മലപ്പുറം സഹകരണ ബാങ്ക്- കേരള ബാങ്ക് ലയനം: നിയമതടസ്സം നീങ്ങി
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നിയമ തടസ്സം മാറി. ലയന നടപടികളുമായി മുന്നോട്ട് പോകാമെന്ന ഹൈകോടതി സിംഗ്ള്‍ െബഞ്ച് വിധിയെ ചോദ്യം ചെയ്ത വിധിയില്‍ തല്‍സ്ഥിതി തുടരാനുള്ള ഡിവിഷന് െബഞ്ചിന്റെ നിർദേശം ഒഴിവാക്കുകയും തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് അനുമതി നല്‍കുകയും ചെയ്തു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വം ഒഴിവായി.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മലപ്പുറം ജില്ല സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക് ) ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് തീരുമാനം. മൂന്നു തലത്തിലുള്ള ബാങ്കിങ് സംവിധാനം ഒഴിവാക്കി ദ്വിതല സംവിധാനം ഒരുക്കുകയും അതുവഴി പലിശയിനത്തില്‍ സഹകാരികള്‍ക്ക് ലാഭം നല്‍കുന്നതിനുംവേണ്ടിയാണ് ജില്ല സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതെന്നായിരുന്നു സർക്കാർ വാദം. എന്നാല്‍, 13 ജില്ല സഹകരണ ബാങ്കുകളും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിന്നപ്പോള്‍, യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ല സഹകരണ ബാങ്ക് ലയനത്തിനെതിരെ നിലപാട് സ്വീകരിക്കുകയും, നിർദേശം ബാങ്ക് ജനറൽ ബോഡി തള്ളുകയും ചെയ്തിരുന്നു.
ഇതുവഴി ദ്വിതല സംവിധാനത്തില്‍ സഹകാരികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന പലിശ ഇനത്തിലെ രണ്ടു ശതമാനം വരെയുള്ള നേട്ടം മലപ്പുറത്തെ സഹകാരികള്‍ക്ക് നഷ്ടമായതായി സഹകരണ വകുപ്പ് പറയുന്നു. മലപ്പുറം ബാങ്കിനെ ലയിപ്പിക്കാൻ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും പിന്നാലെ നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സഹകാരികളും ജീവനക്കാരും ജില്ല സഹകരണ ബാങ്കിന്റെ നിലപാടിനെ എതിര്‍ക്കുകയും സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തെന്നും ഇവരുടെ ആവശ്യം പരിഗണിച്ചാണ് ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നുമാണ് സർക്കാർ വാദം. ഇതിനിടെയാണ് ജില്ല സഹകരണ ബാങ്ക് ഭരണസമിതി കോടതിയെ സമീപിച്ചത്.
ഇതിനിടയില്‍ നിയമസഭയില്‍ ജില്ല സഹകരണ ബാങ്ക് ലയനത്തെ സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷം സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുകയും ഐകകണ്ഠ്യേന ബില്ലിനെ പിന്തുണക്കുകയും ചെയ്തു. കോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ തീരുമാനമുണ്ടാകുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും തീരുമാനിച്ചു. ഹൈകോടതി ഹരജി തീര്‍പ്പാക്കിയതോടെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.