കടുവയുടെ ജഡം കണ്ടയാൾ ജീവനൊടുക്കിയ സംഭവം; പീഡനം ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ്
text_fieldsകൽപറ്റ: അമ്പുകുത്തി പാടിപ്പറമ്പിൽ കുരുക്കിൽപ്പെട്ട് ചത്ത കടുവയുടെ ജഡം ആദ്യം കണ്ട കുഴിവിള ഹരികുമാർ ജീവനൊടുക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാനസികമോ ശാരീരികമായോ പീഡനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
വനംവകുപ്പ് അധികൃതർ ചോദ്യം ചെയ്യുന്നതിനായി നിരന്തരം വിളിച്ചതിനെ തുടർന്നാണ് ഹരികുമാർ ജീവനൊടുക്കിയതെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട്. നെയ്മേനി പഞ്ചായത്തിലെ ഒന്നാം വാർഡിൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കാപ്പിത്തോട്ടത്തിൽ കേബിൾ കുരുക്ക് വെച്ച് കടുവയെ കൊലപ്പെടുത്തിയ കുറ്റത്തിന് മേപ്പാടി റേഞ്ചിൽ കേസെടുത്തതായി വിശദീകരണത്തിൽ പറയുന്നു. കുഴിവിള ഹരികുമാർ എന്നയാളാണ് ജഡം ആദ്യം കണ്ടത്.
പ്രദേശത്തെ ജലനിധി പദ്ധതിയുടെ മോട്ടോർ ഓപറേറ്റ് ചെയ്യുന്നയാളായിരുന്നു ഹരികുമാർ. കേസിൽ ഉൾപ്പെട്ട സ്ഥലത്തിന് മുകളിലുള്ള വാട്ടർടാങ്കിൽ ഇദ്ദേഹം ആഴ്ചയിൽ രണ്ടു ദിവസം പോകാറുണ്ട്. കടുവ കെണിയിൽപെട്ട ഫെബ്രുവരി ഒന്നിന് വാട്ടർടാങ്കിലേക്ക് പോകുന്ന വഴിയാണ് ജഡം കണ്ടത്.
ഇയാളെ കേസിൽ പ്രതിയാക്കിയിട്ടില്ല. സംഭവത്തിന്റെ തെളിവു ശേഖരണത്തിനായി ഫെബ്രുവരി ഏഴിനും എട്ടിനും ഇയാളെ ഫോണിൽ വിളിച്ചിട്ടുണ്ട്. എന്നാൽ, ചോദ്യം ചെയ്യാൻ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിട്ടില്ല. ഇതിന്റെ കോൾ റെക്കോഡിങ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷൻ കേസ് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.