വാവുബലി; തിരുനെല്ലിയിൽ ഒരുക്കം വിലയിരുത്തി
text_fieldsമാനന്തവാടി: പിതൃമോക്ഷം തേടി കർക്കടക വാവു ദിനത്തിൽ പിതൃതർപ്പണത്തിനായി ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പതിനായിരങ്ങളെത്തും.
തിങ്കളാഴ്ച പുലർച്ച മൂന്നിന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചക്ക് പന്ത്രണ്ടിന് സമാപിക്കും. ഞായറാഴ്ച രാവിലെ മുതൽ വിശ്വാസികൾ ക്ഷേത്രത്തിൽ എത്തി തുടങ്ങി. ഉച്ചയോടെ സ്വകാര്യ വാഹനങ്ങളിൽ എത്തിയവർ വാഹനം കാട്ടിക്കുളത്ത് പാർക്ക് ചെയ്ത് കെ.എസ്.ആർ.ടി.സി ബസിലാണ് ക്ഷേത്രത്തിൽ എത്തിയത്.
തിങ്കളാഴ്ച ഉച്ചവരെ ഈ നില തുടരും. ഭക്തരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ബലിസാധന കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ എട്ടിലേറേ വാധ്യാൻമാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മാനന്തവാടിക്ക് പുറമേ കൽപറ്റ, സുൽത്താൻ ബത്തേരി, അടിവാരം, തൊട്ടിൽപ്പാലം, വടകര, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ എത്തിച്ച് അധിക സർവിസുകൾ നടത്തുന്നുണ്ട്. തിരുനെല്ലിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ 30 സ്പെഷൽ സർവിസാണ് നടത്തുന്നത്. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ.ഷൈജുവിന്റെ നേതൃത്വത്തിൽ വിപുലമായ പൊലീസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി താഹസിൽദാർ എൻ.ജെ. അഗസ്റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ, അഗ്നി രക്ഷസേന, വനം, ആരോഗ്യ വകുപ്പുകളും സജീവമായി രംഗത്തുണ്ട്.
കലക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സന്ദർശിച്ച് പിതൃതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. കലക്ടറുടെ അധ്യക്ഷതയിൽ ദേവസ്വം ജീവനക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
എ.ഡി.എം എൻ.ഐ ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.