ആലപ്പുഴ, മാവേലിക്കര ചിത്രം തെളിഞ്ഞു; ഇനി പോരാട്ടച്ചൂട്
text_fieldsആലപ്പുഴ: ആലപ്പുഴ, മാവേലിക്കര മണ്ഡലത്തിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. ഇനി പോരാട്ടച്ചൂടിലേക്ക് മുന്നണികൾ. ആലപ്പുഴ മണ്ഡലത്തിൽ ആദ്യം കളത്തിലിറങ്ങിയത് എ.എം. ആരിഫ് എം.പിയാണ്.
നേരത്തേ പ്രചാരണത്തിൽ ചുവടുറപ്പിച്ച ആരിഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആലപ്പുഴ നഗരചത്വരത്തിൽ ചേരും. കഴിഞ്ഞതവണ യു.ഡി.എഫിന് കൈവിട്ട ഏകസീറ്റ് തിരിച്ചുപിടിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കോൺഗ്രസ് കളത്തിലിറക്കിയതോടെ പോരാട്ടം ദേശീയ ശ്രദ്ധാകേന്ദ്രമാകും.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർഥി. കെ.സിയുടെ വരവോടെ യു.ഡി.എഫ് ക്യാമ്പുകൾ ആവേശത്തിലാണ്. ഞായറാഴ്ച രാവിലെ 8.30ന് അരൂരിൽനിന്ന് കരുനാഗപ്പള്ളിവരെ കെ.സി. വേണുഗോപാലിന്റെ റോഡ് ഷോയും നടത്തും.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ കെ.സി. വേണുഗോപാൽ 2009ലും 2014ലും ആലപ്പുഴയിൽനിന്ന് എം.പിയായിട്ടുണ്ട്. 2019ൽ എ.ഐ.സി.സി സംഘടന ചുമതലയുള്ളതിനാൽ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിന്നപ്പോഴാണ് കേരളത്തിൽ ഏകസീറ്റ് നഷ്ടമായത്. ഇത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും മത്സരത്തിനെത്തുന്നത്.
2019ൽ സി.പി.എമ്മിലെ എ.എം. ആരിഫ് 10,474 വോട്ടിനാണ് വിജയിച്ചത്. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെയാണ് പരാജയപ്പെടുത്തിയത്. ഡോ. കെ.എസ്. രാധാകൃഷ്ണനായിരുന്നു എൻ.ഡി.എ സ്ഥാനാർഥി.
2006 മുതൽ തുടർച്ചയായി മൂന്നുതവണ എ.എം. ആരിഫ് എം.എൽ.എയായിട്ടുണ്ട്. ലോക്സഭയിലേക്ക് രണ്ടാം അങ്കമാണ്. 2019ലെ യു.ഡി.എഫ് തരംഗത്തിലും പതറാതെ മുന്നേറിയ ആരിഫിലൂടെ മണ്ഡലം നിലനിത്താമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പരാജയം അറിഞ്ഞിട്ടില്ലാത്ത ആരിഫിന് തുടർവിജയം കിട്ടുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഭൂരിപക്ഷം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.