മഴ കനത്താൽ മണ്ണിടിച്ചിൽ ഭീഷണി ആധിയോടെ കോളനിക്കാർ
text_fieldsകൽപറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ 12ാം വാർഡിൽ ഉൾപ്പെട്ട പിണങ്ങോട് മുക്കിന് സമീപമുള്ള ലക്ഷം വീട് കോളനിയിലെ (ജനറൽ വിഭാഗം) ആറു കുടുംബങ്ങൾ അന്തിയുറങ്ങുന്നത് ഭീതിയോടെയാണ്.
ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന ഏഴു മീറ്ററോളം ഉയരത്തിലുള്ള വലിയ തിണ്ടിന് താഴെയായി നാലു കുടുംബങ്ങളും അതിന് മുകളിലായി രണ്ടു കുടുംബങ്ങളുമാണ് കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ വൈകുകയാണ്.
നിലവിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശോധനക്കും റിപ്പോർട്ടിനും കാത്ത് ജില്ല കലക്ടറുടെ ഓഫീസിന്‍റെ പരിഗണനയിലുള്ള പുനരധിവാസ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വെങ്ങപ്പള്ളി 12ാം വാർഡിലെ മുസ്തഫ മല്ലൻ, ശബാന ഒ. ഒടുങ്ങാട്, സൈനബ അത്തിക്കൽ, കദീസ തിരുവങ്ങാടി എന്നിവരുടെ വീടുകളാണ് ഏഴു മീറ്റർ ഉയരത്തിലുള്ള തിണ്ടിന് താഴെയായുള്ളത്. കാലപഴക്കത്താൽ വീട് തകർന്നതോടെ ശബാനയും കുടുംബവും വാടക വീട്ടിലാണ് താമസം.
ഇതിന് മുകളിലായി സമ്പൂർണ ഭവന പദ്ധതിയിൽ നിർമിച്ച സഫിയ വട്ടക്കണ്ടത്തിലിന്‍റെയും ഷെമീർ ചെറുമ്പാലയുടെയും വീടുകളാണുള്ളത്. ഇപ്പോൾ തന്നെ തിണ്ടിൽനിന്നും വെള്ളം താഴേക്ക് കുത്തിയൊലിച്ചിറങ്ങി ഈ രണ്ടു വീടുകൾക്കും അപകടഭീഷണിയായി മാറിയിട്ടുണ്ട്.
മുകളിലുള്ള വീടുകളിൽ ഒന്നിന്‍റെ പിൻഭാഗത്ത് വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. മുസ്തഫ മല്ലന്‍റെ വീടാണ് തിണ്ടിനോട് ചേർന്ന് താഴെയായുള്ളത്. തിണ്ടിടിഞ്ഞാൽ ഈ വീടിന് മുകളിലായിരിക്കും പതിക്കുക. ഇതിന് സമീപമാണ് മറ്റു രണ്ടു വീടുകളുള്ളത്. സ്ഥല പരിമിതിയുള്ളതിനാൽ തന്നെ തിണ്ട് കെട്ടി സംരക്ഷിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്.
മുകളിൽനിന്നും വെള്ളം കുത്തിയൊലിച്ചിറങ്ങുന്ന ചാൽ നേരെ എത്തുന്നത് താഴെയുള്ള വീടുകൾക്ക് സമീപമാണ്. ഇതും അപകടഭീഷണി വർധിപ്പിക്കുകയാണ്.
ജില്ല വികസന സമിതി യോഗത്തിൽ ടി. സിദ്ദീഖ് എം.എൽ.എയും പുനരധിവാസം വേഗത്തിലാക്കണമെന്ന് നിർദേശിച്ചിരുന്നു. 2019ലെ കാലവർഷക്കെടുതിയിൽ പൊഴുതന പഞ്ചായത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിച്ച മാതൃകയിൽ അടിയന്തരമായി മാറ്റിതാമസിപ്പിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
എന്നാൽ, ഫണ്ട് അനുവദിച്ചിട്ടും സാങ്കേതിക കുരുക്കിൽകുടുങ്ങി രണ്ടു തവണയാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരെ മാറ്റിയത്. ഒടുവിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനായി നിശ്ചയിക്കുകയായിരുന്നു.
മുകളിലും താഴെയുമായി താമസിക്കുന്ന ആറു കുടുംബങ്ങൾ അപകടഭീഷണിയിലാണെന്നും എത്രയും വേഗം ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് സ്ഥലം പരിശോധിച്ച അസി. എക്സിക്യൂട്ടീവ് എൻജീനിയർ റിപ്പോർട്ട് നൽകിയത്.
ഇതിനുശേഷം അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും അടിയന്തരമായി മാറ്റിപാർപ്പിക്കണമെന്നുമുള്ള റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജില്ല കലക്ടർക്ക് കൈമാറി. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടിനു കൂടി അർഹതയുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിശോധിച്ച് റിപ്പോർട്ട് ലഭിക്കുന്നതിനായാണ് ജില്ല കലക്ടർക്ക് കൈമാറിയത്.
എന്നാൽ, ഇതുവരെയായി ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. സ്ഥലം ഒറ്റനോട്ടത്തിൽ കാണുന്ന ആർക്കും അപകടഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാകും. സാങ്കേതികതയുടെയും പരിശോധനകളുടെയും പേരിൽ ഇനിയും നടപടികൾ വൈകിയാൽ കുടുംബങ്ങളുടെ ജീവനായിരിക്കും അപകടത്തിലാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.