ശിവാങ്കിനിയുടെ ലക്ഷ്യം സ്വന്തമായൊരു ജോലി
text_fieldsകൽപറ്റ: പഠനം പാതിവഴിയില്‍ നിര്‍ത്തിയ തൃക്കൈപ്പറ്റ സ്വദേശി ശിവാങ്കിനി ഇനി തുടര്‍ന്ന് പഠിക്കും. സംസ്ഥാന സാക്ഷരത മിഷന് തുടര്‍പഠന പദ്ധതി സമന്വയയാണ് ശിവാങ്കിനിക്ക് തുണയാകുന്നത്. '10ാം തരം വിജയിക്കണം, തുടര്‍പഠനത്തിലൂടെ സ്വന്തമായൊരു ജോലി വേണം' - പ്രതീക്ഷകളോടെ ശിവാങ്കിനി പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് ശിവാങ്കിനി 10ാം ക്ലാസ് വരെ പഠിച്ചിരുന്നു. പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. അതോടെ പാതിവഴിയില്‍ പഠനം മുടങ്ങി. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസരം ലഭിക്കാത്തതിനാല്‍ കഴിഞ്ഞില്ല. തന്നെപ്പോലെയുള്ള പല ട്രാന്‍സ്ജെന്‍ഡേഴ്സിനെയും നേരിട്ടറിയാമെന്നും അവരെകൂടി സമന്വയയിലേക്ക് കൂടെകൂട്ടുമെന്നും ശിവാങ്കിനി പറഞ്ഞു.
സമന്വയ പദ്ധതി: ജില്ലയില്‍ രജിസ്ട്രേഷന് തുടങ്ങി
കൽപറ്റ: സംസ്ഥാന സാക്ഷരത മിഷെൻറ സമന്വയ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10ാം തരം തുല്യത പരീക്ഷക്കുള്ള ട്രാന്‍സ്ജെന്‍ഡേഴ്സ് രജിസ്ട്രേഷന് തുടങ്ങി. ട്രാന്സ്െജന്ഡര് ശിവാങ്കിനിയില്നിന്ന് രജിസ്ട്രേഷന് ഫോം ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ് സ്വീകരിച്ചു.
സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ സ്വയ നാസര്‍, പി.വി. ജാഫര്‍, എം.എസ്. ഗീത, കെ. വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു. പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന മുഴുവന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള സംസ്ഥാന സാക്ഷരത മിഷന് പദ്ധതിയാണ് സമന്വയ. സൗജന്യ പഠനത്തോടൊപ്പം സ്കോളര്‍ഷിപ്പും സമന്വയയില്‍ അനുവദിക്കും.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. സ്കോളര്‍ഷിപ് നല്കാന് തുടങ്ങിയതോടെ കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ പഠനത്തില്‍ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ട്രാന്‍സ്ജെന്‍ഡറുകളായ രണ്ടുപേരാണ് സമന്വയയിലൂടെ പഠനം പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.