ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളത്തിലായി
text_fieldsകിളിമാനൂർ: കഴിഞ്ഞ രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഗ്രാമീണ മേഖലയിൽ ഹെക്ടർ കണക്കിന് നെൽകൃഷിയടക്കം വ്യാപക കൃഷിനാശം.
നഗരൂർ, പള്ളിക്കൽ പഞ്ചായത്തുകളിലാണ് വ്യാപക നെൽകൃഷി ഉണ്ടായത്. രണ്ട് പഞ്ചായത്തുകളിലും തോടുകൾ നിറഞ്ഞൊഴുകിയും സംരക്ഷണഭിത്തി തകർന്നുമാണ് പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയത്.
നഗരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ചിന്ത്രനെല്ലൂർ ഏലാ, രണ്ടാം വാർഡ് കീഴ്പേരൂർ ഏല, 16ാം വാർഡിലെ വെള്ളല്ലൂർ ചീപ്പിൽക്കട ഏല, നഗരൂർ ഏല എന്നിവിടങ്ങളിൽ വ്യാപകമായി നെൽകൃഷി നശിച്ചു. ശക്തമായ കാറ്റിൽ നെൽചെടി ഒടിഞ്ഞുവീഴുകയും ചെയ്തു.
പള്ളിക്കൽ പഞ്ചായത്തിലെ ടൗൺ പാടശേഖര സമിതിയിൽപെട്ട തോളൂർ - ആനകുന്നം - പുളിമാത്ത് ഏലാ തോട് പലയിടത്തും കരകവിഞ്ഞു. തോടിെൻറ കുന്നിൽ വാതുക്കൽ, മണ്ണുവിള വാതുക്കൽ, കുയവൂർ വാതുക്കൽ എന്നിവിടങ്ങളിൽ സംരക്ഷണഭിത്തി തകർന്നാണ് ഏലാകളിലേക്ക് വെള്ളം കയറിയത്.
നെൽകൃഷിക്കൊപ്പം മരച്ചീനി, വാഴ, പച്ചക്കറി അടക്കമുള്ളവ വെള്ളത്തിനടിയിലായി. തോടിെൻറ സംരക്ഷണഭിത്തി നിർമിക്കണമെന്ന് പാടശേഖര സമിതി കൃഷി ഭവനിലും പഞ്ചായത്തിലും നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലത്രേ.
കിളിമാനൂർ ചിറ്റാറും വാമനപുരം നദിയിലും ജലനിരപ്പുയർന്നു. പലയിടത്തും കരകവിഞ്ഞൊഴുകി. പുളിമാത്ത് പഞ്ചായത്തിലെ താഴ്ന്ന കൃഷിയിടങ്ങൾ പലതും വെള്ളത്തിനടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.