കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങള്‍
text_fieldsതിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലാകെയുള്ള 997 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് കഴക്കൂട്ടം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
അതേ ദിവസം സബ് ജില്ലതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ജില്ലയില്‍ 3,28,000ത്തിലധികം കുട്ടികളാണ് ഈ വര്‍ഷം വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് വ്യക്തമാകുന്നതെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്.
ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ഇതിനോടകം ഫിറ്റ്നസ് ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളില്‍ പരിശോധന നടത്തി മേയ് 31നകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ 31ന് മുമ്പായി നേടിയിരിക്കണം. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്ന നിർദേശം വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മേലധികാരികള്‍ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം. കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് കുട്ടികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്താന്‍ വേണ്ട യാത്രാസൗകര്യം ഒരുക്കണം. ഗോത്രമേഖലയിലെ കുട്ടികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്ന ഗോത്രസാരഥി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ വേണ്ട നടപടികളെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കൂളുകളുടെ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുകയും കുട്ടികള്‍ ഇവ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എക്‌സൈസ്, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സ്‌കൂള്‍ അധികൃതരും രക്ഷാകർത്താക്കളും ജാഗ്രത പുലര്‍ത്തണം.എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്തോഷ് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോസ്‌ലെ, ഡി.ഇ.ഒ സുരേഷ് ബാബു, വിദ്യാകിരണം ജില്ല കോഓഡിനേറ്റര്‍ എസ്. ജവാദ്, ഡി.ഇ.ഒ ആര്‍. ബാബു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ എ. റഹിം, വി.എച്ച്.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഒ.എസ്. ചിത്ര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.