കൊല്ലത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
text_fieldsകൊല്ലം: ഇടതുമുന്നണിയും ബി.ജെ.പിയും ഇനിയും ഒൗദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലങ്കിലും കൊല്ലത്ത് പ്രചാരണത്തിന് തുടക്കമായി. എം.പിയും എം.എൽ.എയും തമ്മിലെ മത്സരം എന്നതിനപ്പുറം ഉജ്ജ്വല പോരാട്ടമായിരിക്കും. സിറ്റിങ് എം.പി എൻ.കെ. പ്രേമചന്ദ്രനെ തുടർച്ചയായി മൂന്നാമതും യു.ഡി.എഫ് രംഗത്തിറക്കുമ്പോൾ കൊല്ലത്തിന്റെ എം.എൽ.എയും സിനിമ താരവുമായ എം. മുകേഷിനെയാണ് എൽ.ഡി.എഫ് പോർക്കളത്തിലിറക്കുന്നത്.
എൻ.ഡി.എ സ്ഥാനാർഥി ആരാണന്നാണ് ഇനി അറിയാനുള്ളത്. ആദ്യ ഘട്ട പോസ്റ്ററിനൊപ്പം ചുമരെഴുത്തും തുടങ്ങി പ്രേമചന്ദ്രൻ ഒരു മുഴം മുന്നേറിയപ്പോൾ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ പാർട്ടി അനുമതിയോടെ മുകേഷും പ്രചാരണ രംഗത്ത് എത്തിക്കഴിഞ്ഞു. ചുമരെഴുത്തും തുടങ്ങി. ഈ മാസം ആദ്യംതന്നെ ചുമരുകൾ പലതും ഇരുമുന്നണികളും ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. എൻ.ഡി.എക്കായി ചുമരുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും അത് വെള്ളപൂശിയ നിലയിൽ തന്നെയാണുള്ളത്. യു.ഡി.എഫ് നിയോജകമണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു.
തിങ്കളാഴ്ച ജില്ല പഞ്ചായത്ത് അങ്കണത്തിൽ എത്തിയ എം. മുകേഷ് കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളുടെ കൺവെൻഷനിൽ പങ്കെടുത്ത് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം കുറിച്ചു. ഇടതുമുന്നണി നേതൃത്വത്തിൽ വിവിധ സാമൂഹിക വിഭാഗങ്ങളുടെ യോഗങ്ങൾ , കുടുംബയോഗങ്ങൾ എന്നിവ നടന്നു വരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് അവതരിപ്പിക്കാനുള്ള കലാപരിപാടികളുടെയും പാരഡി ഗാനങ്ങളുടെയും അണിയറ പ്രവർത്തനങ്ങളും നടന്നു വരുന്നു. മൂന്ന് മുന്നണികളുടെയും സാമൂഹിക മാധ്യമ വിഭാഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നിട്ടുണ്ട്. എൻ.ഡി.എക്കുവേണ്ടി ആരാണ് മത്സരിക്കുക എന്ന് വ്യക്തമായിട്ടില്ലെങ്കിലും മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെയും ജില്ലപ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെയും പേരുകളാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.