യുവാവിനെ മർദിച്ച് ആഭരണങ്ങൾ കവർന്ന കേസ്: നാലുപേർ പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയിൽ റോഡിൽ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും സ്വർണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തിൽ നാലുപേരെ മൈസൂരിവിൽനിന്ന് പിടികൂടി. ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടിൽ പി.കെ. അജ്മൽ (24), തിരുനെല്ലി, ആലക്കൽ എ.യു. അശ്വിൻ (23), പള്ളിക്കണ്ടി ചെരിവ് പുരയിടത്തിൽ അമൻ റോഷൻ (23), നൂൽപ്പുഴ കല്ലുമുക്ക് കൊടുപുര മുഹമ്മദ് നസീം (26) എന്നിവരെയാണ് ബത്തേരി എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.
പോക്കറ്റ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് കയറിയ പരാതിക്കാരന്റെ കാർ കാരണം തൊട്ടുമുമ്പിൽ കടന്നുപോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ കഴിയാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. പിടിയിലായ നാലുപേരും വിവിധ കേസുകളിൽ പ്രതികളാണ്. ജനുവരി 30ന് രാത്രി 11നാണ് സംഭവം. കല്ലുവയലിൽനിന്ന് വന്ന പരാതിക്കാരനും കുടുംബവും സഞ്ചരിച്ച കാർ ബത്തേരി-ചുള്ളിയോട് മെയിൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ, മെയിൻ റോഡിലൂടെ വന്ന പ്രതികളുടെ കാറിന് തൊട്ടുമുന്നിൽ പോയ ബസിനെ മറികടക്കാനായില്ല. തുടർന്ന് പ്രതികൾ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കടന്നുപോയി. പിന്നീട് കല്ലുവയൽ വാട്ടർ അതോറിറ്റിക്ക് മുൻവശമുള്ള പബ്ലിക്ക് റോഡിൽ വെച്ച് പരാതിക്കാരന്റെ കാർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
മർദനത്തിൽ കൈ വിരലിന് പൊട്ടലേറ്റു. കഴുത്തിന് പിടിച്ച് സ്വർണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷ്ണം കവരുകയും മോതിരം ഊരിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.