ഉന്നത കലാലയങ്ങളിൽ വയനാട്ടിലെ വിദ്യാർഥികളെ എത്തിക്കാൻ ജില്ല പഞ്ചായത്തിന്റെ ‘കരിയര്‍ പാത്ത്’
text_fieldsകൽപറ്റ: കേന്ദ്ര സർവകലാശാല പ്രവേശനത്തിന് ജില്ലയിലെ വിദ്യാർഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ല പഞ്ചായത്ത് ‘കരിയര്‍ പാത്ത്’ തുടങ്ങുന്നു. ജില്ല പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ഉയരെ’യുടെ ഭാഗമായാണ് കരിയര്‍ പാത്ത് എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്.
ജില്ലയിലെ പ്ലസ് ടു വിദ്യാർഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടാനുള്ള പരിശീലനമാണ് നല്‍കുക. രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥികളുടെ സോഷ്യല്‍ എൻജിനീയറിങ് ടീമായ വീകാനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍, അർധ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ മുഴുവന്‍ ഹയര്‍ സെക്കൻഡറി വിദ്യാർഥികളെയും പദ്ധതിയുടെ ഭാഗമാക്കും. കേന്ദ്ര സർവകലാശാലകളില്‍ വയനാട് ജില്ലയില്‍ നിന്ന് 1000 വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. വിദ്യാർഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്സുകളില്‍ പ്രവേശനം നേടിയെടുക്കാൻ പദ്ധതിയിലൂടെ പരിശീലനം നല്‍കും.
ജില്ല ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഓഡിനേറ്റര്‍ അഖില്‍ കുര്യന് പദ്ധതി വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് ജുനൈദ് കൈപ്പാണി, വികസനകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ഉഷ തമ്പി, പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്പേഴ്സൻ ബീന ജോസ്, ഹയര്‍ സെക്കൻഡറി കോഓഡിനേറ്റര്‍ ഷിവി കൃഷ്ണന്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ്, മെംബര്‍മാരായ മീനാക്ഷി രാമന്, സീത വിജയന്, കെ.ബി. നസീമ, ബിന്ദു പ്രകാശ്, സിന്ധു ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ സ്കൂള്‍ പ്രിന്‍സിപ്പൽമാരും വിദ്യാഭ്യാസ പ്രതിനിധികളും പങ്കാളികളായി.
പരിശീലനം മൂന്ന് ഘട്ടങ്ങളിലായി
ഒന്നാം ഘട്ടം
ആദ്യഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന, മറ്റ് സ്വകാര്യ സര്‍വകലാശാലകളിലെയും കാമ്പസ്, ലൈബ്രറി, ഫാക്കല്റ്റികള്, വിവിധ സ്കോളര്‍ഷിപ്പുകള്‍, പ്ലേസ്മെന്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക.
രണ്ട്, മൂന്ന് ഘട്ടം
മികവ് പുലര്‍ത്തുന്ന വിദ്യാർഥികളെ ഉള്‍പ്പെടുത്തി രണ്ടും മൂന്നും ഘട്ടങ്ങളില്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള തീവ്ര പരിശീലനം നല്‍കും. ഓഫ്ലൈനായി നടത്തുന്ന പരിശീലനത്തില്‍ മോക് ടെസ്റ്റും ഹെല്പ് ഡെസ്കും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.