ഓണം വാരാഘോഷം; നാളെ കൊടിയിറങ്ങും
text_fieldsതിരുവനന്തപുരം: നഗരത്തിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ശനിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഫ്ലാഗ്ഓഫ് ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും. വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ സ്പീക്കർ ഗവർണർക്ക് പതാക കൈമാറും.
വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന്മാർക്ക് നൽകുന്നതോടെ വാദ്യമേളത്തിന് തുടക്കമാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണ, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ എന്നിവയുടെ അറുപതോളം ഫ്ലോട്ടുകൾ സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ അണിനിരക്കും.
വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. മൂവായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും. വാദ്യഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയെ പ്രൗഢഗംഭീരമാക്കും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഘോഷയാത്ര.
തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത്കാവടി, അമ്മൻകുടം എന്നിവ തനത് മേളങ്ങൾക്കൊപ്പം ആടിത്തിമിർക്കും. മേളങ്ങളിൽ പഞ്ചവാദ്യം ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റ്മേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയം തീർക്കും. മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച പുരുഷന്മാർ, ഓലക്കുടയേന്തിയ മോഹിനിയാട്ട നർത്തകിമാർ എന്നിവരും അണിനിരക്കും.
കേരളത്തിലെ ഉത്സവ സാംസ്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയിട്ടുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. ഒപ്പനയും മാർഗംകളിയും ദഫ്മുട്ടും തിരുവാതിരകളിയും കോൽക്കളിയും കേരളത്തിന്റെ മതമൈത്രീ സംസ്കാര പ്രതീകമായി നൃത്തം വെക്കും.
മയൂരനൃത്തം, പരുന്താട്ടം, ഗരുഡൻ പറവ, അർജുന നൃത്തം തുടങ്ങി കുമ്മാട്ടികളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങളുമുണ്ടാകും. പൊയ്ക്കാൽ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശൽ, വള്ളുവനാടൻ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രക്ക് മിഴിവേകും.
.മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഗുജറാത്ത്, അസം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളും അണി നിരക്കും. നൂറ്റിയെമ്പതോളം കലാകാരന്മാരാണ് ഇതിന്റെ ഭാഗമാകുന്നത്. ബോഡോ ഫോക്ക് ഡാൻസ്, ചാരി ഫോക്ക് ഡാൻസ്, ഡങ്കി, ബദായ് ഡാൻസ്, വീരഗേഡ് ഡാൻസ്, മയൂർ നാട്യ, ഡാസൽപുരി ഫോക്ക് ഡാൻസ്, തപ്പു ഡാൻസ്, ലാവണി നൃത്തം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും.
വിവിധ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും വിഷയാധിഷ്ഠിത ഫ്ളോട്ടുകൾ ഉൾപ്പെടെ ഇരുന്നൂറോളം ദൃശ്യ ശ്രവ്യ കലാരൂപങ്ങൾ ഘോഷയാത്രക്ക് മിഴിവേകും.
സാമൂഹിക സുരക്ഷ, വൈദ്യുതി അപകടരഹിത കേരളം, ഫാം ടൂറിസം, പരിസ്ഥിതി സംരക്ഷണം, അഴിമതി രഹിത കേരളം, മണ്ണ് സംരക്ഷണം, സ്ത്രീ സുരക്ഷയും ആരോഗ്യ ശീലങ്ങളും കേരളീയ പൈതൃകവും സാഹിത്യവും സ്ത്രീ ശാക്തീകരണവും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധതരത്തിലുള്ള ജീവ സുരക്ഷസന്ദേശങ്ങളും േഫ്ലാട്ടുകളുടെ വിഷയങ്ങളാകും.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് വി.വി.ഐ.പി പവലിയനും യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ വി.ഐ.പി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നിൽ പ്രത്യേക സ്റ്റേജും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവർക്ക് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് യാത്രാസൗകര്യമുണ്ടാകും.
ഘോഷയാത്ര കടന്നുപോകുന്ന വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള പാതയുടെ ഇരുവശവും നിന്ന് പൊതുജനങ്ങൾക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കർശന സുരക്ഷ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.