വീട്ട് നമ്പർ നൽകാൻ വൈകിയെന്ന്; പഞ്ചായത്ത് ജീവനക്കാരെ കൈയേറ്റം ചെയ്തതായി പരാതി
text_fieldsവടുവഞ്ചാൽ: ലൈഫ് വീടിന് നമ്പറിട്ടു നൽകുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് പരിശോധനക്ക് വന്ന മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ വീട്ടുടമയുടെ മകെൻറ നേതൃത്വത്തിൽ കൈയേറ്റം ചെയ്തതായി പരാതി. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽപെട്ട റിപ്പൺ തലയ്ക്കലിലാണ് സംഭവം. ജീവനക്കാർ ഇതു സംബന്ധിച്ച് മേപ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കരിദിനമാചരിക്കുകയും ചെയ്തു.
റിപ്പൺ തലയ്ക്കൽനിന്ന് പുല്ലൂർക്കുന്നിലേക്ക് പോകുന്ന റോഡരികിലാണ് ലൈഫ് പദ്ധതി ഗുണഭോക്താവായ കുളമ്പിൽ ഐഷാബിയുടെ വീട്. വീട്ടു നമ്പർ കിട്ടുന്നതിനായി ഇവർ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും വീടിന് നമ്പർ കൊടുത്തില്ലെന്നാരോപിച്ചാണ് കൈയേറ്റമെന്ന് ജീവനക്കാർ പറഞ്ഞു.
അസി. എൻജിനീയറുടെ ചുമതല വഹിക്കുന്ന ടി.പി. ഷിജു, ജൂനിയർ സൂപ്രണ്ട് കെ.ജി. ബിജു, ഓവർസിയർ പി.വി. അജേഷ്, ക്ലാർക്കുമാരായ ആനന്ദൻ, സജീവൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് കൈയേറ്റത്തിനിരയായത്.
റോഡിൽനിന്ന് നിശ്ചിത അകലം പാലിച്ചു മാത്രമേ കെട്ടിടം നിർമിക്കാവു എന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയതിനാണ് കൈയേറ്റം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. റഫീഖിന് നേരെയും കൈയേറ്റ ശ്രമമുണ്ടായെന്ന് ജീവനക്കാർ പറയുന്നു. വാർഡ് മെമ്പർമാരും സ്ഥലത്തുണ്ടായിരുന്നു. തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതിനെതിരെ ശക്തമായ നിയമ നടപടി വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.