ബീമാപ്പള്ളി ഉറൂസിന് ഇന്ന് കൊടിയേറും
text_fieldsതിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിലെ ഈ വർഷത്തെ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകും. പത്തുദിവസം നീളുന്ന ഉറൂസിന് രാവിലെ 11ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മാല മാഹീൻ കൊടി ഉയർത്തുന്നതോടെ തുടക്കമാകും. ചീഫ് ഇമാം നജുമുദ്ദീൻ പൂക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. തുടർന്ന് 24വരെ വിവിധ മതപണ്ഡിതർ ഇസ്ലാമിക വൈജ്ഞാനിക പ്രഭാഷണങ്ങൾ നടത്തും.
കെടിയേറ്റിന് മുന്നോടിയായി രാവിലെ എട്ടിന് പട്ടണ പ്രദക്ഷിണം അരങ്ങേറും. ബീമാപള്ളിയിൽനിന്ന് ആരംഭിച്ച് പൂന്തുറ, മാണിക്യവിളാകം വഴി തിരികെ ബീമാപള്ളിയിൽ മടങ്ങിയെത്തും. പട്ടണ പ്രദക്ഷിണത്തിന് മുമ്പ് ജവഹർ പള്ളി ഇമാം നിസ്താർ മൗലവി പ്രാരംഭ പ്രാർഥന നടത്തും.
25ന് രാവിലെ ആറിന് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ഉറൂസിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച കോർപറേഷൻ പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഉറൂസിന്റെ ഭാഗമായി വിപുലമായ മുന്നൊരുക്കങ്ങളാണുള്ളത്. പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും ഉറൂസ് നടത്തുക. റോഡുകളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി കെ.എസ്.ഇ.ബി പൂർത്തിയാക്കിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിലെ റോഡുകളും ഓടകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. തീരദേശത്തെക്കൂടി ഉൾപ്പെടുത്തി ശുചീകരണത്തിനായി കോർപറേഷൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.
ജല അതോറിറ്റി നേതൃത്വത്തിൽ ഉത്സവമേഖലയിൽ പ്രത്യേക കുടിവെള്ള ടാപ്പുകൾ ക്രമീകരിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിന് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് എയ്ഡ് പോസ്റ്റും പട്രോളിങും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾളും നടത്തും. അഗ്നിസുരക്ഷ സേന യൂനിറ്റും ഉത്സവമേഖലയിലുണ്ടാകും.
ഇസ്ലാം മത പ്രചാരണാർഥം നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽനിന്ന് കേരളത്തിലെത്തിയ പുണ്യാത്മാക്കളോടുള്ള ആദര സൂചകമായാണ് ഉറൂസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.