ബദല്‍പാത: വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കും -മന്ത്രി
text_fieldsകൽപറ്റ: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ല ബദല്‍പാതയുടെ കാര്യത്തില്‍ സംസ്ഥാന വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്.
പൂഴിത്തോട് -പടിഞ്ഞാറത്തറ, തളിപ്പുഴ-ചിപ്പിലിത്തോട് ബദല്‍പാത സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജന താല്പര്യത്തിന് വനംവകുപ്പ് എതിരല്ല.
പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര വനമന്ത്രാലയത്തില്‍ നിന്നും അനുമതി ലഭ്യമാക്കുകയെന്നതാണ് പ്രധാനം.
ബദല്‍ പാതയുടെ പ്രാധാന്യം സംബന്ധിച്ച് തര്‍ക്കമില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തളിപ്പുഴ ചിപ്പിലിത്തോട് റോഡിന്റെ കാര്യത്തില്‍ പൊതുജനാഭിപ്രായം സംരക്ഷിക്കുന്ന വിധത്തില്‍ വനംവകുപ്പ് നിലപാടെടുക്കും.
ചുരം റോഡ് നവീകരണത്തിന് വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. താമരശ്ശേരി ചുരം വളവുകള്‍ നിവര്‍ത്തുന്നതിന് ഇതിന് മുമ്പ് അനുമതി നല്കിയ പ്രവൃത്തികള്‍ക്ക് വേഗം കൂട്ടണം. താമരശ്ശേരി ചുരത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും അമിതഭാരം കയറ്റിവരുന്ന വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കും. കോഴിക്കോട് -വയനാട് ജില്ലകളിലെ കലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ രൂപരേഖയുണ്ടാക്കണം.
അടിവാരത്തിലും ലക്കിടയിലും പൊലീസ് സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍, ഗതാഗതക്കുരുക്കില്‍ അകപ്പെടുന്ന യാത്രക്കാര്‍ക്ക് സഹായകരമാകുന്ന ടേക്ക് എ ബ്രേക്ക് സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചു. യോഗത്തില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് ഷബാബ്, ജില്ല കലക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം എന്‍.ഐ. ഷാജു, സബ്കലക്ടര്‍ ആര്. ശ്രീക്ഷ്മി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.