ഗോത്രസാരഥി പദ്ധതിക്ക് തൊളിക്കോട് തുടക്കം
text_fieldsവിതുര: പട്ടികവര്‍ഗ വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്ന ഗോത്രസാരഥി പദ്ധതിക്ക് തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പനയ്ക്കോട് വി.കെ. കാണി ഗവ. ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ ആദ്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവ സംയുക്തമായി നടപ്പാക്കുന്ന ‘സ്റ്റാര്‍സ്’ പദ്ധതിയുടെ ഭാഗമായുള്ള പ്രീപ്രൈമറി വിഭാഗത്തിന്റെ നവീകരണ പ്രവൃത്തികളും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാരക്കന്‍തോട്, അരുവിയോട്, മലയടി, മേത്തോട്ടം, ചെരുപ്പാണി, കണിയാരംകോട്, വെള്ളയ്ക്കരിക്കകം തുടങ്ങിയ ഊരുകളില്‍നിന്ന് പട്ടികവര്‍ഗ വിഭാഗത്തിലെ 98 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്.
ഇതില്‍ 72 പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ഊരുകളില്‍നിന്ന് സ്കൂളിലേക്കും തിരിച്ചുമെത്തിക്കാന്‍ രണ്ട് വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
‘സ്റ്റാര്‍സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്. പഠനത്തിന് പുറമെ കുട്ടികളുടെ ശാരീരിക വികാസം, ഭാഷാ വികസനം, സാമൂഹികവും വൈകാരികവുമായ വികാസം, സര്‍ഗാത്മകത വികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവൃത്തികളാണ് സ്കൂളില്‍ നടപ്പിലാക്കുന്നത്.
ശാസ്ത്രം, സംഗീതം, ചിത്രകല, നിർമാണം, അഭിനയം, ഗണിതം, വായന, അരങ്ങ് തുടങ്ങി 13 പ്രവര്ത്തനമൂലകളാണ് പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്. ഹൈടെക് ക്ലാസ് മുറികള്‍, പാര്‍ക്ക്, ഇന്‍ഡോര്‍ - ഔട്ട്ഡോര്‍ പ്ലേ ഏരിയ എന്നിങ്ങനെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും സജ്ജീകരിക്കും. പ്രീ പ്രൈമറി വിഭാഗത്തില്‍ നാല് ഡിവിഷനുകളിലായി 120 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീജിത് സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുനിത, എച്ച്.എം. അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.