കളഞ്ഞുകിട്ടിയ നവരത്ന മോതിരം ഉടമക്ക് തിരിച്ചുനൽകി മഹേഷ്
text_fieldsആലുവ: കളഞ്ഞുകിട്ടിയ നവരത്ന മോതിരം ഉടമക്ക് തിരിച്ചുനൽകി മഹേഷ് മാതൃകയായി. ടാക്സി ഡ്രൈവറായ ഈ കിഴക്കെ കടുങ്ങല്ലൂർ സ്വദേശി കോവിഡ് മൂലമുള്ള ദുരിത ജീവിതത്തിനിടയിലും സത്യസന്ധത കൈവിട്ടില്ല.
കഴിഞ്ഞ ദിവസം കിഴക്കെ കടുങ്ങല്ലൂരിൽ നിന്നും കൊട്ടാരക്കരക്ക് ഓട്ടം പോയി തിരിച്ചു വരുംവഴി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറിയപ്പോഴാണ് നവരത്ന മോതിരം മഹേഷിന് കളഞ്ഞുകിട്ടിയത്. ദൂരസ്ഥലത്തായതിനാൽ ഹോട്ടലിൽ ഏൽപിച്ചാൽ യഥാർഥ ഉടമക്ക് കിട്ടുമോ എന്ന സംശയം ഉള്ളിൽ തോന്നിയ മഹേഷ് തനിക്ക് ഒരു പഴ്സ് കളഞ്ഞുകിട്ടിയതായി ഹോട്ടലുടമയെ അറിയിക്കുകയും ആരെങ്കിലും തേടി വരികയാണെങ്കിൽ തന്നെ വിളിക്കാൻ പറഞ്ഞ് ഫോൺ നമ്പർ നൽകുകയും ചെയ്തു.
ആലുവ എത്താറായപ്പോഴേക്കും മഹേഷിൻറെ ഫോണിലേക്ക് പുത്തൂർ സ്വദേശിയായ ഗോപാലൻ എന്നയാൾ വിളിച്ച്, ആഹാരം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് തന്റെ നവരത്ന മോതിരം നഷ്ടപ്പെട്ടതായി അറിയിച്ചു. ഹോട്ടലിൽ തിരക്കിയപ്പോൾ 'മോതിരം കിട്ടിയ വിവരം അറിയില്ല, ഇവിടെ ആഹാരം കഴിക്കാൻ വന്ന ടാക്സി ഡ്രൈവർക്ക് ഒരു പഴ്സ് കളഞ്ഞുകിട്ടിയിട്ടുണ്ട്' എന്ന് ഉടമ പറഞ്ഞു. ആരെങ്കിലും വന്നാൽ നമ്പർ കൊടുക്കാൻ ഡ്രൈവർ പറഞ്ഞേൽപിച്ചിട്ടുണ്ടെന്നും കടയുടമ പറഞ്ഞതായി മഹേഷിനോട് ഗോപാലൻ പറഞ്ഞു.
എന്നാൽ, തൻ്റെ പഴ്സല്ല ഒരു പവൻ വരുന്ന നവരത്ന മോതിരമാണ് നഷ്ടപ്പെട്ടതെന്നും ഗോപാലൻ പറഞ്ഞു. അയാൾ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ട മഹേഷ് തനിക്ക് മോതിരം തന്നെയാണ് കിട്ടിയതെന്ന് അറിയിച്ചു. താൻ ആലുവ എത്താറായെന്ന് പറഞ്ഞപ്പോൾ താൻ കിഴക്കെ കടുങ്ങല്ലൂരിൽ വന്ന് മോതിരം വാങ്ങിക്കോളാമെന്ന് ഗോപാലൻ പറഞ്ഞു. അത് പ്രകാരം ഇന്നലെ ഉച്ചയോടെ ഗോപാലൻ എത്തി. മഹേഷ് മോതിരം കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.