സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക അധ്യായം: കല്ലറ-പാങ്ങോട് സമരത്തിനും വെടിവെപ്പിനും നാളെ 86 വയസ്
text_fieldsപാങ്ങോട്: സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക ഏടായ കല്ലറ-പാങ്ങോട് സമരത്തിനും വെടിവെപ്പിനും നാളെ 86 വയസ് തികയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സമരങ്ങളില്‍ 26-ാം സ്ഥാനത്താണ് കല്ലറ പാങ്ങോട് സമരം. കല്ലറ കാര്‍ഷിക ചന്തയില്‍ അമിതമായി ചുങ്കപ്പിരിവ് ഏര്‍പ്പെടുത്തിയപ്പോൾ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരായി കര്‍ഷകരെ സംഘടിപ്പിച്ചു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ഇറങ്ങുകയും കൊച്ചപ്പിപ്പിള്ള എന്ന സാധു യുവാവിനെ പിടികൂടുകയും ചെയ്തു. പട്ടാളം കൃഷ്ണന് എന്ന സൈനികനെ സമീപിച്ച് കൊച്ചപ്പിപ്പിള്ളയുടെ ബന്ധുക്കൾ ജാമ്യത്തിലെടുത്ത് കൊണ്ടു പോയെങ്കിലും ജനം കൊച്ചപ്പിപ്പിള്ളക്ക് നേരിട്ട മർദ്ദനം അറിഞ്ഞ് രോഷാകുലരായി. ഇതിനെ തുടർന്നാണ് ചരിത്ര പ്രസിദ്ധമായ പാങ്ങോട് പൊലീസ് സ്റ്റേഷൻ മാർച്ച് നടക്കുന്നത്.
ജമാല്ലബ്ബ, പാലുവള്ളി അബ്ബാസ് ചട്ടമ്പി, അബ്ദുള്‍ ലത്തീഫ്, മടത്തുവാതുക്കല്‍ ശങ്കരന് മുതലാളി, മനക്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഘാതകന് ഗോപാലന്, കല്ലറ പത്മനാഭ പിള്ള, എന്‍.സി. വൈദ്യന്, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരു കുഞ്ഞ്, മുഹമ്മദാലി, വാവക്കുട്ടി, കുഞ്ഞന്‍ പിള്ള, പാറ നാരായണന്, കോയിക്കല്‍.ജി.നാരായണന് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ഇതോടെ പോലീസുകാര്‍ നടത്തിയ വെടിവെപ്പില്‍ പ്ലാക്കീഴില്‍ കൃഷ്ണപിള്ള, ചെറുവാളം കൊച്ചു നാരായണന് ആശാരി എന്നിവര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ പോലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു.
ഇതോടെ കലിയിളകിയ സി.പി.യുടെ പോലീസ് അന്ന് സന്ധ്യയോടെ സര്‍വ്വ സന്നാഹങ്ങളുമായെത്തി മേഖലയിലാകെ തേര്‍വാഴ്ചയാണ് നടത്തിയത്. വീടുകള്‍ അക്രമിക്കുകയും പിഞ്ചു കുഞ്ഞുങ്ങളെ വരെ തല്ലിച്ചതക്കുകയു ചെയ്തു. സംഭവത്തിനുശേഷം 40 പേരെയും മറ്റു കണ്ടാലറിയാവുന്ന 3000 പേരെയും പ്രതികളാക്കി പോലീസ് കേസെടുത്തു. അലിയാരു കുഞ്ഞ് എന്നയാള്‍ കൊടിയ മര്‍ദ്ദനത്തില്‍ ലോക്കപ്പില്‍ കിടന്ന് മരിച്ചു. വിചാരണയില്‍ ഒന്നാം പ്രതിപ്പട്ടികയിലുണ്ടായിരുന്ന കൊച്ചപ്പിപ്പിള്ളയെയും 19-ാം പ്രതിപ്പട്ടികയിലുണ്ടായിരുന്ന പട്ടാളം കൃഷ്ണനെയും തൂക്കിലിടാനും ഏഴ് പേരെ വെറുതെ വിടാനും ശേഷിച്ചവരെ ജീവപര്യന്തം ശിക്ഷക്കും ഭരണാനുകൂലിയായ ജഡ്ജ് വിധിച്ചു.
നാളെ രാവിലെ എട്ടിന് കല്ലറ രക്തസാക്ഷി മണ്ഡപത്തിലും പാങ്ങോട് പൊലീസ് സ്റ്റേഷന്റെ മുന്നിൽ പകൽ 11 നും വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
സ്മാരകം വേണം; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
ഇത്രയും കാലം പിന്നിട്ടിട്ടും കല്ലറ പാങ്ങോട് സമരത്തിന് ഉചിതമായ സ്മാരകം നാട്ടിലുണ്ടായിട്ടില്ല. പ്ലാക്കീഴില്‍ കൃഷ്ണ പിള്ളയെയും ചെറുവാളം കൃഷ്ണനാശാരിയെയും അടക്കം ചെയ്ത പാങ്ങോട് പഴയ പോലീസ് സ്റ്റേഷന് ചരിത്ര സ്മാരകമാക്കണമെന്നും സമര ചരിത്രം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പുതുതലമുറ രംഗത്ത് വന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.