തീരദേശ പാതയിൽ വാഹനങ്ങളുടെ അമിതവേഗം: അപകടങ്ങൾ നിത്യ സംഭവം
text_fieldsകഴക്കൂട്ടം: പെരുമാതുറ പുത്തൻതോപ്പ് തീരദേശ പാതയിൽ വാഹനങ്ങളുടെ അമിതവേഗം കാരണം അപകടങ്ങളും മരണങ്ങളും നിത്യസംഭവമായി.പെരുമാതുറ മുതലപ്പൊഴി മുതൽ പുത്തൻതോപ്പ് വരെ ഒമ്പത്കിലോമീറ്റർ നീളുന്ന പാതയിലാണ് അപകടങ്ങൾ പതിവാകുന്നത്.
ബുധനാഴ്ച രാവിലെ പുതുക്കുറുച്ചി പൗരസമിതിക്ക് സമീപം അമിതവേഗതയിലെത്തിയ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചതും ഒരാൾക്ക് ഗുരുതര പരിക്കേറ്റതുമാണ് അവസാന സംഭവം. രണ്ട് മാസം മുമ്പ് ഇതേ പാതയിൽ വെട്ടുതുറക്ക് സമീപം ബൈക്ക് പോസ്റ്റിൽ ഇടിച്ച് പൂന്തുറ സ്വദേശിയായ രണ്ട് യുവാക്കൾ മരിച്ചു. 2018 ലാണ് പുത്തൻതോപ്പ് മുതൽ പെരുമാതുറ മുതലപ്പൊഴി ഹാർബർ വരെയുള്ള പാത വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ പൊതുമരാമത്ത് പണികഴിപ്പിച്ചത്.
ഇതോടെ ഈ ഭാഗത്തെ ഗതാഗതം സുഗമമായെങ്കിലും അപകടങ്ങൾ കൂടി. മുതലപൊഴി മുതൽ പുത്തൻതോപ്പ് വരെ ഒറ്റ സ്പീഡ് ബ്രേക്കർ പോലും സ്ഥാപിച്ചിട്ടില്ല. റിഫ്ലക്ടർ ലൈറ്റുകൾ ചില ഇടങ്ങളിൽ മാത്രമാണുള്ളത്. ഈ പാതയിൽ പ്രധാനപ്പെട്ട ഇടറോഡുകളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് പ്രവേശിക്കുന്നത്.
അപകടങ്ങളും മരണങ്ങളും പലതും നടന്നിട്ടും ഈ ഭാഗങ്ങളിൽ ഒരു സിഗ്നൽ ലൈറ്റ് പോലും സ്ഥാപിക്കുകയോ പ്രശ്ന പരിഹാരത്തിന് എന്തെങ്കിലും മാർഗം കണ്ടെത്താനോ അധികാരികൾ ശ്രമിച്ചിട്ടില്ല. മുതലപ്പൊഴി പാലവും അഴൂർ പാലവും സഞ്ചാരയോഗ്യമായതോടെ ദേശിയ പാതയിലുണ്ടാകുന്ന രീതിയിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.