണ്. അവസാനലാപ്പിൽ അട്ടിമറിയാണ് ഇരുകൂട്ടരും പറയുന്നത്.
കഴിഞ്ഞ തവണ കൈവിട്ട വടക്കാഞ്ചേരിയുൾപ്പെടെ ഇത്തവണ പിടിക്കണമെന്നാണ് എൽ.ഡി.എഫിെൻറ നിർദേശമെങ്കിലും സിറ്റിങ് മണ്ഡലങ്ങളിൽ ഒന്നെങ്കിലും കൈവിടരുതെന്ന ആഗ്രഹവും അക്കാര്യത്തിലുള്ള ആശങ്കയുമുണ്ട്. അഞ്ച് സീറ്റെങ്കിലും പിടിക്കാൻ കഴിയണമെന്നാണ് കോൺഗ്രസ് നേതൃത്വം മണ്ഡലം ഭാരവാഹികൾക്ക് നൽകിയിട്ടുള്ളത്. സംസ്ഥാന ഭരണം തിരിച്ചു പിടിക്കാൻ തൃശൂരിൽനിന്ന് പരമാവധി സീറ്റ് ഉറപ്പാക്കാനാണ് കോൺഗ്രസിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.