കത്ത് വിവാദം; കെട്ടടങ്ങാതെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോർപറേഷൻ ആസ്ഥാനത്തിന് പുറത്ത് പ്രതിപക്ഷ സംഘടനകൾ ചൊവ്വാഴ്ചയും ശക്തമായ പ്രതിഷേധം നടത്തി. യു.ഡി.എഫ് കൗൺസിലർമാരുടെ പതിനെട്ടാം ദിവസത്തെ സത്യഗ്രഹ സമരം കോർപറേഷറുള്ളിലും യു.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിവരുന്ന സത്യഗ്രഹം കവാടത്തിലും സംഘടിപ്പിച്ചു.
12 മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫിസിലേക്ക് പ്രതിഷേധവുമായെത്തി. പൊലീസ് ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേവും പിന്നീട് ലാത്തിച്ചാർജിലേക്കും കലാശിച്ചു. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പൊലീസ് മർദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ അടക്കം രണ്ടുപേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിത പ്രവർത്തകരടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നാന്താവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉച്ചക്ക് സത്യഗ്രഹ സമരം അവസാനിപ്പിക്കുന്ന സമയത്ത് പുറത്തേക്ക് കടക്കാൻ പോകുന്ന അവസരത്തിൽ പ്രധാന കാവാടം പൊലീസും സുരക്ഷാ ജീവനക്കാരും തുറക്കാൻ കഴിയില്ലെന്ന് പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. കൗൺസിലർമാർ സെക്രട്ടറിയെ പരാതി അറിയിച്ചെങ്കിലും സെക്രട്ടറിയും വാതിൽ തുറക്കാൻ തടസ്സം നിന്നു. തുടർന്ന് സെക്രട്ടറിയുടെ ഓഫിസിൽ കൗൺസിലർമാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെതുടർന്ന് സെക്രട്ടറി അഡീഷനൽ സെക്രട്ടറിക്ക് വാതിൽ തുറന്നുകൊടുക്കാൻ നിർദേശം നൽകി പ്രശ്നം അവസാനിപ്പിച്ചു.
സത്യഗ്രഹം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷതവഹിച്ചു. ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, വർക്കല കഹാർ തുടങ്ങിയവർ പ്രസംഗിച്ചു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ, ജോൺസൺ ജോസഫ്, ചെമ്പഴന്തി അനിൽ, മുനീർ, ആനക്കുഴി ഷാനവാസ്, കൈമനം പ്രഭാകരൻ, ആർ. ഹരികുമാർ, പാളയം ഉദയകുമാർ, കൗൺസിലർമാരായ ആക്കുളം സുരേഷ്, മേരി പുഷ്പം, വനജ രാജേന്ദ്രബാബു, സതികുമാരി, മിലാനി പെരേര, സെറാഫിൻ ഫ്രെഡി, ഡി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
കോർപറേഷന് പുറത്തെ ബി.ജെ.പി ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. രമ ഉദ്ഘാടനം ചെയ്തു. ധർണയിൽ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാരും രണ്ട് ഏരിയ കമ്മിറ്റിയിൽനിന്നുള്ളവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.