കനത്ത മഴ: സംസ്ഥാന പാത അടച്ചു, നിരവധി വീടുകൾ തകര്‍ന്നു
text_fieldsകിളിമാനൂർ (തിരുവനന്തപുരം): കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ കിളിമാനൂർ തട്ടത്തുമല മുതൽ കൊല്ലം ജില്ലയിലെ നിലമേൽ വരെയുള്ള ഭാഗം വെള്ളത്തിലായി. റോഡ് തിരിച്ചറിയാൻ കഴിയാതെ വെള്ളം നിറഞ്ഞതോടെ സംസ്ഥാന പാത താൽക്കാലികമായി അടച്ചു.
രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ കിളിമാനൂർ മേഖലയിൽ വൻ നാശമാണ് സംഭവിച്ചത്. നഗരൂർ പഞ്ചായത്തിലെ രണ്ട് വീടുകൾ തകർന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പല വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. നഗരൂർ പഞ്ചായത്തിൽ വാർഡ് അഞ്ച് കുറിയിടത്തുകോണത്ത് നിർധന കുടുംബത്തിന്‍റെ വീട് പൂർണമായും തകർന്നു.
ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം ശ്യാംകുമാറിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു വീടിന്‍റെ ഭിത്തി ഇടിഞ്ഞത്. അടുക്കള ഭാഗത്തെ ഭിത്തിയാണ് ആദ്യം വൻ ശബ്ദത്തോടെ ഇടിഞ്ഞ് വീണത്.
ഈ സമയം ശ്യാംകുമാറും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബം മറ്റൊരു വീട്ടിലേക്ക് താൽകാലികമായി താമസം മാറിയ സമയം വീട് പൂർണമായും നിലംപൊത്തി. പഞ്ചായത്തംഗം വിജയലക്ഷ്മി സ്ഥലത്തെത്തി.
നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ ഈഞ്ചമൂല കോട്ടിച്ചിറ ശാന്തയുടെ ചാമവിള വീട്ടിലേക്ക് പാറയും മണ്ണും ഇടിഞ്ഞിറങ്ങി വീടിന്‍റെ ഭിത്തി തകർന്നു. ഈ വീടും അപകടാവസ്ഥയിലായി. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ കാനാറാ വൈദ്യുത ശ്മശാനത്തിന് മുന്നിലുള്ള പടുകൂറ്റൻ പാറ റോഡിലേക്ക് ഇടിഞ്ഞുവീണു. ഈ സമയം റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.
പഴയ കുന്നുമ്മേൽ പഞ്ചായത്തിലെ ആറ്റൂർ സലീമിന്‍റെ വീടിനോട് ചേർന്ന് സമീപത്തെ കുന്ന് ഇടിഞ്ഞുവീണു. വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും കിടപ്പുമുറിയുടെ ഒരു ഭാഗത്തേക്ക് ചേർന്ന് മണ്ണ് ഇടിഞ്ഞിറങ്ങിയതിനാൽ ദുരന്തം തെന്നിമാറി. വീടിന്‍റെ സൺഷെയിഡ് തകർന്നിട്ടുണ്ട്. അഗ്നിരക്ഷാ പ്രവർത്തകരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇവരെ ഇവിടെനിന്നും മാറ്റി.
പഴയ കുന്നുമ്മേൽ പഞ്ചായത്തിലെ വണ്ടന്നൂർ ഇടക്കുന്ന് റോഡിലേക്ക് സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് പൂർണമായി മാറ്റിയാലെ ഈ റോഡ് വഴി ഇനി ഗതാഗതം സാധ്യമാകൂ. കിളിമാനൂർ പൊലീസ് സ്റ്റേഷൻ തൊളിക്കിഴി റോഡിൽ ചാവേറ്റിക്കാട് ജംഗ്ഷനിൽ റോഡിന് സമീപത്ത കുന്നിടിഞ്ഞ് റോഡിലേക്ക് വീണു. നൂറോളം റബർമരങ്ങളും മറ്റ് വൃക്ഷങ്ങളും കടപുഴകി. രാത്രിയും മഴ തുടരുന്നതിനാൽ എം.സി റോഡിൽ നിലമേൽ കിളിമാനൂർ വരെയുള്ള ഭാഗത്തുകൂടെയുള്ള ഗതാഗതം താൽകാലിമായി വഴിതിരിച്ചുവിട്ടു. ഈ ഭാഗത്തെ റോഡ് വെള്ളത്തിനടിയിലായിട്ടുണ്ട്.
ചിറ്റാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. വാമാനാപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവരെല്ലാം കടുത്ത ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.