നയനയുടെ മരണം: കാണാതായ തൊണ്ടിമുതലുകൾ സ്റ്റേഷനിൽ, ദുരൂഹത വർധിപ്പിച്ച് മൊഴികൾ
text_fieldsതിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാണാതായ തൊണ്ടിമുതലുകള്‍ പൊലീസ് സ്റ്റേഷനിൽനിന്നു തന്നെ കണ്ടെത്തി; അതിനിടെ, മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന മൊഴികളാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ലഭിക്കുന്നതും.
കാണാതായെന്ന് കരുതിയിരുന്ന നിർണായകമായ തൊണ്ടിമുതലുകൾ കേസ് ആദ്യം അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്നാണ് കണ്ടെടുത്തത്. നയന സൂര്യയുടെ മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റ്, തലയണ കവറുകള്‍, ചില വസ്ത്രങ്ങള്‍ എന്നിവയാണ് മ്യൂസിയം സ്റ്റേഷനില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്ന് കണ്ടെടുത്തത്.
നയനയുടെ മരണത്തിനു പിന്നാലെ, മഹസര്‍ തയാറാക്കി മ്യൂസിയം പൊലീസ് ഈ തൊണ്ടിമുതലുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് അന്നത്തെ അന്വേഷണസംഘം ഇത് കോടതിയില്‍നിന്ന് ഏറ്റുവാങ്ങി. അതിനുശേഷമാണ് തൊണ്ടിമുതലുകള്‍ കാണാതായത്.
നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തൊണ്ടിമുതലുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. മ്യൂസിയം സ്റ്റേഷനില്‍തന്നെ ഇവയുണ്ടാകുമെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു.
തുടര്‍ന്ന്, മ്യൂസിയം പൊലീസിന് ഇതുസംബന്ധിച്ച കത്തുനല്‍കുകയും ഇതനുസരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മുറി പരിശോധിക്കുകയും ചെയ്തതോടെയാണ് ഇവ കണ്ടെത്തിയത്.
അതിനിടെ, നയന സൂര്യന്റെ മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്ന മൊഴികളാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. രണത്തിന് ഒരാഴ്ച മുമ്പ് നയനക്ക് മര്‍ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായുമുള്ള മൊഴി ഒരു സുഹൃത്ത് നൽകി. മര്‍ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. അന്വേഷണപരിധിയില്‍ വരാന്‍ സാധ്യതയില്ലാതിരുന്ന ഈ അജ്ഞാതസുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴിനല്‍കാന്‍ സന്നദ്ധമായത്.
കോടതിക്കുമുന്നില്‍ മാത്രമേ മൊഴി നല്‍കൂവെന്ന നിലപാടിലായിരുന്നു സുഹൃത്ത്. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസ് വഴി തന്റെ ആവശ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ ക്ഷതം കണ്ടിരുന്നതായാണ് സുഹൃത്ത് മൊഴി നൽകിയത്. നയനയുടെ സഹോദരനും മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള മൊഴിയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.