ചോലപ്പുറത്തെ ഹരിതവനം ഇനി കുട്ടികളുടെ ഉദ്യാനം
text_fieldsകൽപറ്റ: തരിശായി കിടന്ന പുഴയോരം, അരികിലായി മെലിഞ്ഞുണങ്ങിയ പുഴ -ഇതായിരുന്നു വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തുനിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ച. ഇന്നിവിടം പച്ചത്തുരുത്താണ്. മുളങ്കാടുകളും മരുതും പഴവര്‍ഗങ്ങളും എല്ലാമുള്ള ജൈവ വനം. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിലൂടെയാണ് ചോലപ്പുറം ഹരിതാഭമായത്. പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ 2019 ലോക പരിസ്ഥിതിദിനത്തിലാണ് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്.
എടത്തറകടവ് പുഴയോരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ മുളകളും മരങ്ങളും പഴവര്‍ഗങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചു. മുളകള്‍, മരുത്, സീതാപ്പഴം, അനാര്‍, നെല്ലി, മാവ്, പ്ലാവ് തുടങ്ങി 600ലധികം പ്രാദേശിക സസ്യങ്ങളാണ് പച്ചത്തുരുത്തില്‍ ഇന്ന് വളരുന്നത്.
പുഴ സംരക്ഷണത്തിനായി വയനാടിന്റെ തനത് മുളകളും നട്ടുപിടിപ്പിച്ചു. പച്ചത്തുരുത്തിന്റെ കൃത്യമായ പരിപാലനം ഉറപ്പാക്കാന്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെയും സജ്ജമാക്കി. പച്ചത്തുരുത്തില്‍ മുള, ചെമ്പരത്തി, ശീമക്കൊന്ന തുടങ്ങിയ ചെടികള്‍കൊണ്ട് അനുയോജ്യമായ ജൈവവേലിയും തിരിച്ചറിയാന്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ദിവസവും രണ്ടുനേരം ചെടികള്‍ നനക്കുന്നു.
പ്രളയത്തെ അതിജീവിച്ച വനം
കഴിഞ്ഞ രണ്ടു പ്രളയത്തെ അതിജീവിച്ച ചരിത്രംകൂടിയുണ്ട് ചോലപ്പുറം പച്ചത്തുരുത്തിന്. പുഴയോരഭിത്തികളെ തകര്‍ത്തെറിഞ്ഞ് രണ്ടു പ്രളയങ്ങളിലും പുഴ പരന്നൊഴുകിയിരുന്നു. മണ്ണിടിച്ചില്‍ തടഞ്ഞ് പുഴയെ സംരക്ഷിക്കാനും വെള്ളപ്പൊക്കത്തെ തടയാനും പുഴയോരത്ത് മുളത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു ശാശ്വത പരിഹാരം.
ഇതിന്റെ ഭാഗമായാണ് പച്ചത്തുരുത്തില്‍ മുളകള്‍ കൂടുതലായും വെച്ചുപിടിപ്പിച്ചത്. ഇന്ന് മുന്നൂറിലധികം മുളകള്‍ ജൈവസമ്പത്തായി ഈ തുരുത്തില് തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. മണ്ണിടിച്ചില്‍ കുറഞ്ഞതും പുഴ അതിന്റെ സ്വാഭാവിക ഒഴുക്കിലേക്ക് തിരിഞ്ഞതും പച്ചത്തുരുത്തിന്റെ വരവോടുകൂടിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കാട് കാക്കാന്‍ കൂട്ടായ്മ
പച്ചത്തുരുത്ത് സംരക്ഷിക്കാന്‍ പ്രാദേശിക സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം ചെയര്‍മാനായി പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, യുവജന സംഘടന പ്രതിനിധികള്‍, വായനശാല പ്രവര്‍ത്തകര്‍ തുടങ്ങിയവരാകും ഈ ജൈവ വനം സംരക്ഷിക്കുക. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരു നാടിന്റെ കരുതലാണ് ഈ സംഘങ്ങള്‍.
ഈ വനം ഇനി കുട്ടികളുടെ ഉദ്യാനം
സമീപത്തെ വിദ്യാലയങ്ങളുടെ പിന്തുണയും ഹരിത വനത്തിന്റെ പരിപാലനത്തിന് പ്രയോജനപ്പെടുത്തും. ചെറുപ്രായം മുതലേ കുട്ടികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിന് ഈ ജൈവ വനത്തെയും ഭാഗമാക്കും. കുട്ടികള്‍ക്കായി ഉദ്യാനവും ഇരിപ്പിടങ്ങളും ഏറുമാടവും സജ്ജീകരിക്കും. അനുദിനം മരീചികയായി മാറുന്ന നാട്ടുഗ്രാമാന്തരങ്ങളില് ഈ നാട്ടുപച്ചപ്പ് പ്രതീക്ഷയുടെ കുളിരുപകരും. പ്രാദേശിക ജൈവ മേഖല സംരക്ഷണത്തിന് മാതൃകയായി ചോലപ്പുറത്തെ ചെറുവനം മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.