നഗരക്കാഴ്ചകളിലലിഞ്ഞ് ഉത്രാടപ്പാച്ചിൽ
text_fieldsതിരുവനന്തപുരം: ഇത്തവണത്തെ ഉത്രാടപ്പാച്ചിൽ പൊതുവെ ശാന്തം. തലസ്ഥാനത്തെ കടകമ്പോളങ്ങളിൽ വൈകീട്ടാണ് അൽപം തിരക്ക് അനുഭവപ്പെട്ടത്. കനത്ത ചൂടിൽ പുറത്തിറങ്ങാൻ കഴിയാതിരുന്ന ജനം പക്ഷേ, കനകക്കുന്നിലേക്ക് ഒഴുകിയെത്തിയ രാത്രികാഴ്ചകളാണ് പിന്നീട് കണ്ടത്. കനകക്കുന്നിലും നഗരവീഥികളിലും ദീപാലങ്കാരം ആരെയുടെയും മനം കുളിർപ്പിക്കുന്നതാണ്. കൊട്ടും പാട്ടും ആരവവുമായി ആബാലവൃദ്ധം ജനം ഇവിടെയെത്തി. ഓണം വാരാഘോഷങ്ങൾക്കായി ഒരുക്കിയിട്ടുള്ള വിവിധ വേദികളിലും ജനം നിറഞ്ഞു. എന്നാൽ, പൊതുവെ തലസ്ഥാനത്തെ പ്രധാന വീഥികളും ഇടറോഡുകളും തീർത്തും വിജനമായിരുന്നു.
തിരുവോണ ദിനത്തിലെ സദ്യക്കുശേഷമാണ് ഇനി നഗരത്തിൽ തിരക്ക് കൂടുക. ഒപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് കൂടും. സുരക്ഷക്കായി പൊലീസിനെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന ട്രേഡ് ഫെയർ സജീവമാണ്. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വ്യാപാരമേളയിൽ അവസാനവട്ട വാങ്ങലുകൾക്കായി ജനമെത്തുന്നുണ്ട്. ബുക്കുകൾ, അത്യുൽപാദനശേഷിയുള്ള നാടൻ പച്ചക്കറി വിത്തുകൾ, ചെടികൾ, വിവിധ സ്റ്റേഷനറി സാധനങ്ങൾ, പാലക്കാടൻ സ്പെഷൽ പനം കരുപ്പട്ടി, വിവിധയിനം തേനുകൾ, തേൻ ഉൽപന്നങ്ങൾ, തേനീച്ച പെട്ടികൾ, പഴയകാല മിഠായികൾ, ഔഷധക്കൂട്ടുകൾ അടങ്ങിയ ഹെയർ ഓയിലുകൾ, രാജസ്ഥാനി അച്ചാറുകൾ, ടാറ്റൂ സ്റ്റാൾ, വിവിധയിനം ഹാൻഡ്മെയ്ഡ് ബാഗുകൾ, പാലക്കാട് അയ്യർ പപ്പടങ്ങൾ, തുകൽ ചെരിപ്പുകൾ, പാലക്കാടൻ കത്തികൾ, കൈത്തറി സാരികൾ, കോഴിക്കോട് നാടൻ ഹൽവ, സേവാ കേരളയുടെ ഈറ്റ ഉൽപന്നങ്ങൾ, വിവിധയിനം തുണിത്തരങ്ങൾ അങ്ങനെ ഓണം ഷോപ്പിങ് കൊഴുപ്പിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. വിവിധയിനം വളർത്തു നായ്ക്കളുടെയും മറ്റ് ഓമനമൃഗങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കനകക്കുന്നിൽ കലയുടെ ഓണപ്പൂരം
തിരുവനന്തപുരം: ഉത്രാടപ്പാച്ചിലിൽനിന്ന് തലസ്ഥാനനഗരം ഉത്സവാരവത്തിലേക്ക്. ഓണം വാരാേഘാഷം അലങ്കാരവിളക്കുകളും വർണാഭമാക്കിയ നഗരത്തിൽ ആയിരങ്ങളാണ് തിരുവോണത്തലേന്നും ഒഴുകിയെത്തിയത്.
ഓണം വാരാഘോഷം കാണാനെത്തുന്നവരെ കനകക്കുന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ആഘോഷത്തിന്റെ പാരമ്യതയിലേക്കാണ്. കാണികളെ ആദ്യം സ്വീകരിക്കുന്നത് വിവിധ വർണങ്ങളിലുള്ള ദീപാലങ്കാര കാഴ്ചകളാണ്. കണ്ണിന് കുളിർമയേകി മരമുത്തശ്ശിമാരിൽ തൂങ്ങിയാടുന്ന പല വർണങ്ങളിലുള്ള പൂമാലകൾ. പുഷ്പങ്ങളാൽ അലങ്കരിച്ച കൂറ്റൻ കണ്ണാടിയിലും സൈക്കിൾ റിക്ഷയിലും മറ്റ് സെൽഫി സ്പോട്ടുകളിലുമായി നല്ല കിടിലൻ ചിത്രങ്ങൾ എടുക്കാൻ സന്ദർശകരുടെ വൻ തിരക്കാണ്. മഴവില്ലഴകിൽ പണിത മതിൽകൂടാരവും ചിത്രശലഭ പന്തലുകളും ഏവർക്കും കൗതുകം പകരുന്ന കാഴ്ചയാണ്. ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഊഞ്ഞാലുകൾ കൂടിയായതോടെ ഓണം കാണാനെത്തുന്ന കുഞ്ഞുങ്ങളും ഹരത്തിൽ.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഉത്രാടദിനത്തിൽ കനകക്കുന്ന് ഗേറ്റ്, സോപാനം, തിരുവരങ്ങ് തുടങ്ങിയ വേദികളിൽ വിവിധ നാടൻകലകൾ അരങ്ങേറി. കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിൽ മതിലകം വരാഹദാസ് അവതരിപ്പിച്ച പഞ്ചവാദ്യവും കെ. സുരേന്ദ്രന്റെയും പാർട്ടിയുടെയും ചെണ്ടമേളവും പൂരപ്രതീതി തീർത്തു.
നെടുമങ്ങാട് ഗുരുകൃപ നാടൻകലാകേന്ദ്രത്തിലെ പ്രബലകുമാരിയുടെ ചരടുപിന്നിക്കളി തിരുവരങ്ങ് വേദിയെ സമ്പന്നമാക്കി. കുട്ടി കൃഷ്ണനായി വേഷമിട്ട നാല് വയസ്സുള്ള ആദിമിത്ര ഉൾപ്പെടെ പന്ത്രണ്ട് പേരാണ് ചരടുപിന്നിക്കളിയിൽ പങ്കെടുത്തത്.
കൃഷ്ണലീല ആസ്പദമാക്കി അവതരണം. തിരുവിതാംകൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ബഹുഭാഷാ നാട്ടുപാട്ട് സംഗീതമായ ബോഡുബെറുവും ഐശ്വര്യ കലാസമിതിയുടെ വിൽപാട്ടും കാണികളെ ആകർഷിച്ചു. സോപാനം വേദിയിൽ പൊറാട്ട് നാടകം, ചവിട്ടുനാടകം, കാക്കാരിശ്ശി നാടകം എന്നിങ്ങനെ വിവിധ നാടകങ്ങൾ അരങ്ങേറി.
അഞ്ചാംവർഷവും പാലക്കാട് കിഴക്കൻമേഖലയിൽ നിന്നെത്തിയ പകാൻ പൊറാട്ട്നാടകത്തിലൂടെ മണ്ണാന്റെയും മണ്ണാത്തിയുടെയും കഥ പറഞ്ഞ് സദസ്സ് കീഴടക്കി. എറണാകുളം യുവജന ചവിട്ടുനാടക കലാസമിതിയുടെ ചവിട്ടുനാടകത്തിലെ പാട്ടുകൾ കോർത്തിണക്കിയുള്ള അവതരണം കാണികളെ ആവേശഭരിതരാക്കി. തിരുവനന്തപുരം പി.കെ തിയറ്റേഴ്സ് അവതരിപ്പിച്ച കാക്കാരിശ്ശിനാടകം കാണാനും നല്ല തിരക്കാണ് സോപാനംവേദിക്ക് സമീപം അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.