മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം അവശനിലയിൽ കഴിഞ്ഞ വയോധികനെ ആശുപത്രിയിലെത്തിച്ചു
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞ വയോധികനെ ആശുപത്രിയിലെത്തിച്ചു. കൈതമുക്ക് വരേണ്യം ഫൗണ്ടേഷൻ പ്രവർത്തകയും മെഡിക്കൽ കോളജ് ആശുപത്രി പി.ആർ.ഒയുമായ സിമിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ചയിലേറെയായി വഴിയിൽ കിടന്ന നിലമേൽ സ്വദേശി ശശി എന്ന ശശിധരനെ (65) അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽനിന്നു വിശദമായ പരിശോധനക്കും ചികിത്സക്കുമായി പുലയനാർ കോട്ട നെഞ്ചുരോഗാശുപത്രിയിലെത്തിച്ചു. വെള്ളം മാത്രം കുടിച്ചാണ് ഇത്രയുംനാൾ ഇയാൾ തെരുവിൽ കഴിഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ മുമ്പ് ചികിത്സ നടത്തിയ രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നെങ്കിലും വെള്ളത്തിൽ കുതിർന്ന് അവ നശിച്ചുപോയി.
ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടതിനാലാണ് പുലയനാർ കോട്ട ആശുപത്രിയിലെത്തിച്ചത്. വൃത്തിഹീനമായ ചുറ്റുപാടിൽ കഴിഞ്ഞ വയോധികനെ ആശുപത്രിയിലെത്തിച്ച മെഡിക്കൽ കോളജ് ജീവനക്കാരിയെ സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദിച്ചു. ചടയമംഗലം പൊലീസ് എറണാകുളത്തുള്ള ശശിധരന്റെ മകളെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.