മാവേലിക്കര ‘പോരാട്ടം’ ഘടകകക്ഷികൾക്ക് നിർണായകം
text_fieldsആലപ്പുഴ: സംവരണ മണ്ഡലമായ മാവേലിക്കരയിലെ ഇത്തവണത്തെ ‘പോരാട്ടം’ യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും ഘടകക്ഷികൾക്ക് നിർണായകം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ പര്യാപ്തമായ രീതിയിൽ ചെറുപാർട്ടികൾക്ക് മണ്ഡലത്തിലെ സ്വാധീനവും കരുത്തും തെളിയിക്കേണ്ട സാഹചര്യമാണുള്ളത്. കോൺഗ്രസ് സിറ്റിങ് എം.പിയും മുതിർന്ന നേതാവുമായ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ നേരിടുന്നത് കന്നിയങ്കകാരനും സി.പി.ഐ സ്ഥാനാർഥിയുമായ അഡ്വ. സി.എസ്. അരുൺകുമാറാണ്. ബി.ഡി.ജെ.എസിനായി മത്സരിക്കുന്നത് ബൈജു കലാശാലയും.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് മാവേലിക്കര ലോക്സഭ മണ്ഡലം. ഏഴിടത്തും ഇടതുമുന്നണിക്കൊപ്പമാണ് നിലകൊള്ളുന്നത്. ഇതിൽ കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), കെ.ബി. ഗണേഷ്കുമാർ (പത്തനാപുരം), സജി ചെറിയാൻ (ചെങ്ങന്നൂർ) മൂന്ന് മന്ത്രിമാർക്കും അഭിമാന പോരാട്ടംകൂടിയാണ്. ചങ്ങനാശ്ശേരി (കേരള കോൺഗ്രസ് എം), കുട്ടനാട് (എൻ.സി.പി), പത്തനാപുരം (കേരള കോൺഗ്രസ് ബി), കുന്നത്തൂർ (ആർ.എസ്.പി എൽ) എന്നിങ്ങനെയാണ് ഘടകക്ഷികളുടെ കൈപ്പിടിയിലുള്ളത്.
ധാരണപ്രകാരം കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നൽകിയതിന്റെ ആത്മവിശ്വാസത്തിൽ പത്തനാപുരത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ്കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനിൽക്കെ പത്തനാപുരത്ത് ആനവണ്ടി കയറ്റം കയറില്ലെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഘടകക്ഷിയായ എൻ.സി.പിയിലെ പൊട്ടിത്തെറിയും സി.പി.എമ്മിന് തലവേദനയാണ്. തോമസ് കെ. തോമസ് എം.എൽ.എ വിഭാഗവും മന്ത്രി എ.കെ. ശശീന്ദ്രൻ പക്ഷവും തമ്മിലെ തൊഴുത്തിൽക്കുത്താണ് ഇതിൽപ്രധാനം. ആലപ്പുഴ ജില്ലയിൽ അജിത് പവാർ വിഭാഗവും പി.സി. ചാക്കോ വിഭാഗവും പാർട്ടിയെ രണ്ടായി പിളർത്തിയാണ് പ്രവർത്തനം. ഇരുവിഭാഗത്തിനും രണ്ട് ജില്ല പ്രസിഡന്റുമാരുമുണ്ട്.
കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണിത്. കേരള കോൺഗ്രസിന് സ്വാധീനമുള്ള ചങ്ങനാശ്ശേരി, കുട്ടനാട്, ചെങ്ങന്നൂർ, പത്തനാപുരം അടക്കമുള്ള മേഖലയിൽ വോട്ടുനിലയിൽ വലിയ വ്യത്യാസമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി സംവിധാനങ്ങൾപോലും മാറിമറിയും. മൂന്ന് ജില്ലകളിലെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ് സീറ്റ് പിടിച്ചെടുക്കാനാണ് സി.പി.ഐ യുവനേതാവിന് അവസരം നൽകിയത്.
യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസിനും ആർ.എസ്.പിക്കും സ്വാധീന മണ്ഡലങ്ങളിൽ കഴിവുതെളിയിക്കണം. കുന്നത്തൂരിനെ പ്രതിനിധാനം ചെയ്യുന്ന കോവൂർ കുഞ്ഞുമോൻ ഇടതുപക്ഷത്തിനൊപ്പം തുടരുമ്പോഴും ഇത്തവണ മന്ത്രിസഭ പുനഃസംഘടനയിൽ പരിഗണിക്കാതെപ്പോയതിൽ നീരസമുണ്ട്. എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസിനും നില മെച്ചപ്പെടുത്തിയേ മതിയാവൂ. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി തഴവ സഹദേവൻ 1.33 ലക്ഷം വോട്ട് സ്വന്തമാക്കിയിരുന്നു. അതിന് മുകളിൽ വോട്ട് പിടിച്ചില്ലെങ്കിൽ ബി.ഡി.ജെ.എസിനും വേണ്ടത്ര പരിഗണന കിട്ടില്ല.
കുട്ടനാട്ടിൽ സി.പി.എം-സി.പി.ഐ പോരും വിഭാഗീയതയും
ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എമ്മിലെ രൂക്ഷമായ വിഭാഗീയതയും കൊഴിഞ്ഞുപോക്കും ഉയർത്തിയ കലാപക്കൊടി ഇനിയും കെട്ടടങ്ങിയിട്ടില്ല. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കുട്ടനാട് സീറ്റിൽ മത്സരിക്കുന്നത് ഇടതു ഘടകക്ഷിയായ സി.പി.ഐയാണ്. വിഭാഗീയതയുടെ പേരിൽ സി.പി.എമ്മിൽനിന്ന് രാജിവെച്ച് പുറത്തുപോയത് 300ലധികം പേരാണ്. ഇവർക്ക് കൂട്ടത്തോടെ അംഗത്വം നൽകിയ സി.പി.ഐ തീരുമാനത്തിൽ സി.പി.എമ്മിലെ ഒരുവിഭാഗത്തിന് കടുത്ത അമർഷമുണ്ട്. സി.പി.ഐയിലേക്ക് ചേക്കേറിയവരെ തടയാൻ നേതൃത്വം ഇടപെട്ട് അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇത് പാർട്ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പിനെയും ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡ് ഉപതെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം സമ്മാനിച്ചതിന് പിന്നിലും സി.പി.എമ്മിലെ വിഭാഗീയതാണ്. ലോക്കൽ കമ്മിറ്റി അംഗമായ എം.ആർ. രഞ്ജിത് വിമതനായി മത്സരിച്ച് കൂടുതൽ വോട്ട് നേടിയതോടെ സി.പി.എമ്മിന് സിറ്റിങ് സീറ്റാണ് നഷ്ടമായത്. സി.പി.എം സമ്മേളനകാലത്തെ കടുത്ത വിഭാഗീയതയിൽ കുട്ടനാട് ഏരിയ കമ്മിറ്റിയിലെയും വിവിധ ലോക്കൽ കമ്മിറ്റികളിലെയും ഭാരവാഹികളടക്കമുള്ള സി.പി.എം പ്രവർത്തകർ കൊഴിഞ്ഞുപോയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.