മഞ്ഞുപെയ്യും നാളിലും മഴയോടുമഴ...പെയ്തിറങ്ങിയത് റെക്കോഡിലേക്ക്
text_fieldsകൽപറ്റ: ന്യൂനമർദവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും സൃഷ്ടിച്ച പുതുരീതികളാൽ ജില്ലയിൽ വൃശ്ചികത്തിലും മഴ തുടരുകയാണ്. വയനാട്ടിൽ കനത്ത മഞ്ഞുപെയ്യേണ്ട നവംബറിലും ഡിസംബറിലും മഴ തിമിർത്തുപെയ്യുന്ന കാഴ്ച ഏറെ അതിശയമുളവാക്കുന്നു.
പരമ്പരാഗതമായി കുളിരുകോരുന്ന നാളുകളിൽ മഴമേഘങ്ങൾ ഇരുൾ പടർത്തുന്ന അതിശയം, മഴപ്പെയ്ത്തിെൻറ വ്യത്യസ്താനുഭവമൊരുക്കി പുതിയൊരു റെക്കോഡിലേക്കാണ് വഴിതുറന്നത്. ഇതുവരെയില്ലാത്ത രീതിയിൽ കഴിഞ്ഞ രണ്ടുമാസം മഴ ശക്തമായപ്പോൾ ഒക്ടോബർ-നവംബറിൽ ജില്ലയിൽ പെയ്തത് കഴിഞ്ഞ 60 വർഷത്തെ ശരാശരിയേക്കാൾ 65 ശതമാനം കൂടുതൽ മഴയാണ്.
ഒക്ടോബർ-നവംബർ മാസങ്ങളിലെ കഴിഞ്ഞ 60 വർഷത്തെ ശരാശരിയെ ബഹുദൂരം പിന്നിലാക്കിയ മഴപ്പെയ്ത്തിലൂടെ ഒരു വർഷത്തെ മൊത്തം ശരാശരിയിലും ജില്ല മുന്നിലെത്തി. ഈ വർഷം ജനുവരി മുതൽ ഡിസംബർ മൂന്നുവരെ ജില്ലയിൽ ലഭിച്ചത് 2071 മില്ലി മീറ്റർ മഴയാണ്.
അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കനുസരിച്ചാണിത്. കഴിഞ്ഞ 60 വർഷം ഈ കാലയളവിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 2030 മില്ലി മീറ്ററാണെന്ന് ഗവേഷണ കേന്ദ്രം അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. 41 മില്ലി മീറ്റർ അധികമാണിത്.
മൺസൂൺ തുടങ്ങിയത് ജൂൺ മൂന്നിനാണ്. അത് ദീർഘിച്ച് ഒക്ടോബർ 25വരെ തെക്കുപടിഞ്ഞാറൻ കാലവർഷം നീണ്ടുനിന്നു. സാധാരണ സെപ്റ്റംബറിൽ അവസാനിക്കേണ്ട സീസണാണ് ഒക്ടോബർ അവസാനത്തിലേക്ക് നീണ്ടത്. ജൂണിലെ ആദ്യ ആഴ്ചകളിൽ മഴ കുറവാണെങ്കിലും 'ഇടവപ്പാതി' പതിവില്ലാതെ ദീർഘിച്ചതോടെ മഴയുടെ അളവ് വർധിക്കുകയായിരുന്നു.
ജൂൺ -ഒക്ടോബർ സീസണിൽ ജില്ലയിൽ ലഭിച്ച മൊത്തം മഴ 1404 മില്ലി മീറ്ററായിരുന്നു. ആ സമയത്ത് യഥാർഥത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിെൻറ അളവിൽ ഒമ്പതു ശതമാനത്തിെൻറ കുറവുണ്ടായിരുന്നു. എന്നാൽ, പതിവില്ലാത്തവിധം ഒക്ടോബറും നവംബറും മഴയിൽ മുങ്ങിയതോടെ ആ കുറവുകളും 'പരിഹരിച്ച്' മഴ മുന്നോട്ടുകുതിക്കുകയായിരുന്നു. സാധാരണ ഒക്ടോബറോടുകൂടി മഴ നിലക്കും. നവംബറിൽ വയനാട്ടിൽ അധികം മഴയുണ്ടാവാറില്ലായിരുന്നു. ആ പതിവാണ് ഇക്കുറി തെറ്റിയത്.
മഴദിനങ്ങൾ കുറഞ്ഞു; തീവ്രത കൂടി
ശരാശരി 2.5 മില്ലി മീറ്റർ മഴ പെയ്യുന്ന ദിനങ്ങളെയാണ് സാധാരണഗതിയിൽ ഒരു മഴദിനം എന്നുപറയുന്നത്. മഴദിനങ്ങളുടെ എണ്ണത്തിൽ ജില്ലയിൽ ഇക്കുറി ആദ്യ സീസണിൽ 40 ശതമാനം കുറവുണ്ടായി. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിെൻറയും മറ്റും ഫലമായി മഴയുടെ തീവ്രത കൂടി. കുറച്ചുദിവസത്തിനുള്ളിൽ കൂടുതൽ മഴ പെയ്തു. മഴയുടെ തീവ്രത 40 ശതമാനത്തോളം കൂടിയത് മഴയുടെ അളവിനെ സ്വാധീനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.