ഒന്നാംഘട്ടം കഴിഞ്ഞ് മാഷ്; ട്രാക്കിനു പുറത്തോടി ഉണ്ണിത്താൻ; തുടക്കമിട്ട് അശ്വിനി
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയില്ല, എന്നിട്ടും ആദ്യഘട്ട മണ്ഡല പര്യടനം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ. വ്യക്തിഗതമായ പരിചയപ്പെടുത്തലാണ് ബാലകൃഷ്ണൻ മാസ്റ്റർ പൂർത്തിയാക്കിയത്. രക്തസാക്ഷി കുടുംബങ്ങൾ, ആദ്യകാല പാർട്ടി പ്രവർത്തകർ, പ്രധാന പാർട്ടി കേന്ദ്രങ്ങൾ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവരെയാണ് സന്ദർശിച്ചത്. അഞ്ചു നിയോജക മണ്ഡലങ്ങളിലൂം ഈ സന്ദർശനം പൂർത്തിയാക്കിയ ബാലകൃഷ്ണൻ മാസ്റ്റർ മഞ്ചേശ്വരത്ത് രണ്ടാംഘട്ട പര്യടനത്തിന് തുടക്കമിട്ടു. ഏതാനും ദിവസത്തിനുള്ളിൽ വിജ്ഞാപനം ഇറങ്ങുന്നതോടെ പൊതുയോഗ പ്രചാരണത്തിലേക്ക് മാറും.
സ്ഥാനാർഥി പ്രഖ്യാപനം നടക്കാത്തതിനാൽ കാസർകോട് പാർലമെന്റ് മണ്ഡലം സിറ്റിങ് എം.പി. രാജ്മോഹൻ ഉണ്ണിത്താന് നേരിട്ട് പ്രചാരണത്തിന് ഇറങ്ങാനാവാത്ത അവസ്ഥയാണ്. എങ്കിലും ട്രാക്കിന് പുറത്തോടി എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഒപ്പമെത്താൻ ഉണ്ണിത്താനുമായി. യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.പി.തന്നെയായിരിക്കും എന്ന പ്രതീക്ഷയാണുള്ളതെങ്കിലും ചില സീറ്റുകളിൽ സിറ്റിങ് എം.പിമാർ മാറുവെന്ന പ്രചാരണമുണ്ട്. അതിനെ അദ്ദേഹം അതിജീവിക്കുന്നത് പങ്കെടുക്കുന്ന യോഗങ്ങളുടെ എണ്ണം വർധിപ്പിച്ചാണ്.
രണ്ടു ദിവസത്തിനകം കോൺഗ്രസ് സഥാനാർഥി പട്ടിക പുറത്തിറങ്ങുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഉണ്ണിത്താന്റെ കാര്യത്തിൽ മറ്റൊരു ചിന്തയില്ല എന്ന് ഡി.സി.സി നേതൃത്വങ്ങൾ വ്യക്തമാക്കുന്നു. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയുടെ എ.എൽ. അശ്വിനി ക്ഷേത്രം,മഠം,തറവാട് എന്നിവ സന്ദർശിച്ച് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് അവർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.