വർക്കല ഹെലിപ്പാഡിൽനിന്നുള്ള കാഴ്ച മറച്ച് കാട്ടുപൊന്തകൾ
text_fieldsവർക്കല: വിനോദസഞ്ചാരികളുടെ പറുദീസയായ വർക്കലയിലെ ഹെലിപ്പാഡും പരിസരവും കാടുകയറി കാഴ്ചയെ മറയ്ക്കുന്നു. ബീച്ച് മേഖലയിലെ എഴുപതടിയോളം ഉയരമുള്ള കുന്നിൻമുകളിലെ ഹെലിപ്പാഡിൽനിന്ന് കടൽക്കാഴ്ച കാണാനെത്തുന്നവരെ നിരാശപ്പെടുത്തുകയാണ് പാഴ്പ്പുല്ലുകൾ വളർന്നു പന്തലിച്ച അരോചക കാഴ്ച.
കടലിന്റെയും തീരത്തിന്റെയും മനോഹാരിത ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് മുന്നിൽ കുന്നിന്റെ അരികിലെ കുറ്റിച്ചെടികളാണ് കാഴ്ച മറയ്ക്കുന്നത്.
സംഘടിതമായി എത്തുന്ന പലരും മദ്യപിക്കാൻ കാടുമൂടിക്കിടക്കുന്ന ഭാഗം ഉപയോഗിക്കുന്നതും പതിവായി. ഈ ഭാഗത്തുകൂടി താഴെ ബീച്ചിലേക്ക് പോകാനും ആളുകൾ ഭയപ്പെടുന്നു.
ഏതാനും മാസം മുമ്പ് രാത്രി വൈകിയും കുന്നിനരികിൽ കണ്ടെത്തിയ യുവാക്കളെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. അതിനിടെ ഒരാൾ കാൽതെറ്റി താഴെ വീഴുകയും പരിക്കേൽക്കുകയും ചെയ്തു.
70 അടിയോളം ഉയരമുള്ള കുന്നിൻമുകളിൽനിന്നുള്ള സുരക്ഷാവേലിയും കാടുമൂടിക്കിടക്കുകയാണ്. ഈ കാട്ടുപൊന്തയിലേക്കാണ് പലരും മാലിന്യം വലിച്ചെറിയുന്നത്.
അതിൽ പ്രദേശവാസികളും ടൂറിസം മേഖലയിലെ റസ്റ്റോറന്റുകളും റിസോർട്ടുകളുമൊക്കെ ഉൾപ്പെടുന്നുണ്ട്. മാലിന്യ മുക്തമായ കടലും തീരവും എന്ന പദ്ധതി ഏറെ കൊട്ടിഗ്ഘോഷിച്ചാണ് നഗരസഭയിലും ഉദ്ഘാടനം നടന്നത്. എന്നാൽ, ബോധവത്കരണ പരിപാടികളോ മുന്നറിയിപ്പ് ബോർഡുകളോ വേസ്റ്റ് ബിന്നുകളോ സ്ഥാപിക്കാതെ പദ്ധതിയെ നഗരസഭ കൈയൊഴിഞ്ഞ മട്ടാണ്.
ബീച്ച് മേഖലയിലെ തിരുവാമ്പാടി മുതൽ ആലിയിറക്കംവരെയും നാൾക്കുനാൾ ഇടിഞ്ഞുവീഴുന്ന കുന്നിൻമുകളിലെ നടപ്പാതയും കാടുകയറിയനിലയിലാണ്. അവിടവിടെയെങ്കിലും സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലിയും പൊന്തക്കാടിനുള്ളിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.