വയനാട് ജില്ലയിൽ 30.5 ശതമാനം മഴ കുറവ്
text_fieldsകൽപറ്റ: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 30.5 ശതമാനം മഴയുടെ കുറവ്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ ഏഴുവരെ ശരാശരി 1649.11 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിലൊന്നാണ് വയനാട്. ശരാശരി 2371.6 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിച്ചത്. ബാണാസുര അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് -4237.7 മില്ലിമീറ്റർ.
ഏറ്റവും കുറവ് അമ്മാനിയിലാണ് -502 മില്ലിമീറ്റർ. ബാണാസുര മല, ചെമ്പ്ര, എളമ്പിലേരി എന്നീ മലത്തലപ്പുകളിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 3500 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ, തെക്കുപടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളായ മാനന്തവാടി, എടവക, പടിഞ്ഞാറത്തറ, അച്ചൂർ, പുത്തുമല, വെള്ളമുണ്ട എന്നിവിടങ്ങളിൽ ശരാശരി 1981.27 മില്ലിമീറ്ററും കൽപറ്റ, മുട്ടിൽ, കൈനാട്ടി, പനമരം, മടക്കിമല ഉൾപ്പെടുന്ന മധ്യവയനാട്ടിൽ 1244.36 മില്ലിമീറ്ററും മഴ ലഭിച്ചു. കല്ലൂർ, കാട്ടിക്കുളം, നെന്മേനി, അമ്മാനി (കിഴക്കൻ വയനാട്) എന്നിവിടങ്ങളിൽ 733.63 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചതെന്ന് ഹ്യൂം സെൻറർ ഫോർ ഇക്കോളജിയുടെ പഠനം പറയുന്നു.
മൺസൂൺ മഴയിൽ ഇത്തവണ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മഴ ശക്തമായത് ജൂലൈ പകുതിക്ക് ശേഷമാണ്. കണക്കനുസരിച്ച് ഇത്തവണ ജൂലൈയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 867.7 മില്ലി മീറ്ററും 2018-19 വർഷം ആഗസ്റ്റിൽ 1100 മില്ലിമീറ്റർ മഴയും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.