മാടായി കോളജ്: പയ്യന്നൂരിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം
text_fieldsപയ്യന്നൂർ: എം.കെ. രാഘവൻ എം.പി പ്രസിഡന്റായ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാടായി കോളജിൽ കോൺഗ്രസുകാരല്ലാത്തവർക്ക് നിയമനം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം. നാഷനൽ ഖാദി ലേബർ യൂനിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ബുധനാഴ്ച നടന്ന കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ യോഗത്തിലാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. സംഭവത്തിൽ ഇരുവിഭാഗത്തിൽപെട്ടവർക്കും മർദനമേറ്റു.
അനുസ്മരണം നടന്ന ഓഡിറ്റോറിയത്തിലേക്ക് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് എത്തിയതോടെയാണ് പ്രശ്നത്തിന് തുടക്കം. മാടായി കോളജ് ഡയറക്ടർ ബോർഡിലുള്ളവർക്കെതിരെ പ്രതിഷേധമുണ്ടെന്നും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും വിമത വിഭാഗം പറഞ്ഞു. പ്രസംഗിക്കുന്നില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുകൂടിയായ ജയരാജ് പറയുകയും വിട്ടുനിൽക്കുകയും ചെയ്തു.
അനുസ്മരണം മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. പരിപാടി കഴിഞ്ഞ് ജയരാജ് പോകാനൊരുങ്ങവേ കെ.പി. രാജേന്ദ്രകുമാർ, ടി.വി. ഉണ്ണികൃഷ്ണൻ, കച്ചേരി രമേശൻ, രാജേഷ് ഇട്ടമ്മൽ തുടങ്ങിയവർ ചേർന്ന് തടഞ്ഞു. പ്രവർത്തകരുടെ വികാരം പരിഗണിച്ച് കോളജ് ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചതായി ജയരാജ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് സംഘർഷമുണ്ടായത്. കെ.എസ്.യു സംസ്ഥാന സമിതി അംഗം ആകാശ് ഭാസ്കരന്റെ നേതൃത്വത്തിൽ ജയരാജിനെ തടഞ്ഞവരെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ രാജേന്ദ്ര കുമാറിനും ആകാശിനും മർദനമേറ്റതായി പറയുന്നു.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് വിമത വിഭാഗം നേതാക്കൾ കെ.പി. ശശിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ടു. ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായി അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.