പദ്ധതിക്ക് അംഗീകാരം; 100 നിർധന കുട്ടികളെ കോർപറേഷൻ പഠിപ്പിക്കും
text_fieldsതിരുവനന്തപുരം: നഗരപരിധിയിലെ നിർധനരായ നൂറ് കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കാനുള്ള കോർപറേഷന്റെ പദ്ധതിക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ ഒരു വാർഡിലെ ഒരുകുട്ടിയെ കണ്ടെത്തിയാണ് പഠന സൗകര്യം ഒരുക്കുക. പശ്ചാത്തല സൗകര്യം, പോഷകാഹാരം, യൂനിഫോം എന്നിവയും ആവശ്യമെങ്കിൽ താമസസൗകര്യവുമൊരുക്കും.
ട്യൂഷൻ സ്ഥാപനത്തിലേക്ക് നേരിട്ട് ഫീസ് അടയ്ക്കും. കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. വർഷത്തിൽ രണ്ടുതവണ വിനോദയാത്രയും ഒരുക്കുന്നതുമാണ് പദ്ധതി. നഗരപരിധിയിൽ താമസക്കാരായ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച് മുതൽ എട്ടുവരെ ക്ലാസിൽ പഠിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്കും അതിദരിദ്ര പട്ടികയിലുള്ളവർ, കിടപ്പുരോഗികൾ, മാനസിക ബുദ്ധിമുട്ടുള്ളവർ എന്നിവരുടെ മക്കൾക്കും മുൻഗണന നൽകും. കൗൺസിലറുടെ അധ്യക്ഷതയിലുള്ള വാർഡ് കമ്മിറ്റി വഴിയായിരിക്കും കുട്ടികളെ തെരഞ്ഞെടുക്കുക. കോർപറേഷൻ ഫണ്ട്, പദ്ധതി വിഹിതം, ജനങ്ങളിൽ നിന്നുള്ള സാമ്പത്തികസഹായം എന്നിവയാണ് പദ്ധതിക്കായി ഉപയോഗിക്കുകയെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പദ്ധതിതുകയിൽ നാല് കോടിയുടെ കുറവുള്ളതിനാൽ അതനുസരിച്ച് പദ്ധതികൾ ഭേദഗതി ചെയ്യുന്നതിനും കൗൺസിൽ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.