Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:05 AM GMT Updated On
date_range 23 May 2022 12:05 AM GMTഓരോഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, പ്രാവർത്തികമാക്കണം -സി. ദിവാകരൻ
text_fieldsbookmark_border
തിരുവനന്തപുരം: ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അതു പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാറിന്‍റെ ഭാഗത്തുനിന്നും വേണ്ടതെന്നും സി.പി.ഐ നേതാവ് സി. ദിവാകരൻ. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മൂലധന ശക്തികൾക്കായുള്ള ഭരണകൂടനയം മാറ്റവും സിവിൽ സർവിസിന്‍റെ ഭാവിയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകൾ നീങ്ങാത്തതിന് ഉദ്യോഗസ്ഥരെ പഴിചാരി രാഷ്ട്രീയ നേതൃത്വത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തിലെ ഐ.എ.എസുകാരെപ്പോലെ സൂത്രപ്പണി പഠിച്ചവരെ രാജ്യത്ത് ഒരിടത്തും കാണാൻ കഴിയില്ല. അവരെ കണ്ടറിഞ്ഞ് നിയന്ത്രിക്കാൻ കഴിയണം. എന്നാൽ, മന്ത്രിയുടെ താൽപര്യം എന്താണെന്ന് മനസ്സിലാക്കിയാൽ പിന്നീട് വഴിവിട്ട് ഒന്നിനും അവർ നിൽക്കില്ലെന്നതാണ് തന്‍റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമീഷന്‍റെ റിപ്പോർട്ടുകളൊക്കെ എവിടെയാണ് അറിയില്ല. എത്രകോടിയാണ് ഇതിനായി ചെലവഴിച്ചത്. റിപ്പോർട്ടുകളെല്ലാം സെക്രട്ടേറിയറ്റിലെ ഏതോ അലമാരയിൽ ചിതലരിച്ച് കിടക്കുകയാണ്. അവയെ പുറത്തുകൊണ്ടുവരണം. താൻ മന്ത്രിയായിരുന്നകാലത്ത് വെറ്ററിനറി യൂനിവേഴ്സിറ്റി കൊണ്ടുവരാൻ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ വെടിവെച്ച് കൊന്നാലും അദ്ദേഹം അത് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു. പക്ഷേ, മുഖ്യമന്ത്രിയായിരുന്ന വി.എസും പാർട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനും തനിക്കൊപ്പം നിന്നു. ഒടുവിൽ തന്നെ തോൽപ്പിക്കാൻവേണ്ടിയാണ് വെറ്ററിനറി യൂനിവേഴ്സിറ്റിക്കൊപ്പം ഫിഷറീസ് മന്ത്രിയായിരുന്ന ശർമക്ക് സി.പി.എം ഫിഷറീസ് യൂനിവേഴ്സിറ്റി കൊടുത്തതെന്നും ദിവാകരൻ ആരോപിച്ചു. റവന്യൂ മന്ത്രി കെ. രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് മുൻ പ്രസിഡന്‍റ് ഡോ.ബി. ബാഹുലേയൻ, വൈസ് പ്രസിഡന്‍റ് പി.ഡി. കോശി, സെക്രട്ടേറിയറ്റ് അംഗം പി.കെ. രമേശ്, വി. വിക്രാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story