400 മീറ്റർ ഓട നിർമിക്കാൻ എത്ര വർഷം വേണം? ഉണ്ടായിരുന്ന റോഡും പോയി
text_fieldsവർക്കല: ഒരു വർഷമായിട്ടും 400 മീറ്റർ ഓട നിർമ്മാണം ഇഴഞ്ഞുതന്നെ. പഴയതെങ്കിലും ഉണ്ടായിരുന്ന റോഡും പോയി. കാനാൽക്കരയിലെ കുടിലുകൾ അപകട ഭീഷണിയിലായി. കരാറുകാരന് തോന്നിയതുപോലെയാണ് പണികൾ നടത്തുന്നത്.
വർക്കല നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ ചിലക്കൂർ-രാമന്തളി- തൊട്ടിപ്പാലം റോഡരികിലെ ഓട നിർമാണമാണ് ഒരു വർഷമായി ഒച്ചിനെയും നാണിപ്പിക്കുംവിധം ഇഴഞ്ഞു നീങ്ങുന്നത്. വെറും 400 മീറ്റർ ദൈർഘ്യത്തിലുള്ള ഓടയുടെ നിർമാണ പ്രവർത്തികൾ ആരംഭിച്ചിട്ട് വർഷം ഒന്നാകുന്നു. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്തതു മൂലം നിലവിലുള്ള പഴയ റോഡും സഞ്ചാരയോഗ്യമല്ലാതായി.
ഓടയുടെ അറ്റകുറ്റപ്പണി ഫണ്ട് ആണ് നഗരസഭ അനുവദിച്ചത്. പിന്നീടത് പുതിയ ഓട നിർമ്മിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതോടെ 38 ലക്ഷം രൂപയുടെ പദ്ധതിയായി ഉയർത്തി. കരാറുകാരൻ പണി ഏറ്റെടുക്കുകയും നിർമാണ സാമഗ്രികൾ സ്ഥലത്തെത്തിക്കുകയും ചെയ്തു. ഓട നിർമ്മിക്കാനായി ചാലു കീറിയതും ഒഴിച്ചാൽ മറ്റൊന്നുമുണ്ടായിട്ടില്ല.
ചാലു കീറിയപ്പോൾ പുറത്തേക്ക് മാറ്റി ചളിമണ്ണ് ടാർ റോഡിലാക്കാണ് നിക്കിയിട്ടത്.തന്മൂലം റോഡിലൂടെ വാഹന യാത്ര സാധ്യമല്ലാതായി. മഴക്കാലത്ത് ഇതുവഴി കാൽനട യാത്രയും സാധിക്കാതായതോടെ നാട്ടുകാർ ഏറെ ദുരിതത്തിലുമായി.
ഓടയുടെ പണി ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുരിത്തിലായി. ഓട വരുന്നതിനെ അവർ സ്വാഗതം ചെയ്തും പ്രയാസങ്ങൾ സഹിച്ചും അധികൃതരെ പിന്തുണച്ചു. കരാറുകാരനാവട്ടെ തന്നിഷ്ടം പോലെയാണ് പണി നടത്തുവാൻ ശ്രമിക്കുന്നത്.
കൃത്യമായ അളവിൽ സിമന്റും മണലും ഉപയോഗിക്കാൻ കരാറുകാരൻ വിസമ്മതിച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മണലിന് പകരം റോഡിലെ എക്കൽ മണ്ണ് ചേർത്താണ് പണി നടന്ന ഭാഗത്ത കോൺക്രീറ്റ് നടത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടിയിട്ടും ജനപ്രതിനിധിയോ നഗരസഭയോ കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്നും പരാതിയുണ്ട്.
നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടി കുത്തിയൊലിച്ച വെള്ളം നിർമ്മാണത്തിലിരിക്കുന്ന ഓടയിലേക്കും റോഡിലേക്കും ഒഴുകാൻ തുടങ്ങിയിട്ടും മാസങ്ങളായി. ഓടയ്ക്കായി മണ്ണ് നീക്കം ചെയ്ത് ഭാഗത്തെ ഒരു വീട് തന്മൂലം അപകടവസ്ഥയിലുമായി.
കരാറുകാരന്റെ അനാസ്ഥയിൽ വാർഡ് കൗൺസിലറും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമില്ല. അശാസ്ത്രീയവും ഇഴഞ്ഞു നീങ്ങുന്നതുമായ ഓട നിർമ്മാണം തങ്ങളുടെ വീട് ഇടിയുന്നതിന് കാരണമായേക്കുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികളിൽ പലരും.
നാട്ടുകാരുടെ പരാതികളും പ്രതിഷേധങ്ങളും ഏറിയപ്പോൾ നഗരസഭ സെക്രട്ടറി ഒരു തവണ ഇവിടെ വന്ന് പോയതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. ജനപ്രതിനിധികളോ നഗരസഭയോ നടപടികളൊന്നും സ്വീകരിച്ചിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.