യുവാവ് വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണം നായാട്ടുസംഘങ്ങളെ കേന്ദ്രീകരിച്ച്
text_fieldsകൽപറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ തിങ്കളാഴ്ച രാത്രി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രദേശത്ത് സ്ഥിരമായി മൃഗവേട്ടക്ക് ഇറങ്ങാറുള്ളവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. മരിച്ച യുവാവിെൻറയും പരിക്കേറ്റയാളുടെയും ശരീരത്തിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ ഒരേ തോക്കിൽ നിന്ന് ഉള്ളതാണോയെന്നത് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്. കോട്ടത്തറ മെച്ചന ചുണ്ടങ്ങോട്ട് കുറിച്യ കോളനിയിലെ അച്ചപ്പെൻറ മകന് ജയന് (36) ആണ് വെടിയേറ്റ് മരിച്ചത്.
കഴിഞ്ഞദിവസവും പൊലീസ് നിരവധി പേരെ ചോദ്യംചെയ്തു. മരണമടഞ്ഞ ജയനോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ചുണ്ടങ്ങോട് കോളനിയിലെ ചന്ദ്രപ്പന്, കുഞ്ഞിരാമന് എന്നിവരെയും ചോദ്യംചെയ്തു. നായാട്ടിനിറങ്ങിയവര് ഉതിര്‍ത്ത വെടിയാണ് ജയെൻറ ജീവനെടുത്തതെന്ന വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതികളിലേക്ക് എത്താനുള്ള അന്വേഷണം പലവഴിക്കാണ് നീളുന്നത്. നായാട്ടിനിറങ്ങിയ ഏതുസംഘമാണ് വെടിയുതിര്‍ത്തത് എന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ തൊട്ടടുത്ത് നിന്നാണോ അതോ ദൂരത്ത് നിന്നാണോ ജയന് വെടിയേറ്റതെന്ന് വ്യക്തമാകും.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറെ നേരില്‍ കണ്ട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കാട്ടുപന്നിയെ തുരത്താന്‍ ഇറങ്ങിയ തങ്ങളെ കണ്ട് പുറമെനിന്ന് മറ്റാരോ വെടിവെച്ചുവെന്നാണ് ജയെൻറ കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എത്രമാത്രം ദൂരത്തുനിന്നാണ് വെടിയേറ്റതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കൂടെയുണ്ടായിരുന്നവര്‍ നല്കിയ മൊഴി ശരിയാണോയെന്ന് വ്യക്തമാകും. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ വലയിലാക്കാനാണ് പൊലീസ് നീക്കം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസംതന്നെ പൊലീസിന് ലഭിക്കും. അതേസമയം, വെടിയേറ്റ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചുണ്ടങ്ങോട് കോളനിയിലെ ശരണ്‍ അപകടനില തരണംചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.